ശുഭദിന സന്ദേശം : പ്രയത്നവും പ്രതിഫലവും | ഡോ.സാബു പോൾ

”…എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം?”(സഭാ. 2:18,19).

വേഷപ്രഛന്നനായി നാടുകാണാനിറങ്ങിയതായിരുന്നു രാജാവ്.
ഒരു വയോവൃദ്ധൻ എന്തോ ചെയ്യുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു….

“അല്ലയോ പിതാവേ, താങ്കൾ എന്താണ് ചെയ്യുന്നത്?”

”ഞാൻ ഒരു തേൻമാവിൻ്റെ വിത്ത് കുഴിച്ചിടുകയാണ്.”

”അത് വളർന്ന് ഫലം തരാൻ വർഷങ്ങൾ എടുക്കില്ലേ? അതുവരെ താങ്കൾ ജീവിച്ചിരിക്കുമോ? താങ്കളുടെ പ്രയത്നത്തിന് പ്രതിഫലം കിട്ടുകയില്ലല്ലോ…..”

“ഇത് എനിക്കു വേണ്ടിയല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. എൻ്റെ മുൻ തലമുറയുടെ അദ്ധ്വാനഫലമാണ് ഞാൻ അനുഭവിച്ചത്…”

വൃദ്ധൻ്റെ മറുപടിയിൽ തൃപ്തനായ രാജാവ് അദ്ദേഹത്തിനൊരു പണക്കിഴി സമ്മാനിച്ചു!

“നോക്കൂ! എൻ്റെ പ്രയത്നത്തിന് ഇപ്പോഴേ പ്രതിഫലം കിട്ടിക്കഴിഞ്ഞു…!”

സന്തോഷത്തോടെ വൃദ്ധൻ പറഞ്ഞു…

ശലോമോൻ രാജാവ് തൻ്റെ യൗവ്വനകാലത്ത് ദൈവവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ആ സമയത്താണ് നിഷ്കളങ്ക പ്രണയത്തിൻ്റെ ചാരുത ചോർന്നു പോകാത്ത ‘ഉത്തമ ഗീതം’ വിരചിതമായത്.

ധനവും മാനവും പ്രതാപവും വർദ്ധിച്ചപ്പോൾ ദൈവത്തെക്കാൾ തൻ്റെ ജ്ഞാനത്തിൽ രസിക്കുകയും അഭിമാനിക്കുകയും ചെയ്ത ശലോമോൻ മധ്യവയസ്സിലാണത്രേ ‘സദൃശ്യവാക്യങ്ങൾ’ സമാഹരിച്ചത്.

ജീവിതത്തിൻ്റെ സായാഹ്നമായപ്പോഴേക്കും ഭാര്യമാരാൽ വശീകരിക്കപ്പെട്ട് അന്യദൈവങ്ങളുടെ മുമ്പിൽ മുട്ടുമടക്കിയവൻ ‘സഭാപ്രസംഗി’ രചിക്കുമ്പോൾ മുമ്പു പറഞ്ഞിരുന്ന പലതിനും വിപരീതമായി സംസാരിക്കുകയും എല്ലാം ‘മായ’യായിരുന്നെന്ന ദയനീയരോദനം മുഴക്കുകയും ചെയ്യുന്നു.

അത്തരം ഒരാശയക്കുഴപ്പത്തിൻ്റെ ചിന്തയാണ് ഇന്നത്തെ വാക്യം. താൻ എന്തൊക്കെ സമ്പാദിച്ചാലും പിന്നാലെ വരുന്നവൻ ഭോഷനാണെങ്കിൽ എല്ലാം നശിപ്പിക്കില്ലേ എന്ന സങ്കടമാണിവിടെ….

❓ശലോമോനോട് ചില ചോദ്യങ്ങൾ…
▪️താങ്കളുടെ പിതാവായ ദാവീദ് ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെ പറയാൻ താങ്കൾ സിംഹാസനത്തിൽ ഉണ്ടാകുമായിരുന്നോ…?
▪️ദാവീദ് ചുറ്റുമുള്ള രാജ്യങ്ങളെ പരാജയപ്പെടുത്തി ദേശത്തിന് സമാധാനം നൽകി. ആത്മീയതയെ മുന്നിൽ നിന്നു നയിച്ചു. ദൈവാലയത്തിനു വേണ്ടതെല്ലാം ക്രമീകരിച്ചു വെച്ചു. തൻ്റെ അനന്തരാവകാശിയുടെ സ്ഥിരതക്കു വേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു പോന്നു. താങ്കൾ വരും തലമുറയ്ക്കായി എന്തു ചെയ്തു….?
▪️സ്വന്തം പ്രശസ്തിയെക്കുറിച്ചല്ലാതെ ദൈവജനത്തെക്കുറിച്ചോ, രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചോ താങ്കൾ ചിന്തിച്ചോ….?

❓ഇന്നത്തെ ആത്മീയ നേതൃത്വങ്ങളോടും വിനയപുരസ്സരം ചോദിക്കട്ടെ……
▪️സ്വന്തം കസേര അവസാന നിമിഷം വരെ സംരക്ഷിക്കണമെന്നും പറ്റിയാൽ അതിനു മുകളിലുള്ള കസേര അവകാശമാക്കണമെന്നുമുള്ള ലക്ഷ്യം മാത്രമാണോ മുന്നിലുള്ളത്….?
▪️ഇന്ന് ദൈവം ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്ന പ്രസ്ഥാനം അനുസ്യൂതം വളരണമെന്നാഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടോ…..?
▪️അത്തരം വളർച്ചയ്ക്ക് ദൈവഹിതപ്രകാരമുള്ള നേതൃത്വം വരണമെന്നും അങ്ങനെയുള്ളവരെ വളർത്തിക്കൊണ്ടുവരണമെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടോ….?

❓ദൈവജനത്തോടും ചില ചോദ്യങ്ങൾ….
▪️എൻ്റെ ആത്മീയതയും തീക്ഷ്ണതയും തലമുറകൾക്കുണ്ടാകണമെന്നും, കർത്താവിൻ്റെ വരവ് താമസിച്ചാൽ ദൈവസഭ അനുഗ്രഹമായി വളരണമെന്നും ആഗ്രഹിക്കുന്നുണ്ടോ….? പ്രാർത്ഥിക്കുന്നുണ്ടോ….?
▪️മക്കളോട് പങ്കുവെയ്ക്കാനുള്ളത് പരാജയത്തിൻ്റെ പരിദേവനങ്ങളോ അതോ ദൈവീക വിശ്വസ്തതയുടെ വിജയഗാഥയോ…..?

⁉️ എല്ലാവരോടുമായി ഒരേ ഒരു ചോദ്യം…

മറ്റുള്ളവരെക്കുറിച്ചും തലമുറയെക്കുറിച്ചും ചിന്തയുണ്ടെങ്കിൽ കോവിഡ് -19 പകരാതിരിക്കാൻ അൽപ്പം ത്യാഗം സഹിച്ച് ഭവനത്തിൽ ഒതുങ്ങാൻ പാടില്ലേ….?
കുറച്ചു ദിവസത്തേക്ക്…

പ്രിയമുള്ളവരേ,
ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം തന്ന ദൈവത്തിന് നന്ദി പറയുകയും നന്മകളുടെയും നടത്തിപ്പിൻ്റെയും സ്മരണകൾ കൃതജ്ഞതാപൂർവം തലമുറകളിലേക്ക് പകരുകയും ചെയ്യാം….

കോവിഡിൻ്റെ ചങ്ങലകൾ ഭേദിക്കാം…
വെറുപ്പിൻ്റെ കണ്ണികൾ തകർക്കാം…..
ദൈവസ്നേഹത്തിൻ്റേയും പ്രാർത്ഥനയുടേയും ചങ്ങലകൾ വിളക്കിച്ചേർക്കാം…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.