ശുഭദിന സന്ദേശം: ആദിയിൽ ആകാശങ്ങൾ: ഡോ. സാബു പോൾ

“ആദിയിൽ ദൈവം ആകാശവും( ആകാശങ്ങളും)ഭൂമിയും സൃഷ്ടിച്ചു”(ഉല്പ.1:1).

post watermark60x60

യൂറി ഗഗാറിനെ ഓർമ്മയുണ്ടോ….?
സോവിയറ്റ് യൂണിയൻ്റെ ബഹിരാകാശ യാത്രികൻ..!
1961 ഏപ്രിൽ 12 ന് ബഹിരാകാശത്തേക്ക് പോയ ആദ്യ മനുഷ്യൻ..!!
108 മിനിട്ടുകൾ ഭൂമിയെ വലം വെച്ചിട്ട് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു: “ഞാൻ ഒത്തിരി നോക്കി. പക്ഷേ, ദൈവത്തെ അവിടെങ്ങും കണ്ടില്ല.”

ദൈവം സൃഷ്ടിച്ച കോടാനുകോടി നക്ഷത്രങ്ങളിലൊന്നായ സൂര്യൻ്റെ സൗരയൂഥത്തിലെ ഭൂമിയെന്ന ഗ്രഹത്തിൻ്റെ ബഹിരാകാശത്ത് എവിടെയോ ദൈവം കുടിൽ കെട്ടി താമസിക്കുന്നുണ്ടാകുമെന്നായിരിക്കും പാവം ഗഗാറിൻ ചിന്തിച്ചത്…….

Download Our Android App | iOS App

മനുഷ്യൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഗഹനമായ പ്രസ്താവനയാണ് ഉൽപ്പത്തി പുസ്തകത്തിലെ പ്രഥമവാക്യം. മനുഷ്യൻ്റെ വ്യത്യസ്ത ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണിത്.

കാട്ടിൽ നായാട്ടു കൊണ്ട് ഉപജീവനം നടത്തിയ അപരിഷ്കൃത മനുഷ്യനും, നാട്ടിലെ കൊട്ടാരത്തിൽ ശക്തിയേറിയ ദൂരദർശിനികൾ കൊണ്ട് നക്ഷത്ര നിരീക്ഷണം നടത്തുന്ന നാഗരീക മനുഷ്യനും ഈ വാക്യത്തിൻ്റെ അർത്ഥം ഒരു പോലെയാണ്.

വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ച, അറിവിൽ അന്തരങ്ങളുള്ള, വിഭിന്ന ജീവിത സാഹചര്യങ്ങളിൽ വളർന്ന, വിവിധ മനുഷ്യരോട് ഒരേ പോലെ ആശയ വിനിമയം നടത്തുന്ന ബൈബിൾ ഏവരേയും വിസ്മയിപ്പിക്കുന്നു.

‘ദൈവം ആകാശങ്ങളെ സൃഷ്ടിച്ചു’ എന്നാണ് മൂലഭാഷയിൽ. മനുഷ്യൻ്റെ അറിവ് വർദ്ധിക്കുമ്പോൾ ബൈബിളിലെ വിവരണങ്ങൾ അപ്രസക്തമാകുകയല്ല, അർത്ഥസമ്പൂർണ്ണമാകുകയാണ്. ഇന്ന് ശാസ്ത്രജ്ഞർ പറയുന്നത് ഏകദേശം അഞ്ഞൂറ് ബില്യൺ ഗാലക്സികളുണ്ടെന്നാണ്.

നെറ്റിക്ക് മുകളിൽ കരം വെച്ച് ആകാശത്തിലേക്ക് കണ്ണുകൾ സങ്കോചിപ്പിച്ചു നോക്കിയല്ല മോശ ഉൽപ്പത്തി രചിച്ചത്. അങ്ങനെയെങ്കിൽ ആകാശങ്ങൾ എന്ന ബഹുവചനം ഉണ്ടാകുമായിരുന്നില്ല.

ഈജിപ്തിലെ ഫിലോസഫിയല്ല മോശയുടെ തൂലികയെ നിയന്ത്രിച്ചിത്, അങ്ങനെയെങ്കിൽ സൂര്യനും ചന്ദ്രനും നദികളും സമുദ്രവും ദൈവങ്ങളാകുമായിരുന്നു….

എന്നാണ് ദൈവം സൃഷ്ടി നടത്തിയത്….?
അയർലൻഡിലെ ആർച്ച് ബിഷപ്പ് ജയിംസ് അഷർ കണക്കു കൂട്ടി കണ്ടെത്തി – B.C. 4004 ഒക്ടോ.23..!
പൊതുവേയുള്ള ധാരണ ആറായിരത്തിനും പതിനായിരത്തിനുമിടയ്ക്കുള്ള വർഷങ്ങൾക്കപ്പുറമായിരിക്കാം സൃഷ്ടി നടന്നതെന്നാണ്…
ഭൂമി അത്ര ചെറുപ്പക്കാരിയല്ലെന്ന് ചിന്തിക്കുന്നവർ കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പെന്ന് കണക്ക് കൂട്ടുന്നു….

എന്നാൽ ബൈബിൾ കാലദൈർഘ്യത്തെക്കുറിച്ച് മൗനം പാലിക്കുന്നു.”കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല” എന്നാണ് യേശു കർത്താവും പറഞ്ഞത്(അ.പ്രവൃ.1:7). മനുഷ്യൻ്റെ ആയിരം ദിവസം ദൈവദൃഷ്ടിയിൽ ഒരു ദിവസം പോലെ മാത്രമാണ്(സങ്കീ.90:4, 2പത്രോ.3:8) എന്നതും ഓർക്കണം.

എന്നാണ് സൃഷ്ടി നടന്നത്……?
ബൈബിളിന് ഒരു ഉത്തരമേയുള്ളൂ – ആദിയിൽ.

സൃഷ്ടിയെക്കുറിച്ച് കൂടി പറഞ്ഞ് ലഘു ചിന്ത ഉപസംഹരിക്കാം. ‘ബാറാ’ എന്ന വാക്ക് 54 പ്രാവശ്യം ബൈബിളിൽ കാണുന്നു. അത് ദൈവം നടത്തിയ സൃഷ്ടിയെക്കുറിച്ച് പറയാനാണ്.

മനുഷ്യൻ നടത്തുന്ന സൃഷ്ടികളെല്ലാം ഈ ഭൂമിയിൽ കിട്ടുന്ന അസംസ്കൃത പദാർത്ഥങ്ങൾ ചേർത്ത് വെച്ച് തട്ടിക്കൂട്ടുന്നവയാണ്. എന്നാൽ ദൈവം ‘ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുന്നവനാണ്'(റോമ.4:17). ശൂന്യതയിൽ നിന്നാണ് ദൈവം സകലവും സൃഷ്ടിച്ചത്.

പ്രിയമുള്ളവരേ,
നമ്മുടെ വിഭവശേഷി കൊണ്ടല്ല ദൈവം നമ്മിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
നമ്മുടെ ശൂന്യതയെ മാറ്റാൻ സർവ്വശക്തനു കഴിയും….!
അവിടുത്തെ വല്ലഭത്വത്തിൽ നമുക്കാശ്രയിക്കാം…..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like