ഇന്ത്യൻ എംബസിയുടെ പുതിയ കമ്യൂണിറ്റി സെന്റർ ദോഹയിലെ തുമാമയിൽ പ്രവർത്തനം തുടങ്ങി

ദോഹ : ഇന്ത്യൻ എംബസിയുടെ  പുതിയ കമ്യൂണിറ്റി സെന്റർ ദോഹയിലെ തുമാമയിൽ പ്രവർത്തനം തുടങ്ങി.21/09/2019 വൈകീട്ട് ആറു മണിക്ക് ഇന്ത്യൻ സ്ഥാനപതി പി.കുമരനാണ് കേന്ദ്രത്തിന്റെ ഉത്ഘാടനം നിർവഹിച്ചത്.വിവിധ അപ്പെക്സ് ബോഡികളുടെ ഭാരവാഹികളും ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ എന്ന പേരിൽ എംബസിയുടെ 3 അപ്പെക്സ് സംഘടനകളുടെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതാണ് പുതിയ കേന്ദ്രം.

അപ്പെക്സ് സംഘടനകളായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി), ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐഎസ്‌സി) എന്നിവ ഈ കെട്ടിടത്തിലാണ് ഇനി മുതൽ പ്രവർത്തിക്കുക. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഒത്തുകൂടാനും വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഇടമായി കൂടി പുതിയ കേന്ദ്രം മാറും.തുമാമ റോഡിൽ തൈസീർ പെട്രോൾ സ്‌റ്റേഷന് പിറകിലായാണ് പുതിയ കമ്യൂണിറ്റി സെന്റർ സ്ഥിതി ചെയ്യുന്നത്. തുമാമയിൽ ഐഐസിസി പ്രവർത്തനം തുടങ്ങിയയാലും എംബസി ഓഫിസിലെ  ഐസിബിഎഫിന്റെ ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനം സാധാരണ പോലെ തുടരും.

പുതിയ കേന്ദ്രത്തിൽ 100 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കോൺഫറൻസ് ഹാളുകൾ,ഓഫിസ് സജ്ജീകരണങ്ങൾ, ഗ്രീൻ റൂമുകൾ, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഐസിബിഎഫ്, ഐബിപിസി, ഐഎസ്‌സി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആവശ്യമായ ഓഫിസ് സജ്ജീകരണങ്ങൾ കേന്ദ്രത്തിൽ ലഭിക്കും. സംഘടനകൾക്ക് യോഗം ചേരാനും മറ്റു സംഗമങ്ങൾക്കും പുതിയ കേന്ദ്രം സഹായകമാകും.

ഐസിബിഎഫ് സേവനങ്ങൾക്കായി ഇന്ത്യൻ പ്രവാസികൾക്ക് വെസ്റ്റ് ബേയിലെ ഒനൈസയിലുള്ള ഇന്ത്യൻ എംബസിയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.  ഐഐസിസി യാഥാർഥ്യമാകുന്നതോടെ 3 സംഘടനകളുടെയും സേവനം നഗരത്തിന്റെ മധ്യഭാഗത്ത് ഒരു കുടക്കീഴിൽ തന്നെ പ്രവാസികൾക്ക് ലഭിക്കും. ഇന്ത്യൻ വ്യവസായികൾക്കായുളള സേവനങ്ങളാണ് ഐബിപിസി നൽകുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ കായിക ഉന്നമനം ലക്ഷ്യമിട്ടാണ് ഐഎസ്‌സിയുടെ പ്രവർത്തനം. എംബസിയുടെ മറ്റൊരു അപ്പെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) അബുഹമൂറിലാണ് പ്രവർത്തിക്കുന്നത്. കോൺസുലർ സേവനങ്ങളും ഐസിസിയിലുണ്ട്. പുതിയ കേന്ദ്രം തുടങ്ങിയതോടെ ഐസിസി കൂടാതെ 3 അപെക്‌സ് സംഘടനകളുടെയും സേവനങ്ങൾ നഗരത്തിനുള്ളിൽ തന്നെ ലഭിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.