ലേഖനം: കഷ്ടതയെ ഇഷ്ടപ്പെടുന്നവർ

സുവി. ജിനു തങ്കച്ചൻ, കട്ടപ്പന

“കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായിത്തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ്ത്തീരുന്നു ഞാൻ ” എന്ന് പാടിയവരുടെ തലമുറ കഷ്ടതയെ ഉന്മൂലനാശം ചെയ്യാൻ നെട്ടോട്ടം ഓടുകയാണ്.
“ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ട്” (യോഹ 16:33) എന്ന ക്രിസ്തുവിന്റെ വാക്കുകൾ ആരോ മായ്ക്കാൻ ശ്രമിക്കുന്നതു പോലെ. ക്രിസ്തുഭക്തർക്ക് മാത്രമല്ല, സകല മനുഷ്യർക്കും ഈ ലോകത്തിൽ കഷ്ടമുണ്ട്. പക്ഷേ കർത്താവിന്റെ വാക്കുകൾ വളരെയധികം ധൈര്യം പകരുന്നവയാണ്, “എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു ” ( യോഹ 16:33). ഈ തിരുവെഴുത്ത് നമ്മോട് പറയുന്നത് കഷ്ടതകൾ മാറ്റുകയല്ല, അതിജീവനത്തിന്റെ ദൈവകൃപ പ്രാപിക്കുകയാണാവശ്യം. അപ്പോൾ തന്നെ കഷ്ടത ശാപമാണ് എന്നു വരുത്തിത്തീർത്ത് മറ്റൊരു വ്യവസായ സമ്പ്രദായം കൂടി ഉടലെടുത്തിട്ടുണ്ട് എന്നത് ആശ്ചര്യജനകമാണ്. ഇരകൾ കഷ്ടത മാറാൻ ഓടി നടക്കുന്നവർ തന്നെ.
“കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല ” എന്ന് പാടിയവർ അതിനെ സാരമായി കണ്ടുതുടങ്ങി എന്ന് സാരം. എന്നാൽ കഷ്ടതയെ ഇഷ്ടപ്പെട്ട ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. കഷ്ടതയോടുള്ള ആദ്യനൂറ്റാണ്ടിലെ സഭയുടെ സമീപനം കർത്താവിന്റെ വാക്കുകളിലും പ്രത്യാശയിലും ഊന്നിയവ ആയിരുന്നു. അതിലേക്ക് ഒരു തിരിഞ്ഞുനോട്ടം ഇന്നിന്റെ സഭയ്ക്ക് അനിവാര്യമാണ്.
പ്രധാനമായും മൂന്നു വിധ സമീപനങ്ങൾ അപ്പോസ്തലർക്ക് കഷ്ടതയോട് ഉണ്ടായിരുന്നു.

1. കഷ്ടതയിൽ പ്രശംസിക്കുന്നു ( റോമ. 5:4)

“അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”(റോമർ 5:3-4).
കഷ്ടതയിൽ ഉളവാകുന്ന ഫലങ്ങളും ദൈവീക സാന്നിധ്യവും തിരിച്ചറിഞ്ഞവർ പതറുകയല്ല പ്രശംസിക്കും,അഭിമാനിക്കും. മനുഷ്യർ ഉയർച്ചകളിലും നേട്ടങ്ങളിലും മാത്രമേ പ്രശംസിക്കുകയും അഭിമാനിക്കുകയും ചെയ്യുകയുള്ളു. ക്രിസ്തുഭക്തർക്ക് നേട്ടമാണ് കഷ്ടത. ദൈവത്തിന്റെ പാഠശാലയാണ് അനുവദിക്കപ്പെട്ടിട്ടുള്ള കഷ്ടതകൾ. സഹിഷ്ണുത, സിദ്ധത, പ്രത്യാശ എന്നീ ക്രിസ്തീയ സ്വഭാവവൽക്കരണത്തിനായിട്ടാണ് കഷ്ടത എന്ന ബോധ്യമാണ് കഷ്ടതയിൽ പ്രശംസിക്കുവാൻ അപ്പോസ്തലനെ ധൈര്യപ്പെടുത്തിയത്. ഈ സത്യം ഗ്രഹിച്ചവർക്ക് മുള്ളുകൾ വിരിച്ച പാതകൾ സമസ്യകളാകുന്നില്ല. അത് പ്രശംസിക്കുവാനുള്ള നേട്ടമാണ്.

2. കഷ്ടതയിൽ സന്തോഷിക്കുന്നു (1പത്രോ4:3).

“ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ”(1പത്രൊസ് 4:13).
ദൈവനാമം നിമിത്തം സഹിക്കുന്ന കഷ്ടതകൾ ഒരു പങ്കാളിത്തമാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. വാക്കുകൾ കൊണ്ട് ഒരു വ്യക്തിയോടുള്ള അനുഭാവം പ്രകടിപ്പിക്കാം. പ്രവൃത്തികൊണ്ടും അനുഭാവം പ്രകടിപ്പിക്കാം. പക്ഷേ ഒരാശയത്തിനോ വ്യക്തിക്കോ വേണ്ടി ശരീരഭേദ്യം ഏൽക്കുമ്പോഴാണ് അനുഭാവത്തിന്റെ ആഴം വ്യക്തമാകുന്നത്. അത് ദേഹം, ദേഹി, ആത്‌മാവ് എന്നിവയുടെ സമ്പൂർണ പങ്കാളിത്തമാണ്. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ കഷ്ടതയിൽ പങ്കുചേരുക എന്നത് പരമോന്നത ബഹുമതിയാണ്. ബഹുമതിയോടുള്ള പ്രതികരണമാണ് ഈ സന്തോഷം. കഷ്ടതയെ ഈ നിലവാരത്തിലാണ് അപ്പോസ്തലർ പരിഗണിച്ചത്.

3. കഷ്ടതയെ ഇഷ്ടപ്പെടുന്നു ( 2 കൊരി 12:10)*

അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു. ( 2കൊരിന്ത്യർ 12:10). കഷ്ടത സഹിക്കുവാൻ ഇഷ്ടപ്പെടുന്നു. അതിന് അപ്പോസ്തലൻ നൽകുന്ന വിശദീകരണം മുൻവാക്യങ്ങളിൽ വ്യക്തമാണ്.
” ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും” ( 2 കൊരിന്ത്യർ 12:9). കടന്നുപോകുന്ന കഷ്ടതകൾ ദൈവശക്തിക്ക് നിദാനമാകുന്നു എങ്കിൽ അതിനെ ഭക്തൻ നിശ്ചയമായും ഇഷ്ടപ്പെടും. ആരോഗ്യ ദായകമായ ഭക്ഷണം ശരീരത്തിനു ഗുണം എന്നതുപോലെയാണ് ക്രിസ്തീയ ജീവിതത്തിലെ കഷ്ടതകൾ.
കഷ്ടതകൾ ലാഭമാണ്. നിത്യകിരീടത്തിലെ പൊൻതൂവൽ ആകാം കടന്നുപോകുന്ന ശോധനയുടെയും വേദനയുടെയും നിമിഷങ്ങൾ. തളർന്നും തകർന്നും പോകാതെ കഷ്ടതകളെ ജയിച്ചവന്റെ സാന്നിധ്യം സാന്ത്വനമേകും.

അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു,നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചുപോയിരിക്കുന്നു.
(1 പത്രൊസ് 2:21) ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.
(1 പത്രൊസ് 4:1). നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. (2 കൊരിന്ത്യർ 4:17).
ഈ തിരുവെഴുത്തുകൾ എല്ലാം പറയുന്നത് ക്രിസ്തീയ ജീവിതത്തിൽ കഷ്ടതകൾ ഉണ്ട്. കഷ്ടതയില്ലാത്ത ക്രിസ്തീയത ക്രിസ്തുവില്ലാത്ത ക്രൂശ് പോലെ ആണ്. കഷ്ടതകളെ ഇഷ്ടപ്പെടാൻ കഴിഞ്ഞാൽ വിജയപാതയിലെത്തി. കഷ്ടതകൾ മാറാൻ കഷ്ടപ്പെടാതെ കഷ്ടതയെ ഇഷ്ടത ആക്കി മാറ്റുക. ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ മാതൃക തുടരുക. അതിജീവനത്തിന്റെ ദൈവകൃപ നമ്മെ നിലനിർത്തും.

സുവി. ജിനു തങ്കച്ചൻ, കട്ടപ്പന

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.