ലേഖനം: ഫലം കായ്ക്കുവാൻ ഒരു ആണ്ടു കൂടെ

ജോസ് പ്രകാശ്

മൂന്നു സംവത്സരമായി ഫലം കായ്ക്കാതെ നിലത്തെ നിഷ്ഫലമാക്കിയ അത്തി വൃക്ഷത്തെ വെട്ടിക്കളയുവാൻ പറഞ്ഞ തന്റെ യജമാനനോട് തോട്ടക്കാരൻ പ്രതികരിച്ച:
” കർത്താവേ, ഞാൻ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നിൽക്കട്ടെ. മേലാൽ കായിച്ചെങ്കിലോ – ഇല്ലെങ്കിൽ വെട്ടിക്കളയാം ” എന്ന വാക്കുകളാണ് ഈ ലഘുസന്ദേശത്തിന്റെ പ്രതിപാദ്യം
(ലൂക്കോസ് 13:6-9).

ഫലം പുറപ്പെടുവിക്കാനാണ് നമ്മെ ഒരു വർഷം കൂടെ നാഥൻ നിർത്തിയത്.
വെട്ടേൽക്കാതെ ഈ ആണ്ടിലും നില്ക്കണമെങ്കിൽ ഫലം കായ്ച്ചേ തീരു. കഴിഞ്ഞു പോയ സംവത്സരങ്ങളിൽ ഫലം പുറപ്പെടുവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ കുറവാണ്, എന്നാൽ വെട്ടിക്കളയാത്തത് കർത്താവിന്റെ കൃപയാണ്.

അവസരങ്ങൾ വീണ്ടും തരുന്നത് അഥവാ കാലാവധി നീട്ടിത്തരുന്നത് ഉടമസ്ഥന്റെ ബലഹീനതയല്ല പ്രത്യുത ഉടയവന്റെ ദീർഘക്ഷമയാണ്. ആകയാൽ ഈ സ്വാതന്ത്ര്യം (ഇളവ്) ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ ആത്മാവിന്റെ ഫലങ്ങൾ ആവോളം പുറപ്പെടുവിക്കാം.

നാം യാദൃശ്ചികമായി കിളിർത്ത് വന്നവരല്ല, നമ്മെ നട്ടതാണ്. അതിനാൽ നമുക്ക് ഒരു ഉടമസ്ഥൻ ഉണ്ട്. പ്രത്യേക ഉദ്ദേശത്തോടെയാണ് നമ്മെ നട്ടിരിക്കുന്നത്. നമ്മെ വഴിയരികിൽ അല്ല തോട്ടത്തിനകത്താണ് നട്ടിരിക്കുന്നത്.

സമയത്തും അസമയത്തും ഫലം കായ്ക്കുവാൻ നിയോഗിക്കപ്പെട്ടവരാണ് ദൈവമക്കൾ. അതുകൊണ്ട് ഏതുസമയത്തും ഫലം അന്വേഷിച്ചു വരുവാൻ ഉടമസ്ഥന് അവകാശമുണ്ട്.

കർത്താവ് നമ്മെ തിരഞ്ഞെടുത്ത് സഭയാം തോട്ടത്തിൽ ആക്കിവെച്ചിരിക്കയാൽ യോഗ്യമായ ഫലം പുറപ്പെടുവിക്കേണ്ടത് നമ്മുടെ കടമയാണ്. ആകാത്ത ഫലമല്ല നല്ല ഫലമാണ് യജമാനൻ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു (ലൂക്കോസ് 3:9).

ആകയാൽ നിഷ്ഫലമാക്കിയ നാളുകൾക്ക് പകരമായി നവവർഷത്തിൽ ധാരാളം ഫലം പുറപ്പെടുവിക്കാം. കൃപയാൽ ദീർഘമാക്കപ്പെട്ട ആയുസ്സ് നമുക്ക് സൽഫലം കായ്ക്കുവാൻ പ്രയോജനപ്പെടുത്താം. കൊമ്പുകൾ ആകുന്ന നാം മുന്തിരിവള്ളി ആകുന്ന യേശുവിൽ വസിച്ച് ഫലം നല്കുന്നില്ലെങ്കിൽ വെട്ടിക്കളയാൻ തോട്ടക്കാരനായ ദൈവത്തിന് അധികാരമുണ്ട്.

സഭയാം തോട്ടത്തിൽ നിന്ന് നമ്മെ നീക്കിക്കളയാത്തതും, വെട്ടിക്കളയാത്തതും തോട്ടക്കാരനായ സ്വർഗ്ഗീയ പിതാവിന്റെ മഹാ കരുണയത്രെ. നമ്മുടെ ഫലരഹിത പ്രവർത്തികൾക്കൊത്തവണ്ണം നമ്മോട് പകരം ചെയ്യാത്ത ഒരു നല്ല ദൈവം ആയതിനാലാണ് ഒരാണ്ട് കൂടെ നമുക്ക് നീട്ടി നൽകിയത്.

ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിക്കാം. ലഭിച്ച സൗഭാഗ്യം പരമാവധി പ്രയോജനപ്പെടുത്തിയും വളരെ ഫലം കായ്ച്ചും സ്വർഗ്ഗീയ പിതാവിനെ മഹത്വപ്പെടുത്താം.
ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളെ ഉപേക്ഷിക്കാം. ഉത്തമ ശിഷ്യരായി ആത്മാവിന്റെ
നിലനിൽക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.