ശുഭദിന സന്ദേശം: അധികാരവും, അനുവാദവും| ഡോ.സാബു പോൾ

“യേശു അതിനെ ശാസിച്ചു: “ മിണ്ടരുതു; അവനെ വിട്ടുപോ ” എന്നു പറഞ്ഞു ”(മർക്കൊ.1: 25).

ഒരു പകൽ, ട്രെയിനിൽ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ T.T.E. കമ്പാർട്ടുമെൻ്റിൽ എത്തി. ജനറൽ ക്ലാസ്സിൽ ടിക്കറ്റ് എടുത്തിട്ട് സ്ലീപ്പറിൽ യാത്ര ചെയ്യുന്നവരെ പിടികൂടുകയാണ് ലക്ഷ്യം.

അദ്ദേഹം ഓരോരുത്തരോട് ടിക്കറ്റ് ചോദിക്കാൻ ശ്രമിക്കാതെ വാതിലിനടുത്തുള്ള ഒരു സീറ്റിൽ ഇരുന്നു. അടുത്തിരുന്നവരോട് സംസാരിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ചിലർ ടോയ്ലറ്റിലേക്കെന്ന ഭാവേന നടന്നു പോകുമ്പോൾ അദ്ദേഹം ടിക്കറ്റ് ചോദിച്ചു. അവർ ലോക്കലിൽ ടിക്കറ്റ് എടുത്തവരായിരുന്നു. ടിക്കറ്റെടുക്കാത്തവരുടെ മന:ശാസ്ത്രം പരിശോധകന് നന്നായി അറിയാം.

T.T.E. യെ കണ്ടപ്പോൾ യഥാർത്ഥ ടിക്കറ്റില്ലാത്തവർക്ക് ഇരിക്കപ്പൊറുതിയില്ലാതായതു പോലെ തന്നെയാണ് യേശു സിന്നഗോഗിൽ ചെന്നപ്പോൾ അശുദ്ധാത്മാക്കൾക്കും സംഭവിച്ചത്.

കഫർന്നഹൂമിലുള്ളവർക്ക് യേശു ആരെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും സംശയങ്ങളുമുണ്ടെങ്കിലും അശുദ്ധാത്മാവിന് സംശയമേയില്ല.

❓എന്തുകൊണ്ടാണ് യേശു അശുദ്ധാത്മാവിനോട് മിണ്ടരുതെന്ന് പറഞ്ഞത്.
?ശ്രദ്ധ മാറ്റും
അവയ്ക്ക് സംസാരിക്കാൻ അവസരം കൊടുത്താൽ യേശുവിൻ്റെ ഉപദേശത്തിൽ നിന്നും ജനത്തിൻ്റെ ശ്രദ്ധ കവർന്നു കളയാൻ സാദ്ധ്യതയുണ്ട്. സത്യം ജനം അറിയണമെന്നും സത്യമാകുന്ന തൻ്റെ വചനത്താൽ അവർ സ്വതന്ത്രരാക്കപ്പെടണമെന്നുമാണ് യേശു ആഗ്രഹിക്കുന്നത്(യോഹ. 8:32).
?കബളിപ്പിക്കും
അശുദ്ധാത്മാവ് ഒരു മനുഷ്യനിൽ കടക്കുമ്പോൾ അവരുടേതല്ലാത്തത് ഉപയോഗിക്കുന്നു. ആ വ്യക്തിയുടെ ശബ്ദം സംസാരിക്കാൻ ഉപയോഗിക്കുന്നു. അത് അനുവദിക്കാൻ യേശു ഇഷ്ടപ്പെടാത്തതിനാൽ മിണ്ടരുതെന്ന് കൽപ്പിച്ചു.
?അവതാളത്തിലാക്കും
യേശുവിൻ്റെ ദൈവത്വവും താൻ മശിഹയാണെന്നതും പരസ്യമാക്കാൻ സമയമായിട്ടില്ല. പക്ഷേ അശുദ്ധാത്മാക്കൾ അതറിഞ്ഞിരുന്നു(മർക്കൊ.3:11,12). അവ അക്കാര്യം വെളിപ്പെടുത്താൻ ശ്രമിച്ചപ്പോൾ യേശു തടയുന്നു.
? വ്യാജം ചേർക്കും
പിശാചിനെ സംസാരിക്കാൻ അനുവദിച്ചാൽ സത്യത്തോട് കൂടെ വ്യാജം ചേർക്കും. ഹവ്വയെ വഞ്ചിച്ചത് അങ്ങനെയായിരുന്നു. പറയുന്ന കാര്യങ്ങൾ സത്യമെന്നും ആത്മാർത്ഥതയോടെയെന്നും തോന്നിപ്പിക്കുകയും കൂടെ വ്യാജം ചേർത്ത് മനുഷ്യനെ വഴിതെറ്റിക്കുകയും ചെയ്യുക എന്ന പിശാചിൻ്റെ പദ്ധതിയെ യേശു തടഞ്ഞു.
? ആവശ്യമില്ല
യേശുവിന് പിശാചിൻ്റെ അംഗീകാരം ആവശ്യമില്ല. അവിടുന്ന് ഈ ലോകത്തിൽ വന്നത് പിതാവ് ഏൽപ്പിച്ച ദൗത്യം പൂർത്തീകരിക്കാനാണ്. പിതാവിൻ്റെ വാക്കുകളും അംഗീകാരവും പ്രസാദവുമാണ് യേശു ആഗ്രഹിച്ചത്.

പ്രിയ ദൈവ പൈതലേ,
യേശുവിൻ്റെ വചനത്തിൽ നിന്ന് ശ്രദ്ധ മാറ്റിക്കളയുന്നതെന്തും പിശാചിൻ്റെ തന്ത്രമെന്ന് തിരിച്ചറിയുക. സത്യമെന്ന് തോന്നുന്ന നിലയിൽ പിശാച് അവതരിപ്പിക്കുന്ന ഭോഷ്ക്കിനെ തിരിച്ചറിയാൻ കൃപ ദൈവത്തോട് ചോദിക്കുക. നമുക്കാവശ്യം പിശാചിൻ്റെയും ലോകത്തിൻ്റെയും അംഗീകാരമല്ല, നമുക്കായ് ജീവൻ നൽകിയ അരുമ നാഥൻ്റെ പ്രസാദമാണെന്ന് തിരിച്ചറിയുക.

അവൻ നൽകിയിരിക്കുന്ന അധികാരമുപയോഗിക്കാം. പൈശാചിക തന്ത്രങ്ങൾ തകരട്ടെ.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.