തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം: 18 പേര്‍ മരിച്ചു, അഞ്ഞൂറിലധികം ആളുകള്‍ക്ക് പരിക്ക്

ഇസ്താംബുള്‍: കിഴക്കന്‍ തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന ന​ഗരമായ അങ്കാരയില്‍നിന്ന് 550 കിലോമീറ്റര്‍‌ അകലെ എലസി​ഗ് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കൈലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ക്കും ജീവന്‍ നഷ്ടമായത്.
എലസി​ഗില്‍ 13 പേരും മലട്യയില്‍ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഭൂചലനം അനുഭവപ്പെട്ട മേഖലകള്‍ സന്ദര്‍ശിച്ചശേഷം ആരോഗ്യമന്ത്രി ഫഹ്രെറ്റിന്‍ കോക്ക പറഞ്ഞു.

post watermark60x60

കെട്ടിടത്തിനുള്ളില്‍ കുടങ്ങിക്കിടക്കുന്ന 30 പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
പരിക്കേറ്റ അഞ്ഞൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിച്ചതായും ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു വ്യക്തമാക്കി.
എലസി​ഗില്‍ പാതി ഇടിഞ്ഞ് തകര്‍ന്ന കെട്ടിടത്തിന് സമീപം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൊലീസിന്റെയും എമര്‍ജന്‍സി വര്‍ക്കേഴ്സിന്റെയും ദൃശ്യങ്ങള്‍ തുര്‍ക്കിയിലെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ജനാലകളും ബാല്‍ക്കണികളും തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനങ്ങള്‍‌ നടത്തുന്നത്. തകര്‍ന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി (എഎഫ്‌എഡി) ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ ബെഡ്, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച്‌ വിതരണം ചെയ്യുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

അതേസമയം, സൗദി അറേബ്യയിലെ കിഴക്കന്‍ മേഖലയിലും ഇറാനിലും ബുധനാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടിരുന്നു. സൗദിയില്‍ റിക്ടര്‍ സ്‌കൈലില്‍ 3.9 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിലെ തെക്കന്‍ പ്രവിശ്യയില്‍ രാത്രി 11.23നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കൈലില്‍ 5.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. സിറിയയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
തുര്‍ക്കിയില്‍ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 1999ല്‍ ഉണ്ടായ ഭൂചലനത്തില്‍ 17,000 പേരാണ് കൊല്ലപ്പെട്ടത്. ഇസ്താംബൂളില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തുര്‍ക്കിയിലെ പടിഞ്ഞാറന്‍ ന​ഗരമായ ഇസ്മിതിലാണ് റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അന്ന് 500,000തോളം ആളുകള്‍ക്ക് കിടപ്പാടം നഷ്ടമായിരുന്നു. 2011ലും തുര്‍ക്കിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എര്‍സിസിലെ വാന്‍ ന​ഗരത്തിലുണ്ടായ ഭൂചലനത്തില്‍ 523 പേരാണ് കൊല്ലപ്പെട്ടത്.

-ADVERTISEMENT-

You might also like