ചെറുവക്കൽ കൺവൻഷന് അനുഗ്രഹിത സമാപ്തി; 28-ാമത് കൺവൻഷൻ 2020 ഡിസംബർ 20 മുതൽ

ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: ആദിമ നൂറ്റാണ്ടിലെ ആത്മചൈതന്യത്തെ അനുസ്മരിപ്പിക്കുന്ന അതുല്യ അനുഭവത്തോടെ 27-ാമത് ചെറുവക്കൽ കൺവൻഷന് അനുംഗ്രഹിത പരിസമാപ്തി. തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ചെറുവക്കൽ കൺവൻഷൻ ഡിസംബർ 22 ഞായറാഴ്ച വൈകിട്ട് വേങ്ങൂർ സെന്റർ പ്രസിഡന്റ് പാസ്റ്റർ. ജോൺസൻ ഡാനിയേൽ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. പ്രകാശം എത്തുന്നിടത്തു നിന്ന് ഇരുൾ അപ്രത്യക്ഷമാകുന്നതു പോലെ ദൈവത്തിന്റെ സന്ദർശനം സാക്ഷാത്കരിക്കുന്നിടത്തു നിന്നു സാമൂഹിക തിന്മകളും ഇല്ലാതാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ജനത്തെ പ്രബോധിപ്പിച്ചു. ജീവിത യാത്രയിൽ നാം തനിയെ ആകുമ്പോൾ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു.

post watermark60x60

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെന്ററിന്റേയും കിളിമാനൂർ ഏരിയയുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തി വരുന്ന കൺവൻഷൻ ആയിരങ്ങൾക്ക് അനുംഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു. പാസ്റ്റർമാരായ സാം ജോസഫ് കുമരകം, അജി ആന്റണി, പ്രിൻസ് തോമസ്, ജോൺസൻ മേമന, സാബു വർഗ്ഗീസ് ഹൂസ്റ്റൺ, കെ.എ ഏബ്രഹാം എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിച്ചു. ഇന്നു നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ.ജോൺ റിച്ചാർഡ് കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ. കെ ജോയി സമാപന സന്ദേശം നൽകി. ഈ ദിവസങ്ങളിൽ ഉണർവ് യോഗങ്ങൾ, പി.വൈ.പി.എ, സൺഡേ സ്കൂൾ, സോദരീ സമാജം വാർഷികം, സ്നാന ശുശ്രൂഷ, പൂർവ്വ വിദ്യാർത്ഥി സംഗമം, ബിരുദദാന സമ്മേളനം എന്നിവയും നടന്നു. ന്യൂ ലൈഫ് സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. 28-ാമത് ചെറുവക്കൽ കൺവൻഷൻ 2020 ഡിസംബർ 20 മുതൽ 27 വരെ നടക്കും.

-ADVERTISEMENT-

You might also like