ലേഖനം: എന്നാലും ഞാനതറിഞ്ഞില്ലല്ലോ

നൈജില്‍ വര്‍ഗ്ഗീസ്‌

രും അതെന്നോട് പറഞ്ഞില്ലല്ലോ ! എന്താ ഞാനതറിയാതെ പോയത് ?
നമ്മുടെയെല്ലാം ജീവിതത്തിൽ മിക്കവാറും ഉയർന്നു കേൾക്കുന്ന ചില വാചകങ്ങൾ അല്ലെങ്കിൽ ചോദ്യങ്ങളാണിതൊക്കെ. ആദ്യമേ പറയട്ടേ ചുറ്റും നടക്കുന്ന എല്ലാക്കാര്യങ്ങളും എനിക്കറിയണം എന്നൊന്നും വാശി പിടിച്ചു കളയരുത്. നമ്മൾ അറിയേണ്ട കാര്യമാണെങ്കിൽ അത് കൃത്യമായി നമ്മൾ അറിഞ്ഞിരിക്കും, ചില കാര്യങ്ങൾ അറിയാതെ പോയതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ഒരു നഷ്ടവും സംഭവിക്കില്ല ! നമ്മളൊക്കെ പെട്ടന്ന് തീരുമാനങ്ങളിൽ അല്ലെങ്കിൽ നിഗമനങ്ങളിൽ എത്തുന്നവരാണാല്ലോ, അതുകൊണ്ടുതന്നെ, ചില വിഷയങ്ങളൊക്കെ കേൾക്കുമ്പോ തന്നെ നമ്മളങ് തീരുമാനിക്കും, അതങ്ങനെ ആയിരിക്കും അല്ലെങ്കിൽ അങ്ങനെ ആവാനേ സാധ്യത ഒള്ളൂ.
വിശുദ്ധ ബൈബിളിൽ സദൃശവാക്യങ്ങൾ 25:8-ൽ പറയുന്നത് ഇംഗ്ലീഷിൽ ഇച്ചിരി രസമാണ്,
Don’t jump to conclusions – there may be a perfectly good explanation for what you just saw. വായിച്ചപ്പോ എനിക്കും ശകലം നാണമൊക്കെ തോന്നി ! കാരണം ഏറെക്കുറെ ഞാനും ഇങ്ങനൊക്കെതന്നെ ആണല്ലോ എന്നോർത്തു. സംഭവം ഇത്രേയുള്ളൂ എല്ലാ വിഷയങ്ങൾക്കു പിന്നിലും നമുക്കറിയാത്തൊരു വശം കൂടി ഉണ്ടാവും. അതുകൊണ്ട് ഒരു വിഷയം അറിഞ്ഞാൽ പെട്ടന്നങ്ങു തീരുമാനമൊന്നും എടുത്തത്തേക്കരുത്.

അതവിടെ നിക്കട്ടെ, നമ്മൾ പറഞ്ഞോണ്ട് വന്ന വിഷയം നമ്മൾ ഒരു കാര്യം അറിയാതെ പോയതുകൊണ്ട് നമുക്കു യാതൊരു നഷ്ട്ടവും സംഭവിക്കത്തില്ല എന്നാണല്ലോ ! പെട്ടന്ന് ആലോചിക്കുമ്പോ നഷ്ടം ആണ് അല്ലെങ്കിൽ നഷ്ടമായിപ്പോയി എന്നൊക്കെ തോന്നുമെങ്കിലും, ചുമ്മാ ഒരു പത്തു വർഷം പുറകോട്ടൊന്നു ചിന്തിച്ചു നോക്കിയേ അന്ന് ആ വിഷയം അറിഞ്ഞിരുന്നെങ്കിൽ നമ്മൾ എടുക്കാമായിരുന്ന തീരുമാനം നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെ എങ്ങനിയൊക്കെ ബാധിക്കുമായിരുന്നു? ഉത്തരം സ്വയം ചിന്തിച്ചാൽ മതി.

ഒരുപാടു അഴുക്കുപുരളാത്ത ഒരു മനസാക്ഷി നിങ്ങൾക്കുണ്ടെങ്കിൽ ഒന്ന് ചിന്തിക്കുക ; നിങ്ങൾക്ക് ചുറ്റും നടക്കുന്ന പല വിഷയങ്ങളെക്കുറിച്ചും ,അതിപ്പോ ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ അല്ലെങ്കിൽ പ്രസ്ഥാനത്തെയോ സംബന്ധിക്കുന്നതായിക്കോട്ടെ, അതിനേക്കുറിച്ചു അറിയണം എന്നു നമ്മളൊക്കെ ആഗ്രഹിക്കുന്നത്, അല്പം കൂടെ കയറി പറഞ്ഞാൽ ശഠിക്കുന്നത്, പ്രസ്തുത വിഷയം പരിഹരിക്കാൻ ആണോ? അല്ലല്ലോ

പിന്നെന്തിനാ? നമ്മുടെയൊക്കെ ഉള്ളിൽ തിളച്ചുമറിയുന്ന ആകാംക്ഷയുണ്ടല്ലോ, എന്നാലും അതെന്തായിരിക്കും എന്നറിയാനുള്ള ഒരു കൗതുകം, അതാണ്‌ വിഷയം. അടക്കാനാവാത്ത കൗതുകങ്ങൾ ആണ് പലപ്പോഴും കണ്ണീരിൽ അവസാനിക്കുന്നത്.

അതുകൊണ്ട് ഇനിയെങ്കിലും ചിന്തിക്കുക,നമുക്കു ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാനും അതിനേക്കുറിച്ചു പറയാനുമുള്ള മൗലികമായ അവകാശം നമുക്കുണ്ട്, പക്ഷേ കേൾക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ നിങ്ങൾക്ക് ഉറപ്പില്ലാത്തിടത്തോളം കാലം ദയവായി നിങ്ങളുടേതായ നിഗമനങ്ങളിൽ എത്താതിരിക്കുക. ഓരോന്നൊക്കെ പറയാനുള്ള തോന്നലുണ്ടാകുമ്പോൾ ചിന്തകൾക്കൊരു ബ്രേക്കിടുക, ചുമ്മാ ഓരോ വിഷയങ്ങളെയും വ്യക്തികളെയും മനസ്സിന്റെ കോടതി മുറിക്കകത്തിട്ടു വിചാരണ ചെയ്തു കുറ്റം വിധിക്കാതെ ചില വിഷയങ്ങളെ അതിന്റെ വഴിക്കു വിടുക, പെട്ടന്നങ്ങോട്ട് തീരുമാനങ്ങളൊന്നും എടുക്കാതെ സമാധാനത്തോടും സാവധാനതയോടും കൂടെ വിഷയങ്ങളെ സമീപിക്കാൻ പരിശീലിക്കുക, വിശുദ്ധ ബൈബിളിലെ ചില വാക്യങ്ങൾ കടമെടുത്തു പറഞ്ഞാൽ കേൾപ്പാൻ വേഗത, പറയാൻ താമസം, കോപത്തിന് താമസം ഇങ്ങനൊരു ബാലൻസ്ട് ആയ ജീവിതമായിരിക്കട്ടെ നമ്മുടേത്. അങ്ങനെയൊരു ജീവിതം ആണെങ്കിൽ എന്തു കേട്ടാലും ഏതു വിഷയം വന്നാലും ഉടനെതന്നെ ഡാം തുറന്നു വിട്ട പോലെ പ്രതികരിക്കാതെ , അതിനു നടുവിൽ സമാധാനത്തോടെ, സ്വസ്ഥതയോടിരിക്കാൻ നമുക്ക് കഴിയട്ടെ,ആദ്യം പറഞ്ഞ വാചകങ്ങൾ വീണ്ടും ആവർത്തിച്ചു അവസാനിപ്പിക്കുന്നു.
Don’t jump to conclusions – there may be a perfectly good explanation for what you just saw.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.