ലേഖനം: എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു

ഷൈജു ഡാനിയേൽ, അടൂർ

നസുള്ളവൻ, കൊടുക്കുന്നു എന്നീ വേദപുസ്തക പദങ്ങൾ കേൾക്കുമ്പോൾ ഒരു വേള നമ്മിൽ ആദ്യമുണ്ടാകുന്ന ചിന്തകൾ കരുണ ഉള്ള ദൈവത്തെ കുറിച്ചും അവിടുത്തെ ആർദ്രതയുള്ള പ്രവർത്തികളെ കുറിച്ചുമായിരിക്കും. കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും(പുറപ്പാട് 33:19) എന്ന് മോശയോട് ഒരിക്കൽ ദൈവം പറയുക കൂടി ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മേലുദ്ധരിച്ച തലക്കെട്ട്‌ ദൈവത്തിന്റെതാകാം എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

പക്ഷെ ഇത് സമസ്ത ലോകങ്ങളെയും ചമച്ച ദൈവത്തോട് സകല ഭോഷ്ക്കിന്റെയും അപ്പനായ പിശാചു പറഞ്ഞ ഒരു പ്രസ്താവനയാണ് (ലൂക്കോസ് 4:6) . മരുഭൂമിയിൽ യേശുവിനു നേരിട്ട പരീക്ഷയിൽ, പിശാചു അവനെ മേലോട്ട് കൂട്ടികൊണ്ട് പോയി സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ കാണിച്ചു. അതിനനന്തരം , ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു എന്ന് യേശുവിനോട് പറയുകയുണ്ടായി. ഒന്ന് നമസ്കരിച്ചാൽ നീ എനിക്ക് മനസുള്ളവൻ ആകുകയും അധികാരവും മഹത്വവും ഞാൻ നിനക്ക് കൈമാറുകയും ചെയ്യാം എന്നായിരുന്നു യേശുവിനോടുള്ള പിശാചിന്റെ ആഹ്വാനം!! സാത്താന് മനസുള്ളവനായി നാം മാറുമ്പോൾ അനർഹമായതും വഴിവിട്ടതുമായ അധികാരങ്ങളും മഹത്വവും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും . വീണു നമസ്ക്കരിക്കുക എന്നത് ആക്ഷരികമായി നമ്മിൽ ഒരു പക്ഷെ സംഭവിക്കുന്നില്ലായിരിക്കാം.

ക്രിസ്തീയ ജീവിതത്തിന്റെ ഗമന വഴികളിൽ അറിഞ്ഞോ അറിയാതെയോ നാം പിശാചിനെ നമസ്ക്കരിക്കേണ്ടി വരുന്ന ഒട്ടനവധി സന്നർഭങ്ങൽ നമുക്ക് മുൻപിൽ ഉണ്ടാകാം. സാത്താനിൽ നിന്നും ഉണ്ടാകുന്ന വെല്ലുവിളികൾക്കും ആഹ്വാനങ്ങൾക്കും ഒക്കെ നേരെ നാം നടത്തുന്ന അപക്വമായ വികാര പ്രകടനങ്ങളിലൂടെയോ വികലമായ പ്രതികരണങ്ങളിലൂടെയോ നാമൊക്കെ സാത്താൻറെ ദാസന്മാരായോ അവനു ഇഷ്ട്ടമുള്ളവരായോ തീരാറുണ്ട്. നമ്മുടെ പ്രതികരണങ്ങൾ,നയങ്ങൾ, നിലപാടുകൾ , സമീപനങ്ങൾ ഇവയൊക്കെ തിരുവചനാധിഷ്ട്ടിതമല്ലാതെ വരുമ്പോൾ നാം പിശാചിന്റെ മുൻപിൽ നമ്മുടെ തലകളെ വണക്കുകയാണ് .

പൈശാചിക ഇംഗിതങ്ങൽക്കൊത്തു ചലിക്കുന്നവർക്ക് വാരിക്കോരി വേണ്ടുവോളം കൊടുക്കാൻ സദാ സന്നദ്ധനാണ് വഞ്ചകനായ സാത്താൻ. ദൈവനിയോഗിതമായ അധികാരങ്ങൾക്കോ ഉയർച്ചകൾക്കോ വേണ്ടി ദൈവ പാദപീടത്തിൽ ക്ഷമയോടെ കാത്തിരിക്കുവാൻ തയ്യാറല്ലാത്തവർ , ഒന്ന് നമസ്ക്കരിക്കുന്നതിലൂടെ വളരെ വേഗത്തിൽ കൈവരാൻ ഇടയുള്ള അധികാരങ്ങൾക്കും മഹത്വത്തിനുമായി സാത്താനുമായി കൈകോർക്കുന്നു!!. എല്ലാ അധികാരങ്ങളും മഹത്തുക്കളും സ്ഥാനമാനങ്ങളും പദവികളും സമൃദ്ധികളും ദൈവത്തിൽ നിന്നുള്ളതും ദൈവീകവുമാണ് എന്ന ഭൂരിപക്ഷ നിലപാടുകൾ വേദപുസ്തകപ്രകാരം ശെരിയല്ല. പ്രിയ മക്കൾ എന്നതുപോലെ ക്രിസ്തുവിനെ അനുകരിക്കുന്നതിനു പകരം സാത്താൻറെ ആവശ്യങ്ങൾക്കനുസരിച്ച് അവന്റെ ഇഷ്ട്ടപുത്രന്മാരായി നാം മാറുമ്പോൾ നമ്മെ തേടിയെത്തുന്നത് ഒരു പുരുഷായുസ്സിൽ നമുക്ക് ഈ ഭൂമിയിൽ നേടാവുന്നതിനും അപ്പുറമായ ഉയർച്ചകളുടെ ഒട്ടനവധി സാധ്യതകൾ ആയിരിക്കും. ഇവിടെ ദൈവീകമായതിനെയും സാതാന്യമായതിനെയും വകതിരിച്ചറിയുക ശ്രെമകരമാണ്. എന്നാൽ വചന ദർപ്പണത്തിലൂടെ നിരീക്ഷണ വിധേയമാക്കിയാൽ കഴമ്പില്ലാത്ത പൈശാചിക വാഗ്ദ്ധത്തങ്ങളെ വേഗത്തിൽ തിരിച്ചറിയാം.

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സാത്താനിൽ നിന്നും സ്വീകരിക്കുകയും അതിനെ ദൈവികമെന്നു സ്വയം വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നതാണ്. വചന വ്യാഖ്യാനത്തിന്റെ ധാർമ്മിക സീമകളെ ലംഘിച്ചു കൊണ്ടുള്ള നമ്മുടെ പലായനപ്രവണതകളിലൂടെ രൂപപ്പെടുന്ന ഉപദേശങ്ങൾ, പഠിപ്പിക്കലുകൾ , പ്രഭാഷങ്ങൾ ഇവയിലൂടെയൊക്കെ സംഭവിക്കുന്നത്‌ പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിനെ നമ്സക്കരിക്കൽ ആണ്. തെറ്റായി നിർവ്വചിക്കപ്പെടുന്ന യേശുവും വികലമായി അവതരിപ്പിക്കപ്പെടുന്ന സുവിശേഷവും നിമിത്തം സാത്താൻ ഏറെ സന്തോഷിക്കുന്നു എന്നത് തെളിയിക്കപ്പെട്ട സത്യമാണ്.

ഈ നിലയിൽ സാത്താന്റെ മനസ്സിൽ ഇടംപിടിക്കുന്ന വേറൊരേശുവിന്റെയും വേറൊരു സുവിശേഷത്തിന്റെയും പ്രചാരകർക്കു, അവർ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും ഇഷ്ട്ടം പോലെ കൊടുക്കാൻ സാത്താൻ എപ്പോഴും ഒരുക്കമാണ്. സാത്താൻറെ വാഗ്ദ്ധാനങ്ങൾ എപ്പോഴും പ്രഥമ വീക്ഷണത്തിൽ നമുക്ക് മനസിലാകാത്തതും ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ നാം തിരിച്ചറിയുന്നതുമായ വലിയ നുണകൾ ആയിരിക്കും. സാരവത്തായതൊന്നും ഇല്ലാത്ത സാത്താൻറെ ഇത്തരം കപട വാക്കുകളിൽ വഴങ്ങിയാൽ തന്ത്രപരമായി രൂപപ്പെടുത്തിയ വഞ്ചനയുടെ വലയിൽ നാം കുടുങ്ങാൻ സാധ്യതയുണ്ട്!! അത് പാമ്പിലൂടെയോ (പ്രലോഭനങ്ങളുമായി) പത്രോസിലൂടെയോ (ദൈവിക നിർണ്ണയങ്ങൾക്ക് ഇടർച്ചക്കാരനായി ) നമുക്ക് മുൻപിൽ പ്രത്യക്ഷനാകാം!!

“സാത്താനേ, എന്നെ വിട്ടുപോ” എന്ന് പറയാനുള്ള ക്രിസ്തുവേശുവിന്റെ ആർജ്ജവം, ആശയകുഴപ്പങ്ങൾ സൃഷ്ട്ടിക്കുന്ന ഇത്തരം സാത്താന്യ നിലപാടുകൾക്ക് നേരെ നമ്മിൽ നിന്നും ഉണ്ടാകേണ്ടതാണ്!! പക്ഷെ അബ്രഹാമിന്റെ നിലപാട് ഇവിടെ ശ്രേദ്ധെയമാണ്. ആളുകളെ എനിക്ക് വിട്ടു തരിക- സമ്പത്ത് നീ എടുത്തുകൊൾക (ഉല്പ്പത്തി 14:21) എന്ന സോദോം രാജാവിന്റെ ആവശ്യം അബ്രഹാം നിരാകരിക്കുകയാണ്. കാരണം തനിക്കു ഭാവിയിൽ വന്നുചേരേണ്ട ദൈവികമായ അനുഗ്രഹങ്ങൾക്ക് അവകാശം പറയാൻ സോദോം രാജാവിനെ അനുവദിച്ചുകൂടാ എന്ന നിർബന്ധം അബ്രഹാമിനുണ്ടായിരുന്നു.

ദൈവികമായ ഉറവകളിൽ നിന്നും പുറപ്പെട്ടു വരാത്ത എല്ലാ സമ്മാനങ്ങളോടും അവയുടെ ദാതാക്കളോടും “എനിക്കിതു ആവശ്യമില്ല” എന്ന് പറയാൻ അബ്രഹാമിന് മടിയുണ്ടായിരുന്നില്ല. ദൈവം ഒരുക്കി വച്ചിട്ടുള്ളതിനു വേണ്ടി ക്ഷയോടുള്ള കാത്തിരിപ്പിനിടയിൽ വളരെ വേഗത്തിൽ സമ്പന്നനാകാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന , അതിനു സഹായം ചെയ്യുന്ന സോദോം രാജാവിനോടുള്ള അബ്രഹാമ്യ സമീപനം ഏറെ മാതൃകാപരമാണ്.

വീണു നമസ്ക്കരിക്കുന്നവന് വേണ്ടുവോളം കൊടുക്കാൻ സാത്താന്റെ പക്കാൾ ധാരാളം ഉണ്ട് (എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു)!! പക്ഷെ സത്യവും സങ്കൽപ്പവും തിരിച്ചറിയാൻ കഴിയുക എന്നത് പരിപക്വമായ ആത്മീകതയുടെ പ്രകടമായ ഒരു ലക്ഷണമാണ് !!

ഷൈജു ഡാനിയേൽ, അടൂർ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.