ലേഖനം: നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന സന്തോഷം

ജോസ് പ്രകാശ്

”വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു, അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു (എബ്രായർ 12:2).

യേശു കർത്താവിന്റെ മുമ്പിൽ പിതാവാം ദൈവം ഒരു സന്തോഷം വെച്ചിരുന്നു. അനേകം പുത്രന്മാരെ തേജസ്സിലേക്ക് നയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷമായിരുന്നു അത്. ആ സന്തോഷ പൂർത്തീകരണത്തിനായി ക്രിസ്തു അനേകം കഷ്ടങ്ങൾ സഹിക്കുവാൻ തയ്യാറായി.

കഠിനമായ വേദനയുടെ നടുവിൽ, യേശു തന്റെ പിതാവിനെ നോക്കി, കുരിശിന്റെ മറുവശത്ത് തന്നിലേക്ക് വരുന്നതായി താനറിഞ്ഞ സന്തോഷം മുറുകെപ്പിടിച്ചു. നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന സന്തോഷം നിമിത്തം നമുക്കും നമ്മുടെ കഷ്ടപ്പാടുകൾക്കിടയിൽ സന്തോഷിക്കാൻ കഴിയുമെന്ന് യേശു കാണിച്ചുതന്നു (എബ്രായർ 2:10).

“ക്രിസ്തു ക്രൂശിലൂടെ വരാനിരിക്കുന്ന സന്തോഷത്തിലേക്കും, താൻ സ്നേഹിക്കുന്നവർക്ക് രക്ഷ നൽകുന്നതിലുള്ള സന്തോഷത്തിലേക്കും നോക്കി”. വീണ്ടെടുപ്പിന്റെ ആ സന്തോഷം മുൻകൂട്ടി കണ്ട കർത്താവ് കുരിശ് മരണത്തിന്റെ അപമാനം സഹിച്ചു. ഗെത്ത്സെമനെ തോട്ടത്തിലെ പ്രാണവേദനയിൽ ക്രിസ്തുവിനെ നിലനിർത്തിയത് ക്രൂശിനപ്പുറമുള്ള സന്തോഷത്തിന്റെ പ്രത്യാശയായിരുന്നു.
വീണു പോയ മാനവർ മുഴുവനും ദൈവത്തിന്റെ മഹത്വത്തിലേക്ക് തിരിച്ചുവരുന്ന വീണ്ടെടുപ്പിന്റെ “സന്തോഷം” യേശു ഉറ്റുനോക്കുകയായിരുന്നു.

നമുക്ക് മുന്നിലും ക്രിസ്തു ഒരു സന്തോഷം വെച്ചിരിക്കുന്നു. അനേകം കഷ്ടങ്ങളിലൂടെ മാത്രമേ ഈ സന്തോഷം അവകാശമാക്കുവാൻ കഴിയുകയുള്ളൂ. കാരണം ഈ സന്തോഷം ലോകം തരുന്നത് പോലെ ക്ഷണികമോ താല്കാലികമോ അല്ല പ്രത്യുത നിത്യമായ സന്തോഷമാണ്.

അപ്പൊസ്തലന്മാർ അടികൊണ്ടതും,
തിരുനാമത്തിന്നു വേണ്ടി അപമാനം സഹിച്ചതും, ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തതിന്റെ കാരണവും അവർക്ക് മുന്നിൽ വെച്ചിരുന്ന ആ ഭാഗ്യകരമായ സന്തോഷം പ്രാപിക്കേണ്ടതിന് വേണ്ടി ആയിരുന്നു (പ്രവൃത്തികൾ 5:40-42).

വല്ലവിധേനയും ആ നിത്യസന്തോഷം പ്രാപിക്കേണ്ടതിന് പൗലോസ് അപ്പൊസ്തലൻ ക്രിസ്തുവിന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണി. മുമ്പിലെ സന്തോഷത്തിനു മുന്നോടിയായി പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു വിരുതിനായി ലാക്കിലേക്കു ഓടി
(ഫിലിപ്പിയർ 3:11,14).

എബ്രായർ 11- ലെ വിശ്വാസ വീരന്മാരുടെ ഗണത്തിൽ ദൈവഭക്തനായ മോശെ, “പാപത്തിന്റെ ക്ഷണികമായ ആനന്ദങ്ങളെ ” തള്ളിക്കളഞ്ഞു ദൈവം നൽകുന്ന സന്തോഷത്തെ ആകാംക്ഷയോടെ തിരഞ്ഞെടുത്തു.
ദൈവേഷ്ടവുമായി പൊരുത്തപ്പെടുന്നതിന് താൻ കഷ്ടത എന്ന ദൗത്യം തിരഞ്ഞെടുത്തു (എബ്രായർ 11: 25).

കാണാത്ത കാര്യങ്ങളെ വിശ്വാസ കണ്ണുകളാൽ കണ്ട്, തങ്ങൾ ആശിച്ച സന്തോഷത്തെ ഉറപ്പോടും നിശ്ചയത്തോടും പ്രാപിക്കുവാൻ പൂർവ്വികന്മാർക്ക് അധികം വ്യഗ്രത ഉണ്ടായിരുന്നു. അവർ കണ്ടത് ദൃശ്യമായ ലോകത്തിന്റെ താല്ക്കാലിക സന്തോഷമല്ല, യുഗായുങ്ങൾ നിലനില്ക്കുന്ന സന്തോഷമായിരുന്നു.

മുന്നിലെ സന്തോഷം ഉൾക്കണ്ണുകളിലൂടെ വിശ്വാസത്താൽ കണ്ട അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.

ആദിഭക്തർ തങ്ങൾ വിട്ടുപോന്ന ദേശത്തെ ഓർത്തു മടങ്ങിപ്പോകാതെ ഒരു പിതൃദേശം അന്വേഷിച്ചതു മുന്നിലെ സന്തോഷത്തിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയായിരുന്നു.
അവർ നിന്ദകളും പീഡകളും വളരെ കഷ്ടതകളും അനുഭവിച്ചിട്ടും പിന്മാറാത്തതും, ഭൗതീക സമ്പത്തുകളുടെ അപഹാരം (നഷ്ടം) സന്തോഷത്തോടെ സഹിച്ചതും സ്വർഗ്ഗത്തിലെ നിലനില്ക്കുന്ന നിത്യാനന്ദം ഉത്തമമെന്ന് എണ്ണിയതു കൊണ്ടാണ് (എബ്രായർ 10:32-39).

വിശ്വാസ വീരർ ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റതും; പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചതും;
കല്ലേറു കൊണ്ട് രക്തസാക്ഷിത്വം വരിച്ചതും; ഈർച്ചവാളാൽ അറുക്കപ്പെട്ടതും; ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചതും;
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലയേണ്ടി വന്നതും അവർക്കു മുന്നിൽ വെച്ചിരുന്ന സന്തോഷത്തിനു വേണ്ടി ആയിരുന്നു. (എബ്രായർ : 11).

ആകയാൽ ആസന്ന ഭാവിയിൽ ലഭിക്കുവാൻ പോകുന്ന പൂർണമായ സന്തോഷത്തിനായി ആശയോടെ നമുക്ക് കാത്തിരിക്കാം.
മഹാ പ്രതിഫലമുള്ള നമ്മുടെ ധൈര്യം തള്ളിക്കളയാതെ; സഹിഷ്ണതയോടെ
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിക്കാം.
“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു കർത്താവ് വരും താമസിക്കയുമില്ല”.

ലോകം നമുക്ക് യോഗ്യം അല്ലെങ്കിലും ശോകം വേണ്ട.
നാഥനു മുൾമുടി നല്‍കിയ ലോകം തരുന്ന പേരും സന്തോഷവും ഉപേക്ഷിച്ച് സാക്ഷികളുടെ സമൂഹത്തോട് നമുക്ക് ചേർന്ന് നില്ക്കാം.

ഇഹത്തിൽ നമുക്ക് നല്കപ്പെട്ട ദൗത്യം പൂർത്തികരിക്കുന്നതും, പരത്തിൽ നിത്യയിൽ യേശുവിനൊപ്പം വാഴുന്നതും ആകട്ടെ നാം കാംക്ഷിക്കുന്ന നമുക്ക് മുന്നിലെ ആ സന്തോഷം.

നമ്മെ നേടുന്ന (വീണ്ടെടുക്കുന്ന) സന്തോഷം ഓർത്ത് നിന്ദകൾ സഹിച്ചു മരിച്ച്, മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ് എന്നേക്കും ജീവിക്കുന്ന യേശു നാഥനെ ധ്യാനിച്ചും, മാനിച്ചും, സേവിച്ചും മുന്നേറാം.

ജോസ് പ്രകാശ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.