കവിത: ക്രൂശിലെ ധ്യാനം

ജെയിംസ് വെട്ടിപ്പുറം

പാപികൾ ഞങ്ങൾക്ക് രക്ഷയേകാൻ
പാപലോകത്തിൽ നീ വന്നുവല്ലോ
ദുഷ്ടരാം സൃഷ്ടികൾക്കായി നാഥാ
കഷ്ടതയേറ്റം സഹിച്ചുവല്ലോ

ദൈവമേ കൈവിട്ടതെന്തേയെന്നു
താതനോടായി നിലവിളിച്ചു
ദ്രോഹിച്ചവർ ദയ ലേശമെന്യേ
ഏൽപ്പിച്ചു ക്രൂശിൽ മരിപ്പത്തിനായ്

തങ്കക്കിരീടത്തിൻ സ്ഥാനത്തവർ
മുൾക്കിരീടം നിനക്കേകിയല്ലോ
ഭാരമുള്ളൊരു മരക്കുരിശും
ഏൽപ്പിച്ചുവോ ജൂതർ നിൻ ചുമലിൽ

ചാട്ടവാർ കൊണ്ടവരാഞ്ഞടിച്ചു
“ജൂത രാജാവേ ” യെന്നാർത്തു കൂകി
കൈകാൽ തളച്ചവരാണികളാൽ
ക്രൂശതിൽ ചേർത്തവരാഞ്ഞടിച്ചു

ദാഹിക്കുന്നെന്നു പറഞ്ഞനേരം
കാടി കൊടുത്തു കുടിപ്പതിനായ്
എല്ലാം നിവൃത്തിയായെന്നു ചൊല്ലി
പ്രാണൻ വെടിഞ്ഞുവോ പാപിയെപ്പോൽ
പിന്നെയും കുത്തി വിലാപ്പുറവും
പാരം രുധിരവും വാർന്നുവല്ലോ
ഉർവ്വിയിൻ രക്ഷയും ലക്ഷ്യമാക്കി
സ്വർഗ്ഗമഹിമയും നീ വെടിഞ്ഞു

വീണ്ടും നീ വന്നിടും മദ്ധ്യവാനിൽ
വിണ്ഡലത്തിലെന്നെ ചേർത്തിടുവാൻ
ആണിപ്പാടുള്ള കരങ്ങൾ മുത്തി
ആശ്വസിച്ചിടും ഞാൻ നിന്റെ മാർവ്വിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.