ലേഖനം: ആഡംബരം ആപത്കരം | സുവി. ജിനു കട്ടപ്പന

ധാരാളിത്തമാണ് ഏറ്റവും വലിയ തിന്മ. വിശക്കുന്നവന് മുന്നിൽ, അവന് ഇലയിടാതെ ഇരുന്നു സദ്യ കഴിക്കുന്നത് കൊലപാതകത്തെക്കാൾ വലിയ ക്രൂരതയാകും. അപരന്റെ അത്യാവശ്യങ്ങളെ ചവിട്ടിമെതിച്ച് സ്വന്തം അനാവശ്യങ്ങളിലേക്കുള്ള തേരോട്ടം അനീതിയാണ്. എല്ലാം വാരിക്കൂട്ടി തലയണയ്ക്കടിയിൽ സൂക്ഷിച്ചാൽ സുരക്ഷിതമെന്നു കരുതുന്നത് ഇടുങ്ങിയ മനസ്സിന്റെ വിഡ്ഢിത്തം.
സമ്പാദിച്ചവയെല്ലാം വേലികെട്ടി സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് പലരും തങ്ങളുടെ ക്രിയാത്മകത പോലും മറന്നു പോകുന്നത്. ഉള്ളതെല്ലാം എക്കാലവും സ്വന്തമാക്കി വയ്ക്കാനും ആരും അതിക്രമിച്ചു കടക്കാതിരിക്കാനും നടത്തുന്ന മതിൽ നിർമാണങ്ങളാണ് ജീവിതത്തിന്റെ സർഗ ശേഷികളെയെല്ലാം നശിപ്പിക്കുന്നത്.
പുതിയ നിയമ സഭയിൽ നിന്നു കൊണ്ട് പഴയ നിയമ സാമ്പത്തികശാസ്ത്ര വക്താക്കളാകാൻ ശ്രമിക്കുന്നത് ആത്മഹത്യപരമാണ്. പുതിയ നിയമ ചിന്തകൾ തൃപ്തിക്കാണ് മുൻഗണന നൽകുന്നത് ആർത്തിക്കല്ല. ക്രിസ്തുവിനു വഴിയൊരുക്കിയ യോഹന്നാൻ സ്നാപകന്റെ മൂർച്ചേറിയ വാക്കുകളിൽ കുത്തുകൊണ്ട ആളുകൾ “ഞങ്ങൾ എന്തു ചെയ്യണം ?” എന്ന് ചോദിച്ചുകൊണ്ട് ഓടിയടുത്തപ്പോൾ അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധേയമാണ്.

“എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.”
(ലൂക്കോസ് 3:10-14)
മാനസാന്തരത്തിന്റെ ആദ്യപടി ധാരാളിത്തം ഒഴിവാക്കുക എന്നതാണ്. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം കണക്കാക്കുമ്പോൾ അമ്പാനിയും അടിയാനും തുല്യരാണ്. പക്ഷേ യഥാർത്ഥ്യം ഒരുപാട് അടിയാന്മാരുടെ വരുമാനം അമ്പാനിയുടെ കൈയ്യിലും അവർ പരമ ദരിദ്രരരുമാണ്. കണക്കിലുള്ളത് കാര്യത്തിലില്ല. ഇവിടെ പുസ്തകത്തിൽ മാത്രമാണ് ആത്മീയത. എന്റേതെല്ലാം എന്റേതും നിന്റേതെല്ലാം നിന്റേതും എന്ന നയമാണ് അഭിനവ പെന്തക്കോസ്തിന്റെ മുദ്രാവാക്യം.
ക്രിസ്തുവിനെ കുബേര പ്രതിമ ആക്കിയ ആളുകളാണ് കൂടുതലും. ഈ തത്വം സൂക്ഷിച്ചാൽ ധനസമൃദ്ധി ഉണ്ടാകുമത്രേ. അന്നന്ന് ഉള്ള അപ്പം ആവശ്യപ്പെടാനാണ് ക്രിസ്തു പഠിപ്പിച്ചത്. പക്ഷേ ഇവിടെ ആവശ്യത്തിലധികം സമ്പാദിച്ചു ആർഭാടത്തിൽ ആറാടുകയാണ്. അതും കർത്താവ് തന്നു ഞാൻ അനുഭവിക്കുന്നു എന്ന ഭാവത്തിൽ. യേശു പറഞ്ഞ ഉപമ ശ്രദ്ധിക്കുക.

ഒരുപമയും അവരോടു പറഞ്ഞതു: “ധനവാനായോരു മനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു.
അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു.
പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും.
എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു:
മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു.
(ലൂക്കോസ് 12:16-20).

ഭൂതത്താനെ പോലെ നിധി കാക്കുന്നവരോട് ഇതാണ് ക്രിസ്തുവിന്റെ ചോദ്യം. ദൈവം ആയുസ് തരാതെ അത് അനുഭവിക്കാൻ കഴിയില്ല.ധനം സമ്പാദിച്ചു പറയുന്ന ഒരു പ്രഖ്യാപനമുണ്ട്. “ഞാൻ പ്രാർത്ഥിച്ചു എനിക്കു കിട്ടി. നീ പ്രാർത്ഥിക്കാത്തതു കൊണ്ടാണ് കിട്ടാത്തത്”.
പക്ഷേ എന്തിനാണ് ദൈവം അതു നൽകിയത്.
തിരുവെഴുത്ത് പറയുന്നത് ശ്രദ്ധിക്കൂ.
“എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.”
(1 യോഹന്നാൻ 3:17-18).
ഈ സത്യം അധികം വേദികളിൽ കേൾക്കാറില്ല. അത്ര കർണ്ണരസമുള്ള സന്ദേശമല്ല എന്നത് തന്നെ കാരണം.
സ്വർണത്തിൽ കാണിക്കാൻ കഴിയാത്തതു കൊണ്ട് ബാക്കി എല്ലാറ്റിലും ആഡംബരം വെളിപ്പെടും. എല്ലാറ്റിനോടും അമർഷം ഇല്ല. നല്ലൊരു പാർപ്പിടം ആവശ്യമാണ്. അത് നല്ല രീതിയിൽ തന്നെ നിർമ്മിക്കണം. പക്ഷേ കോടികൾ അതിന്റെ പിന്നിൽ ചിലവഴിക്കുമ്പോൾ സ്വന്തം പരിസരത്ത് താമസിക്കുന്ന ഭവനരഹിതർക്ക് ഒരു ആശ്വാസമാകാൻ കഴിഞ്ഞാൽ ക്രിസ്തു മഹിമപ്പെടും. ഈ കാലത്ത് സഞ്ചരിക്കാൻ ഇരുചക്രവാഹനവും നാലുചക്രവാഹനവും ആവശ്യം തന്നെ. പക്ഷേ അതിലെ ഫാൻസി നമ്പർ കൊണ്ട് എന്തു ഗുണം. ആരു കാണാൻ? ആരെ കാണിക്കാൻ?. ആ പണം മറ്റുള്ളവർക്ക് ഒരു കൈത്താങ്ങൾ ആകില്ലേ.
വില കുറഞ്ഞ വസ്ത്രം ധരിക്കണ്ട. നല്ല വസ്ത്രം വാങ്ങി ഉപയോഗിക്കണം. ഒരുപാട് ജോഡികൾ വാങ്ങുമ്പോൾ വഴിയോരത്ത് വസ്ത്രം ഇല്ലാതെ കിടന്നുറങ്ങുന്നവനെ ഒന്നോർക്കണം.
“ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.”
(ഗലാത്യർ 2:10). സഭയുടെ തൂണുകളായ അപ്പോസ്തലർ പൗലോസിനു നൽകിയ നിർദ്ദേശമാണിത്. പക്ഷേ ഇന്നിത് അവഗണന മാത്രമാണ്. ഇതൊക്കെ വിശ്വാസികൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ സുവിശേഷം വേഗത്തിൽ മലയാള നാടിനെ കീഴടക്കുമായിരുന്നു.
അനുഗ്രഹത്തിന്റെ അളവുകോൽ പോലും ധനസമൃദ്ധി ആക്കിയ മഹാന്മാരാണ് നമ്മൾ. തിരുവെഴുത്ത് പറയുന്നത് കേൾക്കാം.

“ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ
നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.” (വെളിപ്പാടു 3:17-18).
സഭ സമ്പത്തിനെ അനുഗ്രഹമായി അളന്നപ്പോൾ ദൈവം ആത്മീയതയെ അളന്നു. പ്രിയരെ സൂക്ഷിക്കുക കർത്താവിന്റെ അളവുകോൽ വെളിപ്പെടുമ്പോൾ നാം ലജ്ജിക്കപ്പെടാതിരിക്കട്ടെ. എന്റെ മക്കൾ ആഹാരം കഴിക്കുമ്പോൾ തെരുവിൽ പട്ടിണിയിൽ കഴിയുന്ന ആ കുട്ടികളെ ഓർക്കാൻ ക്രിസ്തുവിന്റെ മനസ്സ് ഉള്ളവർക്ക് കഴിയും. പ്രളയജലം മതിലുകൾ തകർത്തെറിയുന്നതിനു മുൻപേ നമുക്ക് അപരനെ മനസ്സിലാക്കാനുള്ള ബോധം ഉണ്ടാകട്ടെ.. ധാരാളിത്തമല്ല തൃപ്തിക്കാണ് മുൻഗണന. സുവിശേഷം പങ്കുവെയ്ക്കലിന്റെ സന്ദേശമാണ് ഒരു അപ്പത്തിന്റെ ഒരു പാനപാത്രത്തിന്റെ. അത് മേശയിൽ മാത്രം ഒതുങ്ങരുത് ജീവിതത്തിലും വെളിപ്പെടണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.