രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി ഇന്ന്; നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും നിലനിൽക്കേണ്ടതിനായി പ്രാർത്ഥിക്കാം

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ കേസിന്റെ വിധി ഇന്ന് ശനിയാഴ്ച സുപ്രീം കോടതി പ്രസ്താവിക്കും. ഇന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ഇന്നലെ രാത്രി ഒൻപത് മണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗുവാഹട്ടിയിലേക്ക് പോകുന്നുണ്ട്. അതിന് മുന്നോടിയായി ഉത്തരവ് ഉണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇന്ന് അവധി ദിവസമായിരുന്നിട്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേകം യോഗം ചേര്‍ന്ന് വിധി പ്രസ്താവിക്കും. ഇതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് സുപ്രീംകോടതിയിലും ഡല്‍ഹിയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് വര്‍ധിപ്പിച്ചിരുന്നു.
വിധി റിപ്പോര്‍ട്ട് ചെയ്യുന്ന അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ രാവിലെ ഒൻപതു തമണിക്ക് മുൻപായി കോടതിക്കുള്ളില്‍ പ്രവേശിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് ഇന്ന് വിധി പറയുക. തുടര്‍ച്ചയായി 40 ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേട്ടതിന് ശേഷമാണ് വിധി പറയാന്‍ പോകുന്നത്.
1885 മുതലുള്ള നിയമ വ്യവഹാരത്തിലാണ് വിധി വരുന്നത്. 2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.