ഭാവന: ഭക്തന്റെ നിത്യത നഷ്ടപ്പെടുത്തിയ മൊട്ടുസൂചി

പാ. പ്രവീണ്‍ പ്രചോദന

നിത്യത കരസ്ഥമാക്കുവാൻ വിശുദ്ധജീവിതത്തിന്റെ പര്യയായവും ഉച്ചസ്ഥായിയിൽ നിന്ന അനുഗ്രഹീത ദൈവദാസനായിരുന്നു പാസ്റ്റർ.അഹരോൻ, വളരെ ശക്തമായ ശ്രുശ്രുഷകൾ ചെയ്യുന്ന, ആത്മാക്കളെ നേടുന്ന ആത്മഭാരവും ആത്മാർത്ഥതയും ഉള്ള വിശ്വസ്തൻ. ഒരുദിവസം തന്റെ സ്നേഹിതനായ പാസ്റ്റർ.കാലേബിന്റെ പുൽമേട്ടിലുള്ള സഭയിൽ നടക്കുന്ന ഉപവാസപ്രാർഥനയിൽ പകലും രാത്രിയിലും ശ്രുശ്രുഷിപ്പാൻ തനിക്ക് അവസരമുണ്ടായി.

ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്റെ ചില റെക്കോർഡ് പേപ്പറുകൾ ഒന്ന് അടുക്കിപെറുക്കിവെക്കുമ്പോൾ അവയെല്ലാം ഒരുമിച്ചു പിൻ(മൊട്ടുസൂചി) ചെയ്തുവെക്കണം എന്നാഗ്രഹിച്ചു. പക്ഷെ മൊട്ടുസൂചി ഇല്ലായിരുന്നു,ഒരു മൊട്ടുസൂചിയായിട്ടു താൻ വാങ്ങുവാനും മടികാട്ടി. ഇന്നാണ് പുൽമേട്ടിലെ ശ്രുശ്രുഷക്ക് പോകേണ്ടദിവസം.പ്രഭാതത്തിൽ എഴുന്നേറ്റു പാടി പ്രാർത്ഥിച്ചു വളരെ പ്രാഗൽപ്പിയത്തോടെ ശ്രുശ്രുഷക്കായി പുറപ്പെട്ടു.

സഭയിലേക്ക് മാർവ്വോടു ചേർത്തുപിടിച്ച വേദപുസ്തകവുമായി അഹരോൻ പാസ്റ്റർ കയറി ചെല്ലുമ്പോൾ വേദിയിൽ പാസ്റ്റർ കാലേബ് വചന വായനയിൽ മുഴുകിയിരിക്കുകയായിരുന്നു. ഏകദേശം വേദിയോട് നടന്നടുക്കാറായപ്പോൾ ചവിട്ടുമെത്തയിൽ കിടന്നു എന്തോ തിളങ്ങുന്നപോലെ തന്റെ കണ്ണിൽ പ്രതിബിംബിച്ചു. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോൾ അതൊരു മൊട്ടുസൂചി ആയിരുന്നു.

തന്റെ ഏതാനും ദിവസത്തെ ആഗ്രഹസാഫല്യം സായൂജ്യമണിഞ്ഞു. അതിനെ എടുത്തു താൻ ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ കുത്തിവെച്ചു.

കാലേബ് പാസ്റ്റർ തന്റെ ഇരിപ്പിടം വിട്ടെഴുന്നറ്റ് ആദരപൂർവ്വം ഹസ്തദാനം നൽകി മറ്റൊരു ഇരിപ്പിടത്തിലേക്ക് പാസ്റ്റർ അഹരോനെ ഇരുത്തി. താനും തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.വിശേഷങ്ങൾ തമ്മിൽ ആരാഞ്ഞു.

സമയമായി, പ്രാർത്ഥിച്ചു യോഗം ആരംഭിച്ചു. പാട്ടുകൾക്കും, മദ്ധ്യസ്ഥ പ്രാർഥനക്കും ശേഷം വചനശ്രുശ്രുഷക്കായ് തുടർന്നുള്ള സമയത്തെയും വേർതിരിച്ചു. ശക്തമായ ശ്രുശ്രുഷ പകലെന്നപോലെ രാത്രിയിലും വെളിപ്പെട്ടു.

വളരെ സന്തോഷത്തോടെ എല്ലാവരും സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി.എല്ലാവരും ചെറു പ്രാർത്ഥനയോടെ കിടക്കയിലേക്കും.

അർദ്ധരാത്രിയിൽ കാത്തിരുന്നപോലെ, പ്രത്യാശിച്ചപോലെ കർത്താവു വന്നു. എല്ലാവരും എടുക്കപ്പെട്ടു.

രാവിലെ പാസ്റ്റർ അഹരോൻ ഉറക്കം ഉണർന്നു. തന്റെ ഭാര്യയെയോ, മക്കളെയോ കാണുന്നില്ല. പുറത്തേക്കിറങ്ങി നോക്കിയപ്പോൾ പലരും പലരെയും കാണുന്നില്ല എന്ന സംസാരവുമായി തുടരുന്നു .

പാസ്റ്റർക്ക് കാര്യം പിടികിട്ടി, കർത്താവ് വന്നു പോയി. ദുഃഖത്തോടെ പാസ്റ്റർ അകത്തേക്ക് കയറി മുഴങ്കാലിൽ നിന്ന് നിലവിളിച്ചു. കർത്താവെ……. എന്താ എന്നെ കൈവിട്ടത് ?ഞാൻ… ചെയ്ത തെറ്റ് എന്താ…. ?….

ദൈവം സംസാരിച്ചു തുടങ്ങി…. നിന്നിൽ ഞാൻ ഒരു തെറ്റും പുൽമേട്ടിലെ മീറ്റിംഗിന് പോകുന്നതുവരെയും കണ്ടില്ല. ദൈവം പറഞ്ഞു മുഴുപ്പിക്കുന്നതിനു മുമ്പേ താൻ പ്രതീകരിച്ചു.. പിന്നെ എന്താ കർത്താവെ എന്നെ കൈവിട്ടത്… ?
വീണ്ടും ദൈവം പറഞ്ഞു തുടങ്ങി.. ആ ചവിട്ടുമെത്തയിൽ കിടന്ന മൊട്ടുസൂചി നീ എടുത്തില്ലേ ?
മം… എടുത്തു, അതിലെന്താ തെറ്റ് കർത്താവെ…. !

അതിൽ തെറ്റൊന്നും ഇല്ല, പക്ഷെ അത് കാലേബ് അറിഞ്ഞില്ല, നീ അറിയിച്ചതുമില്ല. കാര്യമൊക്കെ ശരി തന്നെ… ഒരു ചെറിയ മൊട്ടുസൂചി. പക്ഷെ അത് അവിടെന്നു എടുത്തപ്പോൾ കാലെബിനെ അറിയിക്കണമായിരുന്നു.

ഗുണപാഠം: ക്രിസ്ത്യാനി എന്ന് പറഞ്ഞത് കൊണ്ടായില്ല. ക്രിസ്തു കൈക്കൊള്ളുന്ന ക്രിസ്തീയ ജീവിതം നയിക്കുന്നവരായിരിക്കണം. നിത്യത നഷ്ടപ്പെടാൻ ഒരു ചെറിയ കാര്യം മതി. നമ്മുടെ ശരികൾ ദൈവത്തിനു തെറ്റായി തോന്നിയാൽ നിത്യത കരസ്ഥമാകില്ല. ദൈവഇഷ്ടം ചെയ്തു ജീവിക്കാം, നിത്യത പ്രാപിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.