ശുഭദിന സന്ദേശം : വചനവും വിസ്താരവും | ഡോ. സാബു പോൾ

”അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇട വരരുതു”(സദൃ.30:6).

മാരാമൺ കൺവൻഷൻ അച്ചടക്കത്തിൻ്റെ കാര്യത്തിൽ സുപ്രസിദ്ധമാണ്.

ഒരിക്കൽ ബിഷപ്പ് മാർ ക്രിസോസ്റ്റം വളരെ ശക്തമായി പറഞ്ഞു:
“ഇവിടെ പ്രശ്നമുണ്ടാക്കുന്നവരാരാണെന്ന് ഞങ്ങൾ അന്വേഷിക്കുകയായിരുന്നു. മൂന്നു ചെറുപ്പക്കാരികളാണവർ. ഞാനവരുടെ പേരുകൾ പരസ്യമായി പ്രസ്താവിക്കുവാൻ പോകുന്നു…!”

സദസ്സ് സ്തബ്ധരായി….

ഒരു കൂട്ടം ആളുകൾ തിരുമേനി എന്തോ നർമ്മം പറയാൻ പോകുന്നെന്ന് കരുതി ചിരിക്കാൻ തയ്യാറായി….

അദ്ദേഹം പേരുകൾ പറഞ്ഞു. “Mis.. understanding, Mis.. representation, Mis.. interpretation.(തെറ്റിദ്ധാരണ, തെറ്റായ അവതരണം, തെറ്റായ വ്യാഖ്യാനം)”

ശരിയല്ലേ? പലപ്പോഴും മനുഷ്യരുടെയിടയിൽ പ്രശ്നങ്ങൾക്ക് കാരണം ആശയ വിനിമയത്തിലെ പോരായ്മകളല്ലേ….?

നാം പറഞ്ഞ കാര്യങ്ങളോട് എരിവും പുളിയും കലർത്തി കേട്ട വ്യക്തി മറ്റൊരാളോട് പറഞ്ഞാൽ നമുക്കിഷ്ടപ്പെടുമോ…?

നാം ഉദ്ദേശിക്കാത്ത അർത്ഥത്തിൽ നാം പറഞ്ഞ കാര്യം ഒരാൾ മറ്റൊരാളുടെ ചെവിയിൽ എത്തിച്ചാൽ കോപം ഉണ്ടാവില്ലേ…..?

നാം പറയാത്ത കാര്യം പറഞ്ഞു എന്ന നിലയിൽ അവതരിപ്പിച്ചാൽ സഹിക്കാൻ കഴിയുമോ……?

നമുക്ക് കഴിയുമെങ്കിൽ ആ വ്യക്തിയെ വിളിച്ച് ചോദിക്കില്ലേ, എന്തുകൊണ്ടാണിങ്ങനെ ചെയ്തതെന്ന്….?

വാക്കു മാറുന്ന മനുഷ്യൻ പോലും തൻ്റെ വാക്കുകൾ തെറ്റായ നിലയിൽ പറഞ്ഞവരോട് ഇങ്ങനെ ചെയ്യുമെങ്കിൽ, വാക്കുമാറാത്ത സർവ്വശക്തനായ ദൈവം അങ്ങനെയുള്ളവരെ വിസ്തരിക്കാതിരിക്കുമോ…..?

യഹൂദൻമാർ വാമൊഴിയായ നിയമങ്ങളും വ്യാഖ്യാനങ്ങളും പാരമ്പര്യങ്ങളും ഉള്ളവരായിരുന്നു. അതിനെ വചനത്തിൻ്റെ ഭാഗമാക്കാൻ താത്പര്യമുള്ളവരുമുണ്ടായിരുന്നു. അതു കൊണ്ട് വചനത്തോട് കുറയ്ക്കുകയോ, കൂട്ടുകയോ ചെയ്യരുതെന്ന് ദൈവം ശക്തമായി നിഷ്കർഷിച്ചു(ആവ.4:2,13:1).

സ്വർണ്ണത്തോട് മറ്റു ലോഹങ്ങൾ കൂട്ടിച്ചേർത്താൽ മൂല്യം കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത്. എന്നതുപോലെ ദൈവ വചനത്തോട് മനുഷ്യൻ്റെ വാക്കുകളും ചിന്തകളും ആശയങ്ങളും ചേർത്താൽ അതിൻ്റെ മൂല്യവും വിശുദ്ധിയും നഷ്ടമാകുകയാണ് ചെയ്യുക.

യഹൂദൻമാർ വചനമെന്ന് അംഗീകരിക്കാത്ത അപ്പൊക്രിഫയെ കത്തോലിക്ക സഭ പഴയ നിയമത്തോട് കൂട്ടിച്ചേർത്തു……
അതേസമയം വചനത്തിലുണ്ടെങ്കിലും പത്ത് കല്പനകളിലെ രണ്ടാമത്തെ കല്പന ജനത്തെ പഠിപ്പിക്കാതെ മാറ്റി വെച്ചു.

എലൻ ജി. വൈറ്റിൻ്റെ സ്വപ്നങ്ങൾ വചനത്തിനും മീതെ ശാബത്തുകാർ പ്രതിഷ്ഠിച്ചു….

ജോസഫ് സ്മിത്തിൻ്റെ വിഭ്രമ ചിന്തകൾ മോർമോണുകാർ വചനത്തിന് തുല്യമാക്കി…..

ചാൾസ് റസ്സലിൻ്റെ തെറ്റിപ്പോയ പ്രവചനങ്ങളും കണക്കുകൂട്ടലുകളും യഹോവ സാക്ഷികൾ വചനത്തെക്കാൾ പ്രാധാന്യമുള്ളതാക്കി…..

പ്രിയമുള്ളവരേ,
ദൈവ വചനത്തോട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നവർ വിസ്തരിക്കപ്പെടുന്ന ദിവസമുണ്ടെന്നറിഞ്ഞ് ദൈവ വചനത്തെ അതുപോലെ തന്നെ അംഗീകരിക്കുകയും അനുസരിക്കുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

NB: ചില പ്രത്യേക കാരണങ്ങളാൽ നാളെ മുതൽ ഒരാഴ്ച ശുഭദിന സന്ദേശം ഉണ്ടായിരിക്കുന്നതല്ല. നിങ്ങളേവരും നൽകി വരുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.