ലേഖനം: രൂത്ത് – ഒരു മാതൃക | ജൂലിയ ജെറിന്‍ ജെയിംസ്‌

ശൂന്യതയിൽ തുടങ്ങി നിറവിലേക്ക് ദൈവം നടത്തിയ നൊവൊമിയുടെയും രൂത്തിന്റെയും കഥ പറയുന്ന പുസ്തകമാണ് രൂത്തിന്റെത്. അപ്പത്തിന്റെ ഭവനമായ ബേത്ത്ലെഹെമിൽനിന്ന് മോവാബിലേക്ക് പോയി അവിടെവച്ചുണ്ടായ ഭർത്താവിന്റെയും മക്കളുടെയും വിയോഗം നൊവോമിയെയും രൂത്തിനെയും ഓർപ്പയെയും വിധവകൾ ആക്കിത്തീർത്തു. ആ വിയോഗം അമ്മാവിയമ്മയെയും മരുമക്കളെയും വല്ലാതെ തളർത്തി. ‘ആനന്ദം’ എന്നർത്ഥം വരുന്ന നൊവൊമി എന്ന പേരിൽ നിന്നു ‘ദുഃഖം’ എന്നർത്ഥം ഉള്ള മാറാ എന്ന് നൊവൊമി തന്നെത്തന്നെ വിളിച്ചു. മഹ്ലോന്റെയും കില്ല്യോന്റെയും മരണത്തിനു ശേഷം മരുമക്കളായ ഓർപ്പയോടും രൂത്തിനോടും അവരവരുടെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ നൊവൊമി ആഹ്വാനം ചെയ്തു. ഓർപ്പ തന്റെ പിതൃഭവനത്തിലേക്കും തന്റെ ദേവന്മാരുടെ അടുക്കലേക്കും മടങ്ങിപ്പോകുവാൻ തീരുമാനമെടുത്തു. എന്നാൽ രുത്തോ തന്റെ അമ്മാവിയമ്മയോട് ചേർന്ന് നിൽക്കുവാനും യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു മുൻപോട്ട് പോകുവാനും തീരുമാനം എടുത്തു. രൂത്തിന്റെ വാചകങ്ങൾ നമുക്ക് സുപരിചിതമാണല്ലോ.
“അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു. (രൂത്ത് 1: 16 ,17).”
രൂത്തിന്റെയും നൊവൊമിയുടെയും ബേത്ലെഹെമിലേക്കുള്ള മടങ്ങിപ്പോക്കും യഹോവയായ ദൈവത്തിന്റെ കരുതലുമാണ് രൂത്തിന്റെ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നത്.

രൂത്തിനെ നമുക്ക് ഒരു മാതൃകയാക്കാൻ കഴിയും. ഒരു ഉത്തമ സ്ത്രീയുടെ എല്ലാ ഗുണഗണങ്ങളും രൂത്തിലൂടെ നമുക്ക് കാണാൻ സാധിക്കും. പ്രതികൂലങ്ങളിലും അനിശ്ചിതത്തിലും തന്റെ പിതൃഭവനത്തിലേക്ക് മടങ്ങാതെ നൊവൊമിയോട് പറ്റിനിന്ന് ഒരുത്തമ ഉദാഹരണമായി രൂത്ത് മാറി. തന്റെ ഭർതൃവിയോഗവും അതേതുടർന്നുണ്ടായ പ്രതികൂലങ്ങളും തികച്ചും വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുവാൻ രൂത്തിനു പ്രേരകമായിരുന്നു. എന്നാൽ യഹോവയായ ദൈവത്തെയും നൊവൊമിയെയും വിട്ട് തനിക്ക് സുഖ സൗകര്യങ്ങൾ വേണ്ടെന്ന് രൂത്ത് തീരുമാനിക്കുവാൻ ഇടയായി. ഒരു ജ്ഞാനമുള്ള സ്ത്രീ എന്നു രൂത്തിനെ നമുക്ക് വിശേഷിപ്പിക്കുവാൻ സാധിക്കും. തികച്ചും സമയോചിതമായ തീരുമാനങ്ങൾ താൻ എടുക്കുന്നത് വേദപുസ്‌തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും.

രൂത്തിലൂടെ സ്നേഹം, ദൈവവിശ്വാസം, വിശ്വസ്തത, ത്യാഗം, ജീവിത സാക്ഷ്യം, അനുസരണം, അദ്ധ്വാനശീലം, ദയ, ബഹുമാനം, സമഗ്രത, സഹിഷ്ണത ഇവയെല്ലാം നമുക്ക് കാണാൻ കഴിയും. സദൃശ്യവാക്യങ്ങൾ അദ്ധ്യായം 31-ൽ കാണുന്ന ഉത്തമ സ്ത്രീയുടെ ഗുണഗണങ്ങൾ രുത്തിലും നമുക്ക് കാണുവാൻ സാധിക്കും. സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും ഉത്തമ ഉദാഹരണമാണ് രൂത്ത്. തന്റെ ഭർതൃവിയോഗത്തിനു ശേഷവും നൊവൊമിയെ സ്നേഹിച്ചു അവളോട് പറ്റി നിൽക്കുവാൻ രൂത്ത് മടി കാണിച്ചില്ല. തനിക്ക്‌ വേണമെങ്കിൽ മറ്റൊരു ജീവിതം തിരഞ്ഞെടുക്കാമായിരുന്നു. അത് മാത്രമല്ല നൊവൊമി പറഞ്ഞതനുസരിച്ച്‌ ഓരോ കാര്യങ്ങൾ ചെയ്യുവാനും രൂത്ത് മടിച്ചില്ല. അനുസരണയുള്ള ഒരു മരുമകളായി രൂത്ത് നൊവൊമിയോടൊപ്പം പാർത്തുപോന്നു. ഇതിലെല്ലാം ഉപരി, യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയവും വിശ്വാസവും മുറുകെ പിടിക്കുവാൻ രൂത്ത് മറന്നില്ല. “സുഹൃത്ത്” എന്ന് അർത്ഥാൽ പേരുള്ള രൂത്ത് തന്റെ സങ്കടത്തിലും നൊവൊമിക്ക് ഒരു ആശ്വാസവും തണലുമായി മാറി മാത്രമല്ല നൊവൊമിയുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധചെലുത്തുകയും ചെയ്തു.

ഒരനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ആ പട്ടണത്തിൽ രൂത്തിനുണ്ടായിരുന്നു. രൂത്ത് 3:11-ൽ “നീ ഉത്തമ സ്ത്രീ എന്ന് എന്റെ ജനമായ പട്ടണക്കാർക്കെല്ലാം അറിയാം.” രൂത്തിനെക്കുറിച്ചു ബോവാസ് പറഞ്ഞ സാക്ഷ്യമാണിത്. രൂത്തിന്റെ ഈ സാക്ഷ്യം നമുക്കും ജീവിതത്തിൽ പാഠമാക്കാം. മറ്റുള്ളവർ നമ്മെക്കുറിച്ചു എന്ത് സാക്ഷ്യം പറയും? ഈ അവസരത്തിൽ നമുക്കൊന്ന് ചിന്തിച്ചു നോക്കാം. നമ്മുടെ സമൂഹത്തിൽ, ദൈവം നമ്മെ ആക്കിയിരിക്കുന്നിടത്ത് ഒരു മാതൃകാപരമായ ജീവിതം നയിക്കാൻ നമുക്ക് ശ്രമിക്കാം. രൂത്തിനുള്ള സ്വഭാവ സവിശേഷതകൾ അവളെ ആ പട്ടണത്തിൽ ഉയർത്തി. തന്റെ അമ്മാവിയമ്മക്ക് താൻ ചെയ്തതെല്ലാം മറ്റുള്ളവർ കണ്ട് അവളെ ഉത്തമ സ്ത്രീ എന്ന പേരിനു യോഗ്യയാക്കി. രൂത്ത് പ്രശസ്തിയോ മഹത്വകരമായ കുടുംബ പാരമ്പര്യമോ ഉള്ള സ്ത്രീ ആയിരുന്നില്ല. എന്നാൽ രൂത്തിന്റെ തീരുമാനത്തെ ദൈവം മാനിച്ചു. ഈ മാറ്റങ്ങൾ രൂത്തിന്റെ ജീവിതത്തിൽ ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റം അല്ല, മറിച്ച് ഏറെ കഷ്ടത്തിൽ കൂടെയും പ്രതികൂലങ്ങളിൽ കൂടെയും കടന്നുപോയി, ദൈവം അവളെ ഉയർച്ചയിലേക്ക് നടത്തിയതാണ് .

താൻ മുൻപ് എന്തായിരുന്നുവോ ഏതവസ്ഥയിൽ കൂടി കടന്നുപോയോ, അതിനെയെല്ലാം രൂത്ത് അതിജീവിച്ചു എന്നത് രൂത്തിന്റെ പുസ്തകത്തിൽ നമുക്ക് കാണുവാൻ സാധിക്കും. രൂത്ത് ഒരു മോവാബ്യ സ്ത്രീ ആയിരുന്നു മാത്രമല്ല യവ്വനത്തിൽ തന്നെ താൻ വിധവയായി തീരുകയും ചെയ്തു. വളരെ വിഷമ ഘട്ടത്തിലും തന്റെ ദേശം വിട്ട് ബെത്‌ലെഹെമിലേക്ക് നൊവൊമിയോടൊപ്പം യാത്ര തിരിച്ചു. ഒരുറപ്പും ഇല്ലാത്ത, കൂട്ടുകാരോ വീട്ടുകാരോ ആരും ഇല്ലാത്ത ഒരു പുതിയ സ്ഥലത്തേക്ക് അവൾ യാത്ര ചെയ്തു. തന്റെ കഴിഞ്ഞ കാലങ്ങളെ മുറുകെ പിടിച്ചു നില്കാതെ ഇനിയും തനിക്കൊരു പ്രതീക്ഷ അപ്പത്തിന്റെ ഭവനമായ ബെത്‌ലെഹെമിൽ താൻ കണ്ടു. ദൃഢനിശ്ചയത്തോടെ മുൻപോട്ട് പോകുവാൻ അവൾ തീരുമാനിച്ചു. ഏതു സാഹചര്യത്തെയും ധൈര്യത്തോടെയും, കരുത്തോടെയും നേരിടുവാനുള്ള ധൈര്യം ഒരു സ്ത്രീയായ രൂത്തിൽ നിന്ന് പഠിക്കുവാൻ നമുക്ക് സാധിക്കും. മുൻപോട്ടുള്ള ജീവിതത്തിലും, യാത്രയിലും പ്രതീക്ഷകൾ ഒന്നും മുൻപിലില്ല എങ്കിലും യഹോവയിലുള്ള ആശ്രയവും വിശ്വാസവും അവളെ മുൻപോട്ട് നയിച്ചു. രൂത്തിന്റെ ധൈര്യം ഒരു മാതൃകയാക്കി അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിച്ചാൽ ഏതു സാഹചര്യത്തെയും ഉറപ്പോടെ നേരിടുവാൻ നമുക്ക് സാധിക്കും.

കഠിനാദ്ധ്വാനവും, എളിമയും രൂത്തിൽനിന്ന് പഠിക്കാൻ സാധിക്കുന്ന മറ്റു ചില പാഠങ്ങൾ ആണ് . തന്നെ വീണ്ടെടുക്കാൻ ബോവസിന്‌ സാധിക്കും എന്ന് രുത്തിനറിയാമായിരുന്നു. ബോവസിന് രൂത്തിനോട് ഒരു പ്രത്യേക കരുതൽ ഉണ്ടായിരുന്നു. കാലാ പെറുക്കുവാനായി വന്ന രൂത്തിനു വേണ്ടി മനഃപൂർവ്വമായി കറ്റകൾ ശേഷിപ്പിക്കുവാൻ തന്റെ ബാല്യക്കാരത്തികളോട് ബോവസ് പറഞ്ഞു. രൂത്ത് വളരെ കഠിനാദ്ധ്വാനി ആയിരുന്നുവെന്ന് നമുക്ക് കാണുവാൻ സാധിക്കും. ബോവസ് തന്നോടൊപ്പം ഭക്ഷിക്കുവാൻ രൂത്തിനെ ക്ഷണിച്ചു. ആഹാരത്തിനു മുൻപും ശേഷവും അവൾ വയലിൽ പണിയെടുത്തു. ബോവസ് തന്നെ അനുകൂലിക്കുമ്പോഴും, മറ്റാർക്കും ലഭിക്കാത്ത ഒരവസരം ലഭിച്ചപ്പോഴും അതൊന്നും മുതലെടുക്കാതെ രൂത്ത് നിന്നു. ബോവസിന് തന്നോടുള്ള കരുതൽ തനിക്ക് വേണമെങ്കിൽ മുതലെടുക്കാമായിരുന്നു എന്നാൽ അതൊന്നും ചെയ്യാതെ മാറ്റു ബാല്യക്കാരത്തികൾ എങ്ങനെ വേല ചെയ്തുവോ അതുപോലെ അവളും കഠിനാധ്വാനം ചെയ്തു. അത് മാത്രമല്ല എളിമയോടെ അധികാരികൾക്ക് കീഴ്പ്പെടുവാനും അവൾ മറന്നില്ല. ഈ പാഠം നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ കഴിയുന്ന ഒന്നാണ്. ദൈവം ജീവിതത്തിൽ ഉയർച്ചകൾ തരുമ്പോൾ ഒന്നിലും അഹങ്കരിക്കാതെ എളിമയോടെ ദൈവ സന്നിധിയിൽ ആയിരിക്കുവാൻ നമുക്ക് സാധിക്കണം. നാം നമ്മുടെ ജീവിതത്തിൽ അങ്ങനെ ആയിരുന്നുവോ? ആ ചോദ്യം നമ്മോട് തന്നെ ഒന്ന് ചോദിക്കാം. ജീവിതത്തിൽ ഏതെങ്കിലും മേഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനായി നമുക്ക് പ്രയത്നിക്കാം

ജീവിതത്തിന്റെ ഏതു പ്രതിസന്ധി ഘട്ടത്തിലും ദൈവം നമുക്കുണ്ട് എന്ന ഉറച്ച ബോധ്യം നമുക്കുണ്ടായിരിക്കേണം. ഒരു പ്രതീക്ഷയും മുൻപിൽ ഇല്ലാതെ രൂത്ത് ബെത്‌ലെഹെമിൽനിന്ന് വന്നു എന്നാൽ ദൈവം ഒരു ബോവസിനെ രൂത്തിനായി ഒരുക്കി. നമ്മുടെ ജീവിതത്തിലും ധാരാളം അസ്ഥിരതകൾ നമുക്ക് ഉണ്ടാകാം എന്നാൽ വിളിച്ച ദൈവം വിശ്വസ്തൻ എന്നെണ്ണി തന്നിൽ ആശ്രയിച്ചു മുൻപോട്ട് പോകാം. രൂത്ത് തന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ തീരുമാനം എടുത്തിരുന്നുവെങ്കിൽ രൂത്തിന്റെ പുസ്തകം വിശുദ്ധ വേദപുസ്തകത്തിൽ ഉണ്ടാകുകയില്ലായിരുന്നു. എന്നാൽ രൂത്തിന്റെ സമയോചിതമായ തീരുമാനത്തെ യഹോവയായ ദൈവം മാനിച്ചു. രൂത്തിന്റെ ജീവിതത്തിൽ തന്റെ ജീവിതപാങ്കാളിയെ തനിക്ക് നഷ്ടപ്പെട്ടു എല്ലാ പ്രതീക്ഷകളും അറ്റു പോയി, എന്നാൽ സർവ്വ ശക്തനായ ദൈവത്തെ താൻ മുറുകെപ്പിടിച്ചു. മാത്രമല്ല വളരെ പ്രതിസന്ധി ഘട്ടത്തിലും കഠിനാധ്വാനം ചെയ്യുവാനും, തന്റെ അമ്മാവിയമ്മയെ അനുസരിക്കുവാനും, എളിമയോടെ അധികാരികൾക്ക് കീഴടങ്ങുവാനും അവൾ മറന്നില്ല. രൂത്തിന്റെ ഓരോ ഗുണഗണങ്ങളും നമുക്കും ജീവിതത്തിൽ മാതൃകയാക്കാം.

 നൊവൊമിയുടെ വിഷമ അവസ്ഥയിൽ രൂത്ത് കൂടെ നിന്നതുപോലെ നമുക്ക് ചുറ്റുമുള്ളവർക് ഒരു താങ്ങാകാൻ നമുക്ക് സാധിക്കുമോ? കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്ന ഈ സമയത്ത് ഓരോ ദിവസവും ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥനയിൽ ഉറ്റിരുന്ന്, മറ്റുള്ളവർക്ക് ഒരു സഹായമായി നമ്മുടെ ജീവിതം മുൻപോട്ട് നയിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.