ലേഖനം: പ്രയോജനമുള്ളതും ആത്മീകവർദ്ധനവും | ജോസ് പ്രകാശ്

കലത്തിനും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കർത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവർദ്ധന വരുത്തുന്നില്ല (1 കൊരിന്ത്യർ 10:23).

അപ്പോസ്തല ശ്രേഷ്ഠനായ പൗലോസ് തന്റെ ശുശ്രൂഷയിൽ പ്രയോജനമുള്ളതും ഇല്ലാത്തതും, ആത്മികവർദ്ധന വരുത്തുന്നതും വരുത്താത്തതും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞു. ഇവ തന്നെയാണ് ഈ തലമുറയിൽ ദൈവമക്കൾ സസൂക്ഷ്മം തിരിച്ചറിയേണ്ട മഹത്തായ കാര്യങ്ങൾ.

അനുദിന ജീവിതത്തിൽ അനേകം കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്. എന്നാൽ സകല കാര്യങ്ങളും പ്രയോജനം ഉളവാക്കുന്നതല്ല. അതുകൊണ്ട് പ്രയോജനമില്ലാത്ത കാര്യങ്ങളോട് അകലം പാലിക്കുന്നവരാകണം ദൈവമക്കൾ. പ്രയോജനമുള്ള കാര്യങ്ങൾക്ക് പരമപ്രാധാന്യം നൽകുകയും വേണം.

ആത്മീക വർദ്ധനവ് വരുത്താത്ത സകലകാര്യങ്ങളോടും പ്രവർത്തികളോടും വിട പറയുവാൻ നമുക്ക് ആർജ്ജവമുണ്ടാകണം. ജീവിതത്തിൽ ആത്മീക വർധനവ് ഉണ്ടാകുന്നത് ദൈവവചന വ്യവസ്തപ്രകാരം ജീവിക്കുമ്പോഴാണ്. വചനം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നതു പോലെ തന്നെ പ്രയോജനമില്ലാത്തവ നമ്മെ ദൈവത്തിൽ നിന്നും അകറ്റിക്കളയും.

ആത്മീക വിഷയങ്ങളിൽ ആഴത്തിൽ വേരൂന്നേണ്ടതിന് നാം അധികമായി പരിശ്രമിക്കണം. അപ്പോൾ തന്നെ ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളോട് പ്രാണത്യാഗത്തോളം എതിർത്ത് നില്ക്കേണം.

ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നവർ പ്രയോജനമുള്ളതും ആത്മീകവർദ്ധന ഉളവാക്കുന്നതും കണ്ടെത്തണം. മറ്റെല്ലാറ്റിനേയും ഉപേക്ഷിക്കേണം.
പ്രയോജനമുള്ളവ നമ്മെ ക്രിസ്തുവിൽ പ്രഗൽഭരാക്കും. അനാവശ്യ കാര്യങ്ങൾ ക്രിസ്തുവിലുള്ള നമ്മുടെ പ്രാഗൽഭ്യത്തെ ചോർത്തിക്കളയും.
പട ചേർത്ത നാഥനെ പ്രസാദിപ്പിക്കേണ്ട നാം വിലകുറഞ്ഞ വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും വിലപ്പെട്ട സമയം അറിയാതെ നഷ്ടമാക്കരുത്.

സാമൂഹ്യമാധ്യമങ്ങൾ (Social media) ഉപയോഗിക്കുവാൻ നമുക്ക് കർത്തവ്യം ഉണ്ട് എന്നാൽ അതിലുള്ള എല്ലാ കാര്യങ്ങളും പ്രയോജനമുള്ളവയല്ല. പ്രയോജനം ഇല്ലാത്തതിനോടും പ്രലോഭനപ്പെടുത്തുന്നവയോടും വിയോജിക്കുക. പ്രയോജനമുള്ളവയിലൂടെ പരമാവധി പരോപകാരം ചെയ്യുക. ദൈവനാമം മഹത്വപ്പെടുന്നതും ദൈവം പ്രസാദിക്കുന്നതുമായ കാര്യങ്ങൾ സൃഷ്ടിക്കുക. അപ്പോൾ തന്നെ തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

ആത്മികവർദ്ധന വരുത്തുന്ന കാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാകണമെന്നില്ല, അവ നാം ഉണ്ടാക്കിയെടുക്കണം. നാം ചെയ്യുന്ന കാര്യങ്ങൾ ദൈവനാമ മഹത്വത്തിനായി ആണെങ്കിൽ അതിലൂടെ ആത്മിക വർധന ഉണ്ടാകും. ലോകവും അതിന്റെ രൂപവും (മോഹവും) ഒഴിഞ്ഞുപോകും. നവമാധ്യമങ്ങളും ഇതിൽ ഉൾപ്പെടുന്നു. തീയതിനെ വെറുത്ത് നല്ലതിനോട് പറ്റിച്ചേർന്ന് ദൈവേഷ്ടം ചെയ്യുന്നവർ എന്നേക്കും ജീവിക്കും.

പുതിയ കണ്ടുപിടുത്തങ്ങൾ പലതും നല്ലതാണ്. എന്നാൽ എല്ലാവരും അവരവരുടെ ഇഷ്ടങ്ങളാണ് അതിലൂടെ ചെയ്യുന്നത്. അതുകൊണ്ട് പാപത്തിലേയ്ക്ക് തള്ളിവിടാനുള്ള അനേക വഴികൾ അതിലുണ്ട്. ഭൂരിപക്ഷം പേരും ഇങ്ങനെയൊക്കെ ചെയ്യുന്നവർ ആണല്ലോ എന്ന ന്യായീകരണം നിരത്തി ഏത് തിന്മയും അതുപോലെ പകർത്തുവാൻ തനിച്ചു പാർക്കുന്നവർക്ക് (വേർപെട്ടവർക്ക്) പ്രമാണം ഇല്ല.

ആകയാൽ ആഹാര കാര്യങ്ങളിൽ മാത്രമല്ല,
ആത്മീക കാര്യങ്ങളിലും വാക്കിനാലോ, പ്രവർത്തിയാലോ എന്തു ചെയ്താലും എല്ലാം ദൈവനാമ മഹത്വത്തിനായി ചെയ്യുവാനാണ് പ്രമാണം. അതെ, നാം ചെയ്യുന്നതെല്ലാം സമൂഹത്തിനു പ്രയോജനമുള്ളതും, ആത്മികവർദ്ധന വരുത്തുന്നതും, ദൈവത്തിനു മഹത്വം ലഭിക്കുന്നതുമായിരിക്കണം.

നാം ഉപയോഗിക്കുന്ന നവമാധ്യമങ്ങളും, വെബ്സൈറ്റും, ബ്ലോഗുകളും ഒക്കെ നിലനിൽക്കുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കാം. പ്രയോജനമില്ലാത്ത സകലത്തെയും നീക്കിക്കളയുക. ആത്മികവർദ്ധന വരുത്തുന്നതും ദൈവം പ്രസാദിക്കുന്നതുമായവ ധാരാളം ഉൾപ്പെടുത്തുക. അല്പപ്രയോജനമുള്ളവയ്ക്ക് വേണ്ടി ശരീരത്തെ അഭ്യസിപ്പിക്കാതെ നിലനിൽക്കുന്നതും വരുവാനിരിക്കുന്നതുമായ ജീവിതത്തെ മുൻകണ്ട് പ്രവർത്തിക്കാം.

നമ്മുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടേണ്ടതിന് സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിക്കാം.
സകലവിധ ദോഷവും വിട്ടകലാം. ഈ ദുഷ്കാലത്തിൽ സമയം ജ്ഞാനത്തോടെ ഉപയോഗിച്ചുകൊണ്ട് പ്രയോജനമുള്ള കാര്യങ്ങളിലൂടെ നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താം.

ക്രിസ്തുവിൽ,
ജോസ് പ്രകാശ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.