രാത്രിയാത്രാനിരോധനം പിന്‍വലിക്കണം; ഗൂഡല്ലൂരിലും സമരം, സുൽത്താൻ ബത്തേരിയിൽ പെന്തകോസ്ത് സഭകളുടെ റാലി ഇന്ന്

ഗൂഡല്ലൂര്‍: ഊട്ടി-മൈസൂരു ദേശീയപാതയിലെ രാത്രിയാത്രാനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ സര്‍വകക്ഷിസംഘവും വ്യാപാരിസംഘവും നിരാഹാരസമരം നടത്തി. ബത്തേരിയില്‍ രാത്രിയാത്രാനിരോധനത്തിനെതിരേ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സമരം. എം. ദ്രാവിഡമണി എം.എല്‍.എ. ഉദ്ഘടനം ചെയ്തു. വയനാടിന് സമാനമായ രീതിയില്‍ റെയില്‍, ജല, വ്യോമ ഗതാഗതമാര്‍ഗങ്ങളില്ലാത്ത ഗൂഡല്ലൂരില്‍ ആകെയുള്ള സഞ്ചാരമാര്‍ഗമായ റോഡുകള്‍കൂടി അടച്ചിടരുതെന്ന് ദ്രാവിഡമണി പറഞ്ഞു.
ഗൂഡല്ലൂരിനെ ഗുണ്ടല്‍പേട്ടുമായും മൈസൂരുവുമായും ബന്ധിപ്പിക്കുന്ന പാതയടക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും ദുരന്തബാധിരെ സഹായിക്കുന്നതിലും ജില്ലാ ഭരണകൂടം വീഴ്ച വരുത്തി എന്നാരോപിച്ച്‌ കൂടിയായിരുന്നു സമരം.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുന്നില്ല. ഒവാലി പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ നവീകരിക്കാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ല. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോവുന്ന നിര്‍മാണസാമഗ്രികള്‍ വനംവകുപ്പ് ചെക്ക്‌പോസ്റ്റുകളില്‍ തടയുകയാണ്. ജില്ലാ ഭരണകൂടവും കളക്ടറും ജനങ്ങളെ സഹായിക്കുന്നതിന് പകരം ജനദ്രോഹനടപടികളാണ് സ്വീകരിക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.
ബത്തേരിയില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസില്ലാതെയാണ് സമരമെങ്കില്‍ ഗൂഡല്ലൂരില്‍ ഭരണകക്ഷിപാര്‍ട്ടികളുടെ പിന്തുണയില്ല. ജോലിക്കും മറ്റുമായി നൂറുകണക്കിനാളുകള്‍ ഗൂഡല്ലൂരില്‍നിന്ന് ഗുണ്ടല്‍പേട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്നുണ്ട്.

ഗൂഡല്ലൂരിലേക്കും പച്ചക്കറിയും അവശ്യസാധനങ്ങളും പ്രധാനമായും എത്തുന്നത് ഗുണ്ടല്‍പേട്ട, മൈസൂരു മാര്‍ക്കറ്റുകളില്‍ നിന്നാണ്. ബത്തേരിയില്‍ പാത പൂര്‍ണമായും അടയ്ക്കാനുള്ള നീക്കംതുടങ്ങിയതോടെ ഭാവിയില്‍ ഗൂഡല്ലൂരിലേക്കുള്ള പാതയും പൂര്‍ണമായും അടയ്ക്കുമെന്ന ആശങ്കയിലാണ് ജനം. വിഷയത്തില്‍ സര്‍വകക്ഷിസംഘം തുടര്‍സമരങ്ങള്‍ നടത്തുമെന്നും എം.എല്‍.എ. പറഞ്ഞു.

ബന്ദിപൂർ രാത്രിയാത്ര നിരോധനത്തിനെതിരെ ബത്തേരിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് വയനാട്ടിലെ പെന്തെക്കോസ്തു സഭകളുടെ നേതൃത്വത്തിൽ ഇന്ന് (ഒക്ടോബർ 6) ഉച്ചക്ക് 2 മണി മുതൽ പ്രതിഷേധ റാലി നടത്തുന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് പരിസരത്തു നിന്നു ആരംഭിക്കുന്ന റാലി പ്രതിഷേധ സമരം നടക്കുന്ന സമരപ്പന്തലിൽ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.