ലേഖനം: സമയം സമയം ഒരുപാടു സമയം, പക്ഷെ | ഡോ.അജു തോമസ്,സലാല

ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ ദൈനം ദിന ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ടു നിൽക്കുന്ന ഒരു ഘടകമാണ് സമയം എന്നത്. വളരെ ക്രമീകൃതമായ നിലയിൽ സമയത്തെ കൈകാര്യം ചെയ്താൽ മാത്രമേ ജീവിതത്തിൽ ഒരു വിജയി ആയി തീരാൻ കഴിയുകയുള്ളു. സമയത്തെ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്തണം എന്ന വിഷയം സംബന്ധിച്ചു ധാരാളം പുസ്തകങ്ങൾ വരെ ഇന്ന് ലഭ്യമാണ്.മാത്രമല്ല, ഇതേ വിഷയത്തെ അധികരിച്ചു കൊണ്ട് അനവധി പ്രബന്ധങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്.

നമ്മുടെ ആത്മീയ ജീവിതത്തിലും സമയത്തിന് വളരെ പ്രാധാന്യം ഉണ്ട്. ആത്മീയ വിഷയങ്ങൾക്ക് എത്ര മാത്രം സമയം വേർതിരിക്കുന്നു എന്നതും വേർതിരിക്കപ്പെട്ട ആ സമയം എപ്രകാരം ഉപയോഗിക്കുന്നു എന്നതും നമ്മുടെ ആത്മിക ജീവിത വിജയത്തെ നിർണ്ണയിക്കുന്നു. ആത്മിക സംബന്ധിയായ കാര്യങ്ങൾക്കു സമയം വേർതിരിക്കുന്നത് കൊണ്ട് മാത്രമായില്ല, ആ സമയം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് പരമപ്രധാനമാണ്.എന്നാൽ ഈ വിഷയത്തിൽ അത്ര കാര്യക്ഷമമായി പ്രവർത്തിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ഒരു ചോദ്യ ചിഹ്നമായി നിലകൊള്ളുന്നു.ഈ ദിവസങ്ങളിൽ നമ്മുടെ ചിന്ത ഇതിലേക്ക് തിരിയേണ്ടത് ആവശ്യമാണ്.

ഇന്ന് പല നിലകളിൽ ആത്മിക വിഷയങ്ങളിൽ ഇടപെടുവാൻ ഉള്ള മുഖാന്തരങ്ങൾ നമുക്ക് ഉണ്ട്. ചിലർ ക്രിസ്തീയ എഴുത്തിൻറെ മേഖലയിൽ വ്യാപൃതർ ആവുമ്പോൾ മറ്റു ചിലർ നല്ല പ്രഭാഷകരായി ദൈവത്തിനായി പ്രയോജനപ്പെടുന്നു. ഇനിയും മറ്റു ചിലർ പാട്ടിൻറെ മേഖലയിൽ തങ്ങളുടെ സമയത്തെ ദൈവത്തിനായി പ്രയോജനപ്പെടുത്തുന്നു.ചിലർ നല്ല സുവിശേഷകരായി നില കൊള്ളുന്നു.ചിലർ കൃപാവര ശുശ്രൂഷയിൽ പ്രയോജനപ്പെടുന്നു. ചിലർ ആതുര സേവന രംഗത്തും തങ്ങളുടെ സമയം വിനിയോഗിക്കുന്നു. മേൽ പറഞ്ഞതെല്ലാം അങ്ങേയറ്റം വിലമതിക്കപ്പെടേണ്ടതാണ്. എന്നാൽ ഇതിനെല്ലാം അപ്പുറമായി നമ്മുടെ സമയത്തെ പ്രാർത്ഥനയ്ക്കായി വേർതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ആത്മിക ജീവിതത്തിൽ ശക്തിപ്പെടേണ്ടതിനു, ദൈവത്തോട് അടുത്ത് വരേണ്ടതിനു ദൈവവുമായി നല്ലൊരു ബന്ധം ആവശ്യമാണ്. ദൈവത്തെയും നമ്മെയും തമ്മിൽ അടുപ്പിക്കുന്ന ഘടകമാണ് പ്രാർത്ഥന. ഹൃദയത്തിൽ നിന്ന് ആത്മാർത്ഥമായി ഒരു പിതാവിനോട് എന്ന പോലെ ദൈവത്തോട് സംസാരിക്കാൻ സമയത്തെ നാം വേർതിരിക്കാറുണ്ടോ? ഉണ്ടെങ്കിൽ തന്നെ എത്രത്തോളം സമയം ദൈവസന്നിധിയിൽ നാം ചിലവിടുന്നുണ്ട്? പൊതുവിൽ പറഞ്ഞാൽ നാം ആകുന്ന ദൈവമക്കൾക്കു മറ്റെന്തിനും സമയമില്ലേ? പക്ഷെ പ്രാർത്ഥിക്കാനോ? വെള്ളം വെള്ളം സർവത്ര വെള്ളം, പക്ഷെ കുടിക്കാൻ മാത്രം വെള്ളമില്ല എന്ന ചൊല്ലിനെ അനുസ്മരിക്കത്തക്കവിധം സമയം ധാരാളം ഉണ്ടെങ്കിലും പ്രാർത്ഥിക്കാൻ മാത്രം അധിക സമയം വേർതിരിക്കാൻ കഴിയിയുന്നില്ല എങ്കിൽ അത് ദുഖകരം തന്നെയാണ്.

വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ പ്രാർത്ഥനയ്ക്ക് വളരെ പ്രാധാന്യമാണ് നൽകിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും.പഴയ നിയമത്തിൽ ആണെങ്കിലും പുതിയ നിയമത്തിൽ ആണെങ്കിലും ഒരേ പോലെ പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തു പറയുന്നുണ്ട്.പരീക്ഷയിൽ അകപ്പെടാതെ ഇരിക്കേണ്ടതിനു ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ എന്ന് യേശു നാഥൻ തൻറെ ശിഷ്യന്മാരോട് പറയുമ്പോൾ (മത്തായി 26:41-43) ഇടവിടാതെ പ്രാർത്ഥിപ്പിൻ എന്ന് അപ്പോസ്തോലനായ പൗലോസ് തെസ്സലോനിക്യ വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ ദൈവീക ഇഷ്ടത്തെ കുറിച്ച് പറയുന്നു(1 തെസ് 5:17). പ്രാർത്ഥനയുടെ പ്രാധാന്യം എന്തെന്ന് ഈ രണ്ടു വാക്യ ഭാഗങ്ങളിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം.

പ്രതിസന്ധികൾ വരുമ്പോൾ മാത്രം കൂടുതലായി പ്രാർത്ഥനയ്ക്കായി സമയം വേർതിരിക്കുക എന്നതല്ല ദൈവീക ആഗ്രഹം.മറിച്ചു, പ്രതിസന്ധികൾ വന്നാലും ഇല്ലെങ്കിലും എപ്പോഴും ദൈവത്തോട് പ്രാർത്ഥയിൽ അടുത്തിരിക്കുക എന്നതാണ് ദൈവഹിതം.പരീക്ഷണങ്ങളിൽ പ്രാർത്ഥിക്കുവാൻ നമുക്ക് സമയം ഉണ്ടെങ്കിൽ മറ്റു നേരങ്ങളിലും പ്രാർത്ഥിക്കാൻ അതെ പോലെ സമയം ലഭ്യം ആണ് എന്ന് മനസ്സിലാക്കാവുന്നതാണ്.പരീക്ഷയിൽ അകപ്പെടാതെ ഇരിക്കേണ്ടതിനു പ്രാർത്ഥിക്കുക എന്ന യേശു നാഥൻറെ വാക്കുകളും ഇതേ ആശയത്തിൽ തന്നെ ഉള്ളതാണ്.

പ്രിയ ദൈവമക്കളെ, പലപ്പോഴും ജീവിതത്തിൽ നാം അറിയാതെ പല അനർത്ഥങ്ങളും മാറി പോയത് ഒന്നുകിൽ നമ്മുടെ പ്രാർത്ഥന മുഖാന്തരമോ അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രാർത്ഥന മുഖാന്തരമോ ആണ്.കൊടുംകാറ്റുകൾ അവസാന നിമിഷം അവയുടെ പാതയിൽ നിന്ന് വഴി മാറുന്നത് മുഖാന്തരം പട്ടണങ്ങൾ രക്ഷപ്പെടുന്നത് പോലെ നമ്മൾ പോലും അറിയാതെ പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും കാറ്റുകൾ ജീവിതത്തിൽ നിന്ന് വഴി മാറി പോയത് പ്രാർത്ഥനയുടെ ശക്തി ഒന്ന് കൊണ്ട് മാത്രമാണ്. ചിലപ്പോൾ ചില പ്രതിസന്ധികൾ കടന്നു വന്നേക്കാം.അവിടെയും പ്രാർത്ഥനയാൽ ഒരു വിടുതൽ ഉണ്ട്.

ദൈവപൈതലേ, ഇന്ന് പല ദൈവീക ശുശ്രൂഷകളിൽ ഏർപ്പെടുന്ന ഒരു അവസ്ഥ ജീവിതത്തിൽ ഉണ്ടാകാം.എന്നാൽ അപ്പോൾ തന്നെ പ്രാർത്ഥിക്കാൻ ചില മണിക്കൂറുകൾ മാറ്റി വെയ്ക്കുന്നുണ്ടോ? ചെയ്യുന്ന ശുശ്രൂഷകളിൽ കൂടുതലായി ദൈവ പ്രവർത്തി വെളിപ്പെടേണ്ടതിനു നിരന്തരമായ പ്രാർത്ഥന ആവശ്യമാണ്.നക്ഷത്രങ്ങൾ പോലെ ക്രിസ്തുവിനായി ശോഭിച്ച പലരും ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമായെങ്കിൽ, വീണു പോയെങ്കിൽ പ്രാർത്ഥിക്കുന്ന ഒരു മനുഷ്യനെ തകർക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ അത് അറിയാവുന്ന പിശാച് ഒരു ദൈവപൈതലിനെ പ്രാർത്ഥിക്കുന്നതിൽ നിന്ന് പല സാഹചര്യങ്ങളും കൊണ്ടിട്ടു തടയാൻ സാധ്യത ഉണ്ട്. മറ്റെല്ലാ കാര്യങ്ങളും ചെയ്തിട്ട് പ്രാർത്ഥിക്കാം, ഇപ്പോൾ ക്ഷീണമാണ് , പിന്നെ പ്രാർത്ഥിക്കാം എന്നൊക്കെ ഉള്ള ചിന്ത വന്നിട്ട് പ്രാർത്ഥിക്കാതെ ഇരിക്കുന്നു എങ്കിൽ നാം അതിനെ അതിജീവിച്ചേ മതിയാകൂ.

ഇത് വായിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന ജീവിതത്തെ നമുക്ക് തന്നെ ഒന്ന് വിലയിരുത്താം. എത്ര സമയം നാം പ്രാർത്ഥനയ്ക്കായി വേർതിരിക്കാറുണ്ട്? മുടങ്ങാതെ പ്രാർത്ഥിക്കുന്ന അനുഭവം നമുക്ക് ഉണ്ടോ ? പലപ്പോഴും നല്ല മനസ്സോടു കൂടി പ്രാർത്ഥന ജീവിതം ആരംഭിച്ചിട്ട് പിന്നീട് അത് തുടർന്ന് പോകാൻ കഴിയാതെ ഇരിക്കുന്നുവോ? ദൃഢമായ ഒരു തീരുമാനം ഒന്നുകൂടി എടുക്കുവാൻ നാം തയ്യാറാണോ? പ്രാർത്ഥന പോരാളികളായി മാറ്റപ്പെടുവാൻ നമ്മെ തന്നെ നമുക്ക് സമർപ്പിക്കാം.

ഡോ.അജു തോമസ്, സലാല

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.