- Advertisement -

ലേഖനം: സ്ത്രീത്വത്തെ ഇങ്ങനെ അധിക്ഷേപിക്കരുത് | ഷാജി ആലുവിള

ലോകത്തെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ഇസബെൽ പെറോൺ. അർജന്റീനയിലെ ഒരു പ്രവശ്യയായ ” ലാ റിയോജയിലാണ്” മരിയ എസ്റ്റെല മാർട്ടിനസ്‌ കാർറ്റസ് എന്ന ഇസബെൽ ജനിച്ചത്. ഇരുപതാമത്തെ വയസിൽ സെർവാന്റീസ് നാഷണൽ തിയറ്ററിൽ ബാലെ സംഘത്തിൽ അവർ അംഗമായി. ഭർത്താവായ ജുവാൻ പെറോണിന്റെ മരണത്തെ തുടർന്ന് 1974 ൽ ഇസബെൽ അർജന്റീനയുടെ നാൽപ്പത്തി ഒന്നാം പ്രസിഡന്റും ലോകത്തിലെ ആദ്യ വനിതാ പ്രസിഡന്റും ആയി മാറി. രണ്ടു വർഷക്കാലം മാത്രമേ ആ പദവിയിൽ തുടരുവാൻ അവർക്ക് ഇടയായുള്ളൂ. ഇതുപോലെ എത്ര എത്ര വനിതാ രത്നങ്ങൾ ഓരോരോ രാജ്യങ്ങളെ നയിച്ചു.
ഈ പേരിനുസാമ്യം വരുന്ന ഒരു രാജ്ഞി വിശുദ്ധ ബൈബിളിൽ കാണാം. ശമര്യാരാജാവായ ആഹാബിന്റെ ഭാര്യ ഈസബേൽ. നോക്കു ഈ രാജ്ഞി നാബോത്ത് എന്ന മനുഷ്യനോട് ചെയ്യിപ്പിച്ച ക്രൂരകൃത്യം വിചിത്രമായാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. നാബോത്തിന്റെ മുന്തിരി തോട്ടത്തിൽ ആകൃഷ്ടനായ ആഹാബ് ആ തോട്ടം വാങ്ങി ചീരത്തോട്ടം ആക്കുവാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ, പിതാക്കൻ മാരുടെ അവകാശമായി ലഭിച്ച മുന്തിരിത്തോട്ടം വിട്ടുകൊടുക്കുവാൻ വിസമ്മതിച്ചു. അതിൽ രാജാവ് വ്യസനവും നീരസവും പൂണ്ട് ഭക്ഷണ പാനീയങ്ങളില്ലാതെ മുഖം തിരിച്ചു കിടന്നു എന്ന്‌ 2രാജാക്കൻമാർ: 21 ൽ പറയുന്നു. ഈ സമയം ആണ് ആഹാബ് രാജാവിന്റെ ഭാര്യയായ ഈസബേൽ രാജ്ഞി ഇടപെടുന്നത്. നീചൻമ്മാരായ രണ്ടു പേരെ നാബോത്തിനെതിരെ നിർത്തി, രാജാവിനെ ദുഷിച്ചുപറഞ്ഞു എന്നു അവനെതിരായി സാക്ഷ്യം പറയിപ്പിച്ചു. നല്ലതു മാത്രം ചിന്തിച്ച നാബോത്തിനെ പുറത്താക്കി കല്ലെറിഞ്ഞു കൊല്ലിപ്പിച്ചു ഈ രാജ്ഞി. നാബോത്തിന്റെ രക്തം നായ്ക്കൾ നക്കി കുടിച്ചു അതേ ചൂടോടെ. പക്ഷെ പ്രവാചകനായ ഏലിയാവിലൂടെ ഈസബേലിലേക്ക് ഒരു സന്ദേശം കൈ മാറി. “നായ്ക്കൾ നാബോത്തിന്റെ രക്തം നക്കി കുടിച്ച സ്ഥലത്തു വെച്ചു തന്നെ നിന്റെ രക്തവും നായ്ക്കൾ നക്കി കുടിക്കും” എന്ന്. ദൈവത്തെ കോപിപ്പിക്കയും ഇസ്രായേലിനെ കൊണ്ട് പാപം ചെയ്യിപ്പിക്കയും ചെയ്ത കാരണത്താൽ ദൈവ കോപം പിന്നീട് ആഹാബിന്റെ കുടുംബത്തിൽ വരുകയും ചെയ്തു. ഏലിശ പ്രവാചകന്റെ കാലത്തു ഏലിയാ പ്രവാചകനിലൂടെ കൊടുത്ത സന്ദേശം നിറവേറി. യെഹൂദയിലെ അഹസ്യരാജാവിന്റെ ഭരണകാലത്ത് ഈസബേലിനെ മാളികമുറിയുടെ കിളിവാതിലിലൂടെ തള്ളി താഴെയിട്ടു. അവളെ അടക്കം ചെയ്യുവാൻ ചെന്നവർ കണ്ടത് മാംസവും രക്തവും നായ്ക്കൾ തിന്നു തീർത്ത അവളുടെ അസ്ഥി കൂടം മാത്രം.
ഒരേ പേരുള്ള ആരെയും ഒരുപോലെ താരതമ്യം ചെയ്യുവാൻ പറ്റില്ല. സ്ത്രീ ഭാര്യയാണ്,അമ്മയും, സഹോദരിയും ആണ്, മാത്രമല്ല മുത്തശ്ശിയും ആണ്. അതുപോലെ പുരുഷനും ഭർത്താവാണ്, പിതാവാണ്, മുത്തച്ഛനാണ്. എല്ലാവരും വ്യത്യസ്ത സ്വഭാവക്കാർ. ഇവിടെ ആർക്കും ദൈവം ആകുവാൻ പറ്റില്ല എന്നാൽ ദൈവീക ധാർമ്മീക നിയമം അനുസരിച്ചു രാജ്യത്തിന്റെ നിയമം കാത്തുകൊണ്ട് നല്ല മനുഷ്യരായി ജീവിക്കുവാൻ സാധിക്കും. ഏത് മനുഷ്യനും അവരുടെ നല്ലതും മോശവുമായ രീതികൾ ഉണ്ട്. ഒരു ഭാര്യയോ ഒരു ഭർത്താവോ ചെയ്യുന്ന അല്ലങ്കിൽ ഒരു സ്ത്രീയോ പുരുഷനോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ എല്ലാ സ്ത്രീകളുടെയും പുരുഷൻമാരുടെയും മേൽ താരതമ്യം ചെയ്യുന്നത് ഒരിക്കലും നന്നല്ല. ഇതുവരെ നന്നായി കുടുംബത്തിലും സമൂഹത്തിലും നല്ല ജീവിത സാക്ഷ്യം സൂക്ഷിച്ച എത്രയോ വനിതകളെയാണ് കൂടത്തായി കുറ്റവാളിയായി ജോളിയുമായി താരതമ്യം ചെയ്യുന്നത്. പ്രഭാതത്തിൽ അടുക്കളയിൽ കയറി പാതിരാത്രി വരെ പണിയെടുത്തു വീടിനു പരിരക്ഷ നൽകുന്ന നമ്മുടെ അമ്മമാർ, ഭാര്യമാർ, സഹോദരിമാർ ലോകത്തിന്റെ മുന്നിൽ അപമാനിക്കപെടരുത്. ട്രോളുകളായും ഹാസ്യമായും ഭാര്യമാരെ പറ്റി എത്ര കമന്റുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്റെ ഭാര്യ ഒരിക്കലും ഒരു കൂടത്തായി ജോളി ആകില്ല എന്നുള്ള വിശ്വാസം നമ്മിൽ ഉണ്ടങ്കിൽ അതു മാത്രം മതി ജീവിതം ഹാപ്പി ആകുവാൻ.
ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു ക്രൂര കൃത്യത്തിന്റെ ചുരുൾ ഇനിയും അഴിയാൻ ഇരിക്കുന്നതെയുള്ളൂ. മാധ്യമ ചൂടുകൾ പതിയെ പതിയെ തണുക്കും. കുറച്ചു നാൾ കഴിയുമ്പോൾ ഈ കേസ്‌ കോടതിയിൽ എത്തും. ബഹുമാനപ്പെട്ട നമ്മുടെ നീതി ന്യായ കോടതി അന്ത്യ വിധി കല്പിക്കും. ഒരു കാര്യം ഉറപ്പ് ദൈവത്തിന്റെ നീതി ന്യായ കോടതിയിലും ഒരു അന്ത്യ വിധിയുണ്ട്‌. അതിൽ നിന്ന് ആർക്കും തെറ്റി ഒഴിയുവാൻ സാധ്യമല്ല. വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നു. സ്ത്രീ ബലഹീന പാത്രം എന്ന്‌. ദൈവത്തിൽ ആശ്രയിച്ചു ഭർത്താവിന് കീഴ്പ്പെടുന്ന ഭാര്യ ബലഹീനയാണ്. അവർ ആരും ഇതുപോലെ ഒരു സ്ത്രീ ആകില്ല. ആരെങ്കിലും ഒരാൾ തെറ്റു ചെയ്താൽ അവർ ഉൾക്കൊണ്ടു നിൽക്കുന്ന സമൂഹമോ, സഭയോ, മാതാപിതാക്കന്മാരോ അല്ല അതിനു ഉത്തരവാദിത്വം. അത്യാഗ്രഹങ്ങളും, സാഹചര്യങ്ങളും, ജീവിതപശ്ചാത്തലവും തെറ്റിലേക്ക് മനുഷ്യരെ നയിക്കാം. ഇപ്പോൾ പ്രചരിക്കുന്ന സ്ത്രീ വിരുദ്ധ പ്രചരണങ്ങൾ നമ്മൾ അവസാനിപ്പിക്കണം. ക്രിസ്തീയ വാട്‌സപ്പ് ഗ്രൂപ്പുകളിൽ അതി ഗംഭീരമായി ഈ ട്രോളുകളും പ്രസ്താവനകളും പ്രചരിപ്പിക്കുന്നതിൽ ആർക്ക് എന്താണ് നേട്ടം? എറിയുവാൻ കയ്യിൽ ഇരിക്കുന്ന കല്ലിലേക്ക് നോക്കി “യേശു പറഞ്ഞു നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ”. നമ്മുടെ സഹോദരിമാർ മറ്റൊരു കുറ്റവാളിയുമായി താരമ്യപ്പെടുമ്പോൾ കേരളീയ വനിതകൾ മുഴുവൻ മോശമാക്കപ്പെടുകയല്ലേ. ജോളിയുടെ അറസ്റ്റിനെ ആഘോഷമാക്കി സ്വന്തം കുടുംബത്തെ അതുപോലെ ചിത്രീകരിക്കുന്ന നമ്മൾ ചിന്തിക്കണം എൻ്റെ ഭവനം സ്വർഗം ആണന്ന്. യെഹോവയെ ഭയപ്പെട്ട് അവന്റെ വഴികളിൽ നടക്കുന്ന മനുഷ്യൻ ഭാഗ്യവാൻ…അവന്റെ ഭാര്യ വീട്ടിനകത്ത് ഫലപ്രദമായ മുന്തിരി വള്ളി പോലെ അത്രേ എന്നും വിശുദ്ധ ബൈബിൾ പറയുന്നു. കൂടത്തായി ജോളി പറയുന്നു “എന്നിൽ പിശാച് കയറുമ്പോൾ ഞാൻ ചെയ്യുന്നത് എന്ന് അറിയുന്നില്ല”. ശരിയോ, തെറ്റോ ? അതു ദൈവവും നിയമവും തെളിയിക്കട്ടെ

-ADVERTISEMENT-

You might also like
Comments
Loading...