ലേഖനം: കൊറോണയും വിശ്വാസി സമൂഹവും | ജിറ്റോ ജോണ്‍ കാര്‍ത്തികപ്പള്ളി

കൊറോണ, ലോകത്താകമാനം 199 രാജ്യങ്ങളിലായി ഏകദേശം 549,070 ആളുകളെ ബാധിക്കുകയും , 24,800- ല്‍ അധികം പേരുടെ ജീവൻ കവര്‍ന്നെടുക്കുകയും ചെയതു കൊണ്ട്‌ തന്റെ പ്രയാണം തുടരുകയാണ്. ഓരോ ദിവസവും പുതിയ പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എങ്കിലും ആശ്വാസമായി നിരവധി ആളുകൾ ദിവസേന സുഖം പ്രാപിക്കുന്നു. നമ്മുടെ രാജ്യത്തും ഇതിനോടകം തന്നെ നിരവധി പേര്‍ക്ക് കൊറോണ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌ അതിൽ നമ്മുടെ കേരളവും ഉള്‍പ്പെടുന്നു.

വിശ്വാസപരമായ വിഷയങ്ങളില്‍ അതിഗൗരവകരമായ ചർച്ചകളും വാദ പ്രതിവാദങ്ങളും നടത്തി കൊണ്ടിരിക്കുന്ന വിശ്വസ സമൂഹത്തിന്റെ ഇടയിലേക്കാണ് കേരളത്തില്‍ കൊറോണ വിരുന്ന് എത്തിയത്. ആഭരണധാരണം, യേശുവിന്റെ പുനരാഗാമനം, സഭാ പീഡയില്‍ കൂടി കടന്നു പോകുമോ, ഇല്ലയോ? തുടങ്ങി ഗ്ലോറിയസ് ഗോസ്പല്‍ വരെയുള്ള വിഷയങ്ങളില്‍ കേരള വിശ്വാസ സമൂഹം ആകമാനം സോഷ്യൽ മീഡിയ ലൈവ് പ്ലാറ്റ്ഫോമിൽ കൂടിയും, അല്ലാതെയും ഉള്ള മാധ്യമങ്ങൾ വഴി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിന്ന മാസങ്ങളായിരുന്നു കടന്ന് പോയത്.
ഒരു സാധാരണ വിശ്വാസി എന്ന നിലയില്‍ പലരുടെയും മനസ്സിൽ പല തരത്തിലുള്ള സംശയങ്ങള്‍ രൂപപ്പെട്ട സമയം കൂടി ആയിരുന്നു. എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കാൻ പാടില്ല എന്ന അവസ്ഥ. അതിന്റെ ഇടയിലേക്ക് ആണ് ട്രാന്‍സ് എന്ന സിനിമാ കൂടി വന്നത്. ന്യൂ ജനറേഷന്‍ കരിസ്മാറ്റിക് വീരന്മാരെയും, അത്ഭുത രോഗശാന്തി ടീമുകളെയും കണക്കിന് പരിഹസിച്ച സിനിമ, വിശ്വസ ഗോളത്തെ ആകമാനം സമൂഹത്തിൽ പരിഹാസ പാത്രമാക്കി മാറ്റി.
ഇതിന്റെ എല്ലാം ഇടയിലേക്കാണ് ഇടി വെട്ടിയ പോലെ കോവിഡ് 19 എന്ന കൊറോണ കൂടി വന്നത്.

കൊറോണ കേരളത്തിൽ സ്ഥിതികരിച്ചതോടെ ആരാധനയ്ക്ക് നിയന്ത്രണങ്ങൾ വന്നു. സാഹചര്യം മുതലെടുത്ത് യുക്തിവാദി സംഘങ്ങളും സജീവമായി. ദൈവം തോല്‍വി സമ്മതിച്ചു ശാസ്ത്രം ജയിക്കുന്നു തുടങ്ങിയ ആശയങ്ങള്‍ ധാരാളമായി പ്രചരിക്കുകയും, നിരവധി ആളുകൾ അതിനെ അനുകൂലമായി സംസാരിക്കുന്നതും കണ്ടു. ഇങ്ങനെ ഉള്ള അവസ്ഥയില്‍ ഒരു ദൈവ ജനം എന്ന നിലയില്‍ നാം എന്താണ് ചെയ്യേണ്ടത് ? എന്താണ് നാം മറ്റുള്ളവരോട് പറയേണ്ടത്? നമുക്ക് മറ്റുള്ളവരോട് പറയാന്‍ ഒന്ന് മാത്രമേ ഉള്ളു യഹോവ ഇപ്രകാരം പറയുന്നു.
മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; (സങ്കീ 46:10). സ്വന്ത കുമാരനെ ആദരിക്കതെ നമ്മുക്ക് വേണ്ടി തകര്‍ക്കപ്പെടുവാൻ ഏല്‍പ്പിച്ച് തന്ന ഒരു ദൈവത്തിലാണ് ഞങ്ങൾ ആശ്രയിക്കുന്നത് അത് കൊണ്ട്‌ ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല. (സങ്കീ 46:2:3).
ദൈവ ജനത്തിന് ഒരു കഷ്ടതയും ഇല്ല എന്നും എപ്പോഴും സമൃദ്ധിയായിരിക്കും എന്നുള്ള പ്രസംഗങ്ങൾ കേട്ട് വളര്‍ന്നവര്‍ക്ക് ഒരുപക്ഷേ വിശ്വാസത്തില്‍ ഉറച്ച് നിൽക്കുവാൻ കഴിയാതെ പോയി വന്നു എന്ന് വരാം. എന്നാൽ യാഥാര്‍ത്ഥ്യമായി ദൈവ സ്നേഹം രുചിച്ചറിഞ്ഞവര്‍ ഉറപ്പോടെ പറയും എത്ര കഷ്ടങ്ങൾ വന്നാലും കരുതാൻ യേശു ഒപ്പമുണ്ട്. ദൈവ ജനത്തിന് കഷ്ടം ഉണ്ടെങ്കിലും അത് ദൈവത്തോട് കൂടുതൽ അടുക്കാന്‍ ഉള്ള സമയം ആണ്.

ബൈബിൾ നമ്മൾ പരിശോധിക്കമ്പോൾ ദൈവജനത്തിന് പലപ്പോഴും പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് കാണുവാന്‍ സാധിക്കും. അപ്പോഴെല്ലാം ദൈവത്തോട് പിറുപിറുക്കാതെ തെറ്റുകൾ ഏറ്റു പറഞ്ഞ്‌ ദൈവ സന്നിധിയില്‍ നിരപ്പ് പ്രാപിച്ചതിന്റെ ഫലമായി വിടുതൽ പ്രാപിച്ച ചരിത്രമാണ് നമുക്ക് മറ്റുള്ളവരോട് പറയാന്‍ ഉള്ളത്. ദിനവൃത്താന്തപ്പുസ്കത്തില്‍ യഹോവ നമ്മോട് ഇപ്രകാരം അരുളി ചെയ്യുന്നു
മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.*
2 ദിനവൃത്താന്തം 7:13-15

ലോകത്തിൽ ഇത് വരെ സംഭവിച്ചിട്ടുള്ളതും , ഇനിമേല്‍ സംഭവിക്കാനുള്ളതും എല്ലാം ദൈവിക പദ്ധതി പ്രകാരമാണ് നടക്കുന്നത് എങ്കിലും പ്രാര്‍ത്ഥിക്കുന്ന ദൈവ ജനത്തെ പരിപാലിക്കാന്‍ അവന്‍ ഇന്നും ശക്തനാണ്. ദൈവം തോറ്റത് കൊണ്ടല്ല കഷ്ടം സംഭവിക്കുന്നത്, അവ ഓരോന്നും ദൈവീക പദ്ധതികളുടെ നിവര്‍ത്തീകരണമാണ്. ആയതിനാൽ യുക്തിവാദികളുടെ ചോദ്യത്തിന്‌ മുന്നിലും, മറ്റ് സമൂഹത്തിന്റെ പരിഹാസത്തിന് മുന്നിലും നമുക്ക് ചെയ്യാൻ ഉള്ളത് ഒന്ന് മാത്രമേ ഉള്ളു മടുത്ത് പോകാതെ പ്രാര്‍ത്ഥിക്കുക.
കർത്താവേ, കേൾക്കേണമേ; കർത്താവേ, ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ടു പ്രവർത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓർത്തു താമസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.
ദാനീയേൽ 9:19

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.