ലേഖനം: ഈ സമയവും കടന്നു പോകും | ഡോ. അജു തോമസ്, സലാല

രിക്കൽ അക്ബർ ചക്രവർത്തി തന്റെ രാജസദസ്സിലെ പ്രമുഖനായിരുന്ന ബീർബലിനോട് ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം ഇപ്രകാരം ആയിരുന്നു.സന്തോഷ സമയത്തു ദുഖിപ്പിക്കുന്നതും ദുഃഖ സമയത്തു സന്തോഷിപ്പിക്കുന്നതുമായ ഒരു കാര്യം എഴുതാമോ? കുറച്ചൊന്നു ആലോചിച്ച ശേഷം ബീർബൽ എഴുതി: “ഈ സമയവും കടന്നു പോകും”.ആലോചിച്ചു നോക്കിയാൽ എത്ര അർത്ഥവത്തായ വാചകമാണ് ഇത്.

സന്തോഷ സമയത്തു ഈ വാചകം വായിക്കുമ്പോൾ സന്തോഷ കാലം വേഗം കഴിഞ്ഞു പോകുമെല്ലോ എന്നോർത്ത് ദുഃഖം വരിക സ്വാഭാവികം. അതെ പോലെ,ദുഃഖകാലത്തു ഈ വാചകം വായിക്കുമ്പോൾ ആ കാലവും കഴിഞ്ഞു പോകുമെല്ലോ എന്നോർത്ത് സന്തോഷിക്കുന്നതും സ്വാഭാവികം തന്നെ.അതീവ ബുദ്ധിമാനായ ബീർബലിന്റെ ഉത്തരം എല്ലാ കാലത്തും ഒരേ പോലെ പ്രസക്തം തന്നെയാണ്. കാരണം,സുഖ ദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ വിശദീകരണമാണ്‌ ബീർബലിന്റെ ആ ഉത്തരത്തിൽ ഉള്ളത്.

മഹാമാരികൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ തുടങ്ങിയവ ഈ ലോകത്തു ഉണ്ടാകുമ്പോൾ അവയുടെ ആഘാതത്താൽ മനുഷ്യർ മനസ്സ് മരവിച്ചവരായി തീരാറുണ്ട്. ഒട്ടനവധി വ്യക്തികൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങാറുണ്ട്.സഹജീവികളെ രക്ഷിക്കേണ്ടതിനു തങ്ങളാൽ കഴിയാവുന്ന വിധത്തിൽ അക്ഷീണം പരിശ്രമിക്കാറുണ്ട്. ഇതിനിടയിൽ, ഈ കഷ്ടം എന്ന് കഴിഞ്ഞു പോകും എന്ന ചോദ്യം പലരുടെയും മനസ്സിൽ ഉയർന്നു വരാറുണ്ട്. ദൈവാശ്രയത്തോടെ കൂടെ പ്രതിസന്ധികളെ നേരിടുക. ഈ കാലം കടന്നു പോകും, പ്രത്യാശയുടെ കിരണങ്ങൾ കാണാൻ കഴിയും എന്ന് ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതൽ വിശ്വസിക്കണം.

എന്നാൽ ദുഃഖകാലം കടന്നു പോയി കഴിഞ്ഞു സന്തോഷകാലം വരുമ്പോൾ ദൈവത്തെ മറന്നു ജീവിക്കരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. തന്നിൽ തന്നെ ആശ്രയിച്ചു കൊണ്ട് ദൈവത്തിൽ നിന്ന് അകന്നു പോകുവാൻ ഇടവരരുത്.കാരണം, സന്തോഷ കാലം മാറി മറ്റൊരു കാലം വരാൻ സാധ്യതയുണ്ട് എന്ന് മുൻപുണ്ടായിരുന്ന ദുഃഖകാലം തെളിയിക്കുന്നു. സഭാ തലത്തിൽ,കുടുംബ തലത്തിൽ, വ്യക്തി തലത്തിൽ നാമമാത്രമായ ഒരു ദൈവീക ബന്ധമല്ല ദൈവം ദൈവജനത്തിൽ നിന്ന് ആഗ്രഹിക്കുന്നത്, പകരം പൂർണമായും ദൈവത്തിൽ സമർപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് ദൈവം ദൈവമക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സഭാതലത്തിലും വ്യക്തിതലത്തിലും ഉള്ള നമ്മുടെ വാക്കുകളും പ്രവർത്തികളും അങ്ങനെ ഒരു സമർപ്പണത്തിൽ ആണോ നാം ഉള്ളത് എന്ന് വെളിപ്പെടുത്തും.ഞാൻ എന്ന ഭാവവും തന്നെ കൊണ്ട് എന്തും ചെയ്യാൻ കഴിയും എന്ന ചിന്തയും നമ്മിൽ ഉണ്ടെങ്കിൽ ദൈവീക സമർപ്പണത്തിൽ നാം എത്തിയിട്ടില്ല എന്ന് അർത്ഥമാക്കാം.

സന്തോഷകാലത്തും ദൈവത്തോട് നമ്മൾ അടുത്ത് ചെല്ലേണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ദൈവത്തോട് അടുത്ത് ചെന്നാൽ ദൈവവും നമ്മോടു അടുത്ത് വരും.സന്തോഷകാലം മാറി ദുഃഖകാലം വന്നാലും ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ, ദൈവാശ്രയത്തിൽ ആയിരിക്കുന്നുവെങ്കിൽ, എല്ലാം നന്മയ്ക്കാക്കി തീർപ്പാൻ ദൈവത്തിനു കഴിയും.സന്തോഷകാലത്തിലും കണ്ണുനീർ നേരത്തിലും ദൈവം മാത്രം മതി എന്ന് കരുതുവാൻ കഴിയുന്നുവെങ്കിൽ അതുപോലൊരു ഭാഗ്യാവസ്ഥ വേറെയില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.