ലേഖനം: ഭയപ്പെടേണ്ട ദൈവം നമ്മോട് കൂടെ

ഷാജി ആലുവിള

ഭയം എന്നത്‌ ഒരു തരം വികാരമാണ്. ഇതു വിവിധ നിലകളിൽ ആണ് മനുഷ്യരെ വേട്ടയാടുന്നത്. മനുഷ്യനും സകല ജീവ ജന്തുക്കൾക്കും ഭയം എന്ന വികാര സ്വഭാവം ഉണ്ട്. നിലനിൽപ്പിനു വേണ്ടിയുള്ള മനസിന്റെ ആദ്യ പ്രതിരോധ സ്വഭാവം ആണ് ഭയം. മനഃശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണ ഭയം ആകുന്നു. അതുകൊണ്ടാണ് ദൈവത്തിൽ നിന്നും ആദ്യ മനുഷ്യരായ ആദം ഹൗവ്വ ഓടി ഒളിക്കുന്നത്. നന്മ തിന്മകളെ തിരിച്ചറിയുന്നതിനുള്ള ഫലം കഴിക്കരുത് എന്നുള്ള ദൈവത്തിന്റെ ആദ്യ കൽപ്പന ലംഘിച്ച അവർ മരണം ഭയന്ന് ഓടി മറഞ്ഞു. ദൈവം കല്പിച്ചിരുന്നു തിന്നുന്ന നാളിൽ നീ മരിക്കും. ആ ഫലം പറിച്ചു തിന്നപ്പോൾ നിയമം ലംഘിച്ചു. ഈ ഫലം എടുക്കും മുമ്പായിരുന്നു ഭയം ഉണ്ടാകേണ്ടിയിരുന്നത്. അതു കഴിച്ചാൽ, ഞാൻ ആ തെറ്റു ചെയ്താൽ നിയമത്തിന്റെ മുൻപിലുള്ള ശിക്ഷ ഞാൻ അനുഭവിക്കണം എന്ന് ഭയപ്പെട്ടിരുന്നു എങ്കിൽ ആദം ഹവ്വാമാർ ദൈവത്തെ ഭയപ്പെട്ടു മറഞ്ഞു നിൽക്കേണ്ടി വരില്ലായിരുന്നു. അപ്പോൾ അവരെ ഭരിച്ച ഭയം അവർ മരിക്കും എന്നതായിരുന്നു.
ഭയം മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നു. ചില ഭയങ്ങൾ നമ്മെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കും. അകാരണമായ മറ്റു പല ഭയവും നമ്മെ രോഗികൾ ആക്കുകയും ചെയ്യും. ഭയം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥ മനസ്സിനെയും, ശരീരത്തെയും തട്ടി ഉണർത്തി അതിനെ നേരിടുവാൻ സജ്ജമാക്കുന്നു. അതിൽ ചിലർ മനക്കരുത്തോടെ ആ സന്ദർഭങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ചിലർ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ പെട്ടന്നുള്ള മരണത്തിൽ ഞെട്ടലോടെ ആയാൽ പോലും ഒന്നു കരയുവാൻ പോലും അവർ തയ്യാറാകില്ല. അവർ ഒന്നു കരയാൻ ശ്രമിച്ചാൽ മനസൊന്നു ശാന്തമാകും പക്ഷെ കരയാതെ അവരുടെ മനസ്സ് ആ സാഹചര്യത്തെ അതിജീവിക്കുകയാണ് അവിടെ. പേടിക്കുകയോ ഭയക്കുകയോ ചെയ്യാതെ അവർ ആ വേദനയുടെ സാഹചര്യത്തെ മറ്റുള്ളവരുടെ മുൻപിൽ ധീരതയോടെ നേരിടുമ്പോൾ ദൈവത്താൽ ഉള്ള മനക്കരുത്തും ആകാം അല്ലങ്കിൽ തളർന്നു പോകാതെ ഉൾക്കരുത്ത് ആർജിച്ചതും ആകാം.

ആവശ്യമില്ലാത്ത ആദികളും ഭീതികളും നമ്മുടെ സന്തോഷത്തെ ഇല്ലാതാക്കും. നമ്മിൽ അവ ഭയാനകമായ ചിന്തകൾ നിറയ്ക്കും. പിന്നീട് മാനസിക പിരിമുറുക്കത്തിലേക്ക് നാം പോകും. ഒരിക്കൽ വനത്തിലൂടെ സവാരിക്കിറങ്ങിയ രാജാവ് മരത്തിൽ തറച്ചിരിക്കുന്ന അമ്പും അതിനു ചുറ്റും വരച്ചിരിക്കുന്ന ഒരു വൃത്തവും കണ്ടു. രാജാവ് അതിധീരനായ മനുഷ്യൻ ആയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ തന്റെ നായാട്ടിനിടയിൽ സ്ഥിരം, കിറുകൃത്യമായി വൃത്തത്തിന്റെ ഒത്ത നടുക്ക് അമ്പെയ്തു വെച്ചിരിക്കുന്ന അനേക വൃക്ഷങ്ങൾ രാജാവ് കണ്ടു. ധീരനായ രാജാവ് ചിന്തിച്ചു ഈ നാട്ടിൽ വളരെ കൃത്യതയോടെ വൃത്തത്തിന്റെ ഒത്ത നടുക്ക് ഉന്നം തെറ്റാതെ അമ്പ് എയ്യുന്ന ആ വ്യക്തി ആരുതന്നെ ആയാലും എന്നെയും ഒറ്റ അമ്പു കൊണ്ട് കൊല്ലും. അതിൽ ഭയന്ന രാജാവ് രാജ്യം മുഴുവാനും ആ വില്ലാളിയെ പിടിക്കുവാൻ പരിചാരകരെ നിയോഗിച്ചു. നാട് മുഴുവനും അരിച്ചു പെറുക്കിയിട്ടും ആർക്കും അങ്ങനെ ഒരു അമ്പയ്ത്തു കാരനെ കാണുവാൻ സാധിച്ചില്ല. രാജാവ് നാൾക്കുനാൾ ക്ഷീണിതനും ദുഃഖിതനും ആയി തീർന്നു. നാളുകൾക്കു ശേഷം ആ അമ്പെയ്ത്തുകാരനായ വില്ലാളി വീരൻ പിടിയിലായി. അവനെ അവർ രാജസന്നിധിയിൽ എത്തിച്ചു. രാജാവ് തന്റെ മുമ്പിൽ നിൽക്കുന്ന വില്ലാളിയെ കണ്ട് സ്തബ്ധനായി. വെറും നാലു വയസുള്ള ഒരു ബാലൻ അമ്പും വില്ലുമായി നിൽക്കുന്നു. രാജാവ് ചോദിച്ചു നീയാണോ മരങ്ങളിൽ അമ്പ് എയ്യുന്നത് ? അതേ എന്ന് ആ ബാലൻ തല ആട്ടി പറഞ്ഞു. രാജാവ് വീണ്ടും ചോദിച്ചു, ഇത്ര കൃത്യമായി നീ എങ്ങനെ ആണ് ആ ചെറു വൃത്തത്തിന്റെ ഒത്ത നടുക്ക് അമ്പ് എയ്യുന്നത്? ഓ അതോ, ഞാൻ ആദ്യം അമ്പ് എയ്യും, പിന്നെ അതിനു ചുറ്റും ഒരു വൃത്തം വരക്കും. പെട്ടന്ന് രാജാവിന്റെ മുഖത്തു ചിരിയുടെയും സന്തോഷത്തിന്റെയും പ്രസരിപ്പുണ്ടായി സദസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു. നോക്കു ഇതു ഇരു കഥയാണ് യാഥാർഥ്യം മനസിലാക്കാതെ രാജാവ് ചിന്തിച്ചു, ചിന്തിച്ചു മാനസികമായി തകർന്നു, രോഗിയായി, ഭക്ഷണം വെറുത്തു, എത്രത്തോളം അസ്വസ്ഥനായി ?. ഒടുവിൽ ആ ഭയം വേണ്ടായിരുന്നു എന്നു അനുതപിച്ചു. അനുദിന ജീവിതത്തിൽ ഇത്തരം അനാവശ്യ ഭയ ചിന്തകൾ നമ്മെ അലട്ടിയാൽ നമ്മൾ പല മേഖലകളിലും അസ്വസ്ഥരായിത്തീരും.

നമുക്ക് സംഭവിച്ചു കഴിഞ്ഞതിനെ പറ്റിയോ, സംഭവിക്കാൻ ഉള്ളതിനെ പറ്റിയോ ആയിരിക്കാം ഭയം. പലപ്പോഴും നിലവിൽ ഇല്ലാത്ത പലതിനെയും ആയിരിക്കും നമ്മൾ ഭയപ്പെടുന്നത്. സാങ്കൽപ്പിക ചിന്തകളാണ് നമ്മെ കൂടുതലും ഭയപ്പെടുത്തുന്നത്. എന്തു തന്നെ ആയാലും എന്തു സംഭവിക്കും എന്നുള്ളതാണ് ചിന്തയെങ്കിൽ ഭയം വർധിക്കുകയെ ഉള്ളു. ദൈവ വിശ്വാസത്തിൽ അടിയുറച്ചുപോകുന്ന ഒരു ദൈവ ഭക്തൻ പറയും കൂരിരുൾ താഴ്‌വരകളിൽ കൂടി കടന്നുപോയാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. കാരണം യെഹോവ ഇടയനായി എന്റെ കൂടെ ഉണ്ട്. അതുകൊണ്ട് ഒരു യദാർത്ഥ ദൈവ പൈതൽ ഭയം കൊണ്ട് ജീവിതത്തിൽ അതിരുകൾ കെട്ടിപ്പൊക്കരുത്, ആ അതിരുകളിൽ നാം ഒരിക്കലും സുരീക്ഷതർ അല്ല. ദൈവത്തോട് സ്നേഹവും ബഹുമാനവും ആണ് വേണ്ടത്. ദൈവം തന്നിരിക്കുന്ന പ്രമാണങ്ങൾ അനുസരിക്കേണ്ടതിനു ചട്ടലംഘനങ്ങൾ നടത്തരുത്. ലംഘനം സംഭവിച്ചാലുള്ള ശിക്ഷയെ നാം ഓർത്താൽ അതാണ് ദൈവത്തോടുള്ള ഭയം. തെറ്റിനെ മാത്രം അല്ല അതിന്റെ ശിക്ഷയെയും നാം ഭയപ്പെടണം. മിഥ്യാസങ്കല്പങ്ങളാൽ സമനില തെറ്റിപ്പോയ മനസിന്റെ ഉൽപ്പന്നം ആണ് ഭയമെന്നും പറയാം. നിലവിലില്ലാത്ത കാര്യങ്ങളെ കുറിച്ച് ഘേതിക്കാതെ സംഭവിച്ചു പോയതിനെ കുറിച്ചു ഓർത്തുകൊണ്ടു മുന്നോട്ടുപോയാൽ വാസ്തവത്തിൽ ഭാവിക്ക് അതു ദോഷമായി ഭവിക്കും. ഭാവി കാലത്തെ ഓർത്തു പുഞ്ചിരി തൂകിയ ശൂനേം കാരിത്തിയെ പോലെ ജീവിതത്തോട് ഇഴുകി ചേർന്ന് കഴിഞ്ഞതിനെ കുറിച്ചോ, വരുവാൻ ഉള്ളതിനെ കുറിച്ചോ ഓർത്തു ഉൽക്കണ്ഠ പ്പെടാതെ ഭാവിയെ കരുത്തുറ്റതാക്കുന്ന ദൈവത്തിൽ ആശ്രയിച്ചു മുന്നേറിയാൽ ഭയത്തെ മറികടന്നു നമുക്ക് മുന്നേറുവാൻ ഇടയായി തീരും. ഭയം വേണ്ട തെല്ലും മനമേ, ജയ ജീവിതം നായിച്ചീടും എന്നുള്ള ഉറപ്പിൽ ഹൃദയത്തെ നമുക്ക് ഒരുക്കി എടുക്കാം. ജയത്തോടെ നമുക്ക്‌ യാത്ര തുടരാം, ലക്ഷ്യം തെറ്റാതെ.

ഷാജി ആലുവിള

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.