ലേഖനം: ദൈവമക്കളും കൊറോണാകാലവും | ജെറിൻ ജോ ജെയിംസ്

ലോകവ്യാപകമായി ഇന്ന് ഏവരെയും ഭീതിയുടെ നിഴലിലാഴ്ത്തിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളാണ് അലയടിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ചു ലോകം മുഴുവൻ പടർന്നു നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ്-19, കിഴക്കൻ ആഫ്രിക്കയിൽ രൂക്ഷ ക്ഷാമം വിതച്ചുകൊണ്ടിരിക്കുന്ന വെട്ടുക്കിളി ശല്യം, പക്ഷിപ്പനി തുടങ്ങിയത് അവയിൽ എടുത്തു പറയേണ്ടതാണ്. ലോകത്തിന്റെ ഏതു കോണിൽ പോയാലും രക്ഷ നേടാൻ പറ്റാതെ ജനം എല്ലാം വലഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവയെല്ലാം വിളിച്ചറിയിക്കുന്ന ഒരു ആത്മീയ സത്യമുണ്ട് പ്രിയദൈവമക്കളെ, നമ്മുടെ കർത്താവാപ്പച്ചന്റെ രണ്ടാം ആഗമനം വാതിൽക്കലായിരിക്കുകയാണ്. അതുകൊണ്ടാണ്, ഭക്തൻ പാടിയ പോലെ “ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം, കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം” എന്ന വരികളെ അന്വർത്ഥമാക്കുന്ന രീതിയിൽ നാം ഏവരും ഈ പ്രതിസന്ധികളെ വളരെ പോസിറ്റീവായി കണ്ടു കൊണ്ട് ജീവിക്കുന്നത്.

കോവിഡ്-19 എന്ന പകർച്ചവ്യാധി ലോകത്തെ ആകമാനം പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുമ്പോൾ, അതിന്റെ അലയടികൾ നമ്മെ ഓരോരുത്തരെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചുകൊണ്ടിരിക്കുന്നു. വ്യക്തി ശുചിത്വം എന്ന വിഷയത്തെക്കുറിച്ചു ബൈബിളിൽ വിവിധ പുസ്തകങ്ങളിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ അവസരത്തിൽ മാത്രമല്ല, ഇനിയും തുടർന്ന് മുൻപോട്ട്, കർത്താവിന്റെ വരവിനു താമസമെങ്കിൽ നാമും വ്യക്തി ശുചിത്വത്തിനു വളരെ പ്രാധാന്യം കല്പിക്കേണ്ടതുണ്ട്. ആഹാരത്തിനു മുൻപും പിൻപും കൈകഴുകുന്നത്, ദിവസവും ശരീര ശുദ്ധി വരുത്തുന്നത്, വൃത്തിയുള്ള ചുറ്റുപാടുകൾ നിലനിർത്തുന്നത് , നഖം വെട്ടുന്നത് തുടങ്ങിയ കാര്യങ്ങളിൽ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പലപ്പോഴും നാം കണ്ണാടിക്കു മുൻപിൽ മുഖവും മുടിയും മിനുക്കുവാൻ അധിക നേരം ചെലവഴിക്കും പക്ഷെ കൈകൾ കഴുകുവാനോ, പുറത്തു പോയിട്ട് തിരികെ വന്നതിനു ശേഷം മുഖവും , കൈകളും കാലുകളും കഴുകുവാനും അത്രെയും നേരം നാം സമയം ചെലവാക്കുന്നുണ്ടോ എന്നും സ്വയം ശോധന ചെയ്‌തു ഈ പകർച്ച വ്യാധിയിൽ നിന്നും നമുക്ക് പാഠങ്ങളെ നല്ല നാളേക്കായി ഉൾക്കൊള്ളാം.

പലപ്പോഴും ഇത്തരം വാർത്തകൾ നാം കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഭയം തട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. “എനിക്കു കൊറോണ പിടിക്കുമോ?”, “എനിക്ക് കൊറോണ ഉണ്ടോ?” ഇങ്ങനെ പല ചോദ്യങ്ങൾ ഈ ദിവസങ്ങളിൽ നമ്മുടെ ഉള്ളിലേക്ക് കടന്നു വന്നിട്ടില്ലേ? ദൈവമക്കളായ നാം ഓരോരുത്തരും ഭീതിപ്പെടേണ്ടതില്ല. മിസ്രയിമിൽ ബാധകൾ ഉണ്ടായപ്പോൾ കട്ടിളക്കാലിന്മേലും കുറുമ്പടിമേലും കുഞ്ഞാടിന്റെ രക്തം പുരട്ടിയ യിസ്രായേൽ മക്കളുടെ ഭവനങ്ങളിൽ ഒന്നിനേപ്പോലും സംഹാരകൻ തൊടാതെ, നോട്ടം വയ്ക്കാതെ അവയെ കടന്നു പോയി. യേശുവിന്റെ രക്തത്താൽ മുദ്രയിടപ്പെട്ട നാം ഓരോരുത്തരും അവന്റെ കരങ്ങളിൽ സുരക്ഷിതരാണ്. സങ്കീർത്തനം അദ്ധ്യായം 91 ഒരു അവിശ്വാസിക്ക് പേടിസ്വപ്നമായി തോന്നാമെങ്കിലും, നമുക്കോരോരുത്തർക്കും അത് അത്യുന്നതന്റെ തണലാണ്. സങ്കീർത്തനം 91:10-ൽ കാണുന്ന പ്രകാരം – “ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല, ഒരു ബാധയും നിന്റെ കൂടാരത്തിനു അടുക്കുകയില്ല.” ഇനിയും ഈ വൈറസ് ബാധ നമ്മിലൊരാൾക്കു പിടിപ്പെട്ടു എന്നിരിക്കട്ടെ. അതിനും ഭയപ്പെടേണ്ട അതിനുള്ള പ്രതിവിധിയും കർത്താവ് നോക്കിക്കൊള്ളും. ദൈവ ഹിതത്തിനായി നമുക്ക് ഏല്പിച്ചു നൽകാം. പൗലോസ് ഫിലിപ്പിയർ 1:21-ൽ പറയുന്നതു പോലെ “എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”. ഈ ലോകത്തിന്റെ മുൻപോട്ടുള്ള ചാപല്യങ്ങളിൽ അധികം അകപ്പെട്ടു പോകാതെ സ്വർഗ്ഗ ഗേഹേ എത്തുന്നത് എത്ര അത്യുത്തമം.

കോവിഡ്-19 പോലെയുള്ള പകർച്ച വ്യാധികൾ വരുമ്പോൾ ദൈവമക്കളായ നമുക്ക് എന്തൊക്കെ ചെയ്യാം? നമുക്ക് ഈ ലോകത്തിനു വേണ്ടി ഇടുവിൽ നിന്നു പ്രാർത്ഥിക്കാം. പരസ്പരം തിരിച്ചറിയുന്നില്ലെങ്കിലും ഈ പ്രതിസന്ധി മൂലം രോഗാവസ്ഥയിലായിരിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അല്ലെങ്കിൽ ഈ ഭുവനം വെടിഞ്ഞ ആയിരക്കണക്കിന് ആളുകൾ നമ്മുടെ സഹോദരങ്ങളാണ്. രോഗാവസ്ഥയിലായിരിക്കുന്ന, ഭീതിയിലാഴ്ന്നിരിക്കുന്ന അനേകർക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ സ്വന്ത മിത്രങ്ങളെന്ന പോലെ അവർക്കു വേണ്ടി ഇടുവിൽ നിന്ന് പ്രാർത്ഥിക്കാം. ഇത്തരം മഹാ പ്രതിസന്ധികളിൽ ശാസ്ത്രത്തിനും , പണത്തിനും മറ്റു യാതൊന്നിനും ആ രോഗങ്ങളിന്മേൻ ആധിപത്യം ഇല്ലെന്നും, രക്ഷിതാവായ ക്രിസ്തു യേശുവിന്റെ രക്തം മാത്രമാണ് ആശ്രയം എന്നും ലോക നേതാക്കൾ മനസിലാക്കേണ്ടതിനും ലോക ജനത അറിയുവാനും അവരുടെ ഹൃദയങ്ങളെ തുറക്കാനായി നമുക്ക് പ്രാർത്ഥിക്കാം. അതിനു വ്യക്തമായ ഉദാഹരണമാണ് അമേരിക്കൻ പ്രസിഡന്റ് മിസ്റ്റർ. ഡൊണാൾഡ് ട്രംപും നേതാക്കളും മാർച്ച് 15 ഞായറാഴ്ച ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചത്. സമയോചിതമായി കേരള സർക്കാരിനോട് ചേർന്ന് കേരള സ്റ്റേറ്റ് പി.വൈ.പി.എ നടത്തുന്ന ഫുഡ് കിറ്റ് വിതരണവും , “ബ്രേക്ക് ദി ചെയിൻ” പോലെയുള്ള ക്യാമ്പയിനുകളിലെ സാന്നിധ്യവും വളരെ പ്രശംസയനീയവും മാതൃകാപരവും ആണ്. ഏതു തരം വൈറസിനെതിരെയും ഉള്ള പ്രതിരോധം നമ്മുടെ കർത്താവിലൂടെ മാത്രമേ സാധിക്കുകയുള്ളു. സകലവും അവനിൽ ഏല്പിച്ചു കൊടുത്താൽ, ശാസ്ത്രലോകം ഭീതിയോടു കൂടി പകച്ചു നിൽക്കുമ്പോൾ നമ്മുടെ കർത്താവ് ഈ വ്യാധിയിന്മേൽ നിയന്ത്രണം ഏറ്റെടുക്കും.

പുറത്തേക്കു ആവശ്യമില്ലാതെ ഇറങ്ങുക, കൂട്ടം കൂടുക തുടങ്ങിയവ വിവിധ ഇടങ്ങളിലെ ഗവണ്മെന്റുകൾ തടഞ്ഞിട്ടുണ്ടല്ലോ. വചനം പറയുന്നത് പോലെ നാം നല്ല കാര്യങ്ങൾക്കായി അധികാരികൾക്ക് കീഴടങ്ങിയിരിക്കണം. ഒരു സമൂഹ നന്മയ്ക്കു വേണ്ടി കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിനു വേണ്ടി ഇടദിവസ പ്രാർത്ഥനാ കൂട്ടങ്ങളും , ഞായറാഴ്ച ആരാധനയും ഇപ്പോൾ താത്കാലികമായി നിർത്തലാക്കിയിരിക്കുകയാണല്ലോ. ആയതിനാൽ നമുക്ക് അവരവരുടെ ഭവനങ്ങളിൽ ഇരുന്നു ഈ വിഷയങ്ങൾക്കായി പ്രാർത്ഥിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന ഈ സമയങ്ങൾ തക്കത്തിൽ ഉപയോഗിക്കാം. ദൈവസന്നിധിയിൽ കർത്താവുമായുള്ള അഭേദ്യ ബന്ധത്തിനു മൂർച്ച കൂട്ടുവാനുള്ള ഇങ്ങനെയുള്ള ഒരു അവസരം ഒരു പക്ഷെ ഇനിയും നമുക്ക് ലഭിച്ചേക്കും എന്നതിനു ഉറപ്പില്ല. ഞാൻ ഉൾപ്പെട്ടു നിൽക്കുന്ന സഭയടക്കം അനേക സഭകളിലും ഇതിനകം തന്നെ ചെയിൻ പ്രയറുകൾ ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് തികച്ചും പ്രശംസനീയം ആണ്. വിവര സാങ്കേതിക വിദ്യയിൽ വളരെയധികം ലോകമെമ്പാടും മുന്നേറിക്കഴിഞ്ഞിരിക്കുന്നു. വീഡിയോ കോളിങ് മാധ്യമങ്ങൾ ഉൾപ്പെടുത്തി ഞായറാഴ്ച ഒരു കോൺഫെറെൻസിങ് രീതിയിലുള്ള ആരാധന നമുക്ക് അവലംബിക്കുന്നത് വളരെ അനുഗ്രഹമായിരിക്കും എന്ന് വിശ്വസിക്കുന്നു. ദേശത്തു വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന ഈ പകർച്ച വ്യാധിക്ക് ഞാനും നീയും കാരണമാണെന്ന ചിന്തയോടുകൂടെ ഈ ജനത്തിന് വേണ്ടി, നമ്മുടെ സഭയ്ക്കു വേണ്ടി , കുടുംബത്തിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

യിരെമ്യാവ്‌ 19:15 ൽ “യഹോവയുടെ വചനങ്ങളെ കേൾക്കാതെ ശാഠ്യം പിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന അനർത്ഥമൊക്കെയും അതിനും അതിനടുത്തുള്ള എല്ലാ പട്ടണങ്ങൾക്കും വരുത്തും എന്ന് പറഞ്ഞു” എന്ന് നാം കാണുന്നു. എന്നാൽ അബ്രാഹാം തന്റെ സഹോദര പുത്രനു വേണ്ടി ഇടുവിൽ നിന്നു കൊണ്ട് ദൈവത്തോട് അവകാശം വച്ചു ലോത്തിനു വേണ്ടി ഇടുവിൽ നിന്നതു പോലെ നമ്മെ ആക്കി വച്ചിരിക്കുന്ന ഈ ദേശത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ഏവരുടെയും ഹൃദയങ്ങളെ ധൈര്യപ്പെടുത്തുവാനും വിശ്വാസത്തിന്റെ അളവ് വർധിക്കുവാനായും പ്രശസ്ത ക്രിസ്‌തീയ സംഗീതജ്ഞനായ ആർ. എസ്. വിജയരാജ് രചിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഗാനമായ “ആന്റി-വൈറസ്:2020” ന്റെ വരികൾ ഇവിടെ ഉദ്ധരിക്കട്ടെ-

“യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര
1. മറഞ്ഞു വരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല
2. രോഗഭയം, മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങീടട്ടെ
3. അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല
4. സ്വർഗീയ സേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട്
5. വാഴ്ത്തുക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ”
ഈ ഗാനം രചിച്ചു കുടുംബമായി പാടി നമ്മെ ഓരോരുത്തരെയും ധൈര്യപ്പെടുത്തിയ ക്രിസ്തുവിൽ പ്രിയ ദൈവദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. നമുക്കോരോരുത്തർക്കും നമ്മുടെ സർവാധികാരിയുടെ കരുതൽ ഉണ്ട്. സെഖര്യാവ് 2:5 ൽ പറയുന്നതു പോലെ “ഞാൻ അതിനു ചുറ്റും തീ മതിലായിരിക്കും”. കർത്താവു നമ്മുടെ തീ മതിലായിരിക്കുമ്പോൾ യാതൊരു ക്ഷുദ്ര ജീവികളും പകർച്ച വ്യാധികളും ആ തീയോടടുക്കുകയില്ല. യെശയ്യാവ്‌ 26:20 ൽ പറയുന്ന പോലെ “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്കുക; ക്രോധം കടന്നു പോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്കുക”.

അതെ പ്രിയ ദൈവമക്കളെ, ഈ വചനം പറയുന്നതു പോലെ യഹോവ ഭൂവാസികളെ അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കുവാൻ വരുമ്പോൾ, ആ ക്രോധം കടന്നു പോകുന്നതു വരെ പ്രാർത്ഥനായാലും ഉപവാസത്താലും, മറ്റുള്ളവരെ കുറ്റം വിധിക്കാതെ, നമ്മുടെ തെറ്റുകളെ മനസ്സിലാക്കിക്കൊണ്ട്, അവയെ എറ്റു പറഞ്ഞുകൊണ്ട് ഈ ലോകത്തിന്റെ വിടുതലിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാം, യാചിക്കാം, കരയാം. കർത്താവ് ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.

ജെറിൻ ജോ ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.