ഗുണ്ടർട്ടിന്റെ അമൂല്യ രചനകൾ ഇനി കേരളത്തിനു സ്വന്തം

തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് മഹത്തായ സംഭവനകള്‍ നല്‍കിയ ജര്‍മന്‍ മിഷണറിയും ആദ്യ മലയാള നിഘണ്ടുവിന്റെ രചയിതാവുമായ പ്രഫ. ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന മലയാളം, സംസ്കൃതം താളിയോലകൾ ഉൾപ്പെടെ വിജ്ഞാന ശേഖരം ഇനി കേരളത്തിനു സ്വന്തം. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ലൈബ്രറി ഡിജിറ്റൈസ് ചെയ്ത രേഖകൾ അവിടത്തെ പ്രഫസർ ഡോ.ഹെക്കെ ഊബർലീൻ ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

1993 ൽ കേരളത്തിലെത്തിയ ഹെക്കെ, കൂടിയാട്ടം ഉൾപ്പെടെ പഠിച്ചിട്ടുണ്ട്.
മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി 1838 ൽ കേരളത്തിലെത്തുന്നതിനു മുമ്പ് ഗുണ്ടർട്ട് ഡോക്ടറേറ്റ് എടുത്തത് ട്യൂബിംഗൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ്. മലയാളത്തിനു പുറമേ കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങൾ, ലഘുലേഖകൾ, താളിയോലകൾ, ഹെർമൻ ഗുണ്ടർട്ടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും എഴുതിയ പുസ്തകങ്ങൾ തുടങ്ങിയവയും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

മലയാളം- ഇംഗ്ലിഷ് നിഘണ്ടുവിനും മലയാളഭാഷാ വ്യാകരണത്തിനുമായി അദ്ദേഹം തയാറാക്കിയ കുറിപ്പുകളും ഇതിൽപെടും. ഇവയിൽ പലതും മറ്റൊരിടത്തും ലഭിക്കാനിടയില്ലാത്ത രേഖകളാണെന്ന് ഡോ. ഹെക്കെ പറഞ്ഞു.
142 കയ്യെഴുത്തു പ്രതികളടക്കം 849 ശീർഷകങ്ങളിലുള്ള 1,37,148 പേജുകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇവയിൽ 24,000 പേജുകൾ ഓൺലൈനിൽ ലഭ്യമാണ്. https://www.gundert-portal.de/ എന്ന വിലാസത്തിൽ ഇവ ലഭിക്കും. മലയാളം പഠിച്ച ഡോ. ഹെക്കെ ലോക കേരള സഭയിൽ മലയാളത്തിലാണു പ്രസംഗിച്ചത്. ജർമനിയിൽ സർവകലാശാല നടത്തുന്ന പ്രാഥമിക മലയാളം കോഴ്‌സിൽ അധ്യാപികയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.