ചന്ദ്രയാന്‍ 2 പരാജയമല്ല; 95 ശതമാനവും പ്രവര്‍ത്തനക്ഷമം

ബാംഗ്ലൂർ: ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ‌ലാന്‍ഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടര്‍ന്നു സിഗ്നല്‍ നഷ്ടമായി. വിക്രം ലാന്‍ഡറില്‍നിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പുലര്‍ച്ചെ 2.18ന് അറിയിച്ചു. വിവരങ്ങള്‍ പഠിച്ചു വരികയാണ്. ഇതിന് ശേഷം മാത്രമേ എന്ത് സംഭവിച്ചുവെന്നതില്‍ കൃത്യമായ വിശദീകരണം നല്‍കാനാകൂ എന്നും കെ ശിവന്‍ വ്യക്തമാക്കി.

ലാന്‍ഡര്‍ തകര്‍ന്നതാണോ ആശയവിനിമയം നഷ്ടമാകാന്‍ കാരണമെന്ന ചോദ്യത്തിന് ഐ.എസ്‌.ആര്‍.ഒയിലെ ചന്ദ്രയാന്‍ പ്രോജക്‌ട് അംഗവും ശാസ്ത്രജ്ഞനുമായ ദേവിപ്രസാദ് കര്‍ണിക് വ്യക്തമായ മറുപടി നല്‍കിയില്ല. വിവരങ്ങളും സിഗ്നലുകളും പഠിച്ചുവരികയാണെന്നും, അതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ നല്‍കാനാകൂ എന്നുമാണ് അദ്ദേഹവും അറിയിച്ചത്. സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ലാന്‍ഡിങ് വിജയകരമായോ എന്നു വ്യക്തമല്ലെങ്കിലും ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓര്‍ബിറ്റര്‍ ഒരുവര്‍ഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ലാന്‍ഡര്‍ ലക്ഷ്യം കാണാതിരുന്നാല്‍ ഇതിനുള്ളിലെ റോവറും പ്രവര്‍ത്തനരഹിതമാകും.

”പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകള്‍” എന്നാണ് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ ചന്ദ്രയാന്‍ 2 ആകാശത്തേക്ക് ജി.എസ്‌.എല്‍.വി മാര്‍ക് – 3യുടെ ചിറകിലേറി പറന്നുയര്‍ന്നതിന് പിന്നാലെ പറഞ്ഞത്. സാങ്കേതികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യം. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഒരു പര്യവേക്ഷണപേടകം ലാന്‍ഡ് ചെയ്യിക്കുന്നത് എളുപ്പമായിരുന്നില്ല. ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുകയാണ് ലക്ഷ്യമെന്നതിനാലാണ് ദക്ഷിണധ്രുവമെന്ന തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ലക്ഷ്യം തന്നെ ഐഎസ്‌ആര്‍ഒ തെരഞ്ഞെടുത്തത്.

എല്ലാം വളരെ കൃത്യമായിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗിന് തയ്യാറെടുക്കുന്ന സമയം വരെ ചന്ദ്രയാന്‍റെ ഏകോപനം നടത്തുന്ന ബെംഗളുരു പീന്യയിലെ ടെലിമെട്രി ട്രാക്കിംഗ് ആന്‍റ് കമാന്‍ഡ് നെറ്റ്‍ വര്‍ക്ക് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരിലെല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.

ഇന്നു പുലര്‍ച്ചെ 1.39 നാണു ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള സോഫ്റ്റ്‌ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയത്. ലാന്‍ഡര്‍ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തെത്തിയതോടെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടന്‍ ശേഷിയുള്ള 5 ത്രസ്റ്ററുകള്‍ എതിര്‍ദിശയില്‍ ജ്വലിപ്പിച്ചതോടെ സെക്കന്‍ഡില്‍ 6 കിലോമീറ്റര്‍ എന്നതില്‍നിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി.

തുടര്‍ന്നു 1.52നു ഫൈന്‍ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകള്‍ ലഭിച്ചു. ശേഷം ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രത്തില്‍ സിഗ്നലുകള്‍ക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഫ്റ്റ് ലാന്‍ഡിങ്ങിനു സാക്ഷ്യം വഹിക്കാന്‍ ഇവിടെയെത്തിയിരുന്നു.

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാന്‍ഡിങ് ദൗത്യങ്ങളില്‍ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വന്‍ശക്തികളുടെ ഒട്ടേറെ ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞര്‍ക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

ചന്ദ്രയാന്‍ 2 ന്റെ യാത്രോദ്ദേശ്യം മനസ്സിലാക്കുമ്പോൾ ഇപ്പോഴത്തെ വീഴ്ച വളരെ ചെറുതാണ്. ഒരു വര്‍ഷക്കാലം ആയുസുള്ള പ്രോജെക്ടിന് ഇനിയും ചന്ദ്രനെ ദൂരത്ത് നിന്ന് പഠിക്കാനും, ചിത്രങ്ങള്‍ പകര്‍ത്താനും, ഐ.എസ്.ആര്‍.ഓയ്ക്ക് ഈ വിവരങ്ങള്‍ കൈമാറാനും കഴിയും. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി കാര്യങ്ങള്‍ അടുത്ത് പഠിക്കുക, അവിടെ നിന്നും സാമ്പിളുകള്‍ ശേഖരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ആയിരുന്നു സോഫ്റ്റ് ലാന്‍ഡിങിന് ഉണ്ടായിരുന്നത്. സോഫ്റ്റ് ലാന്‍ഡര്‍ ഉപകരണമാ‍യ വിക്രമുമായുള്ള ബന്ധം മാത്രമാണ് ഐ.എസ്.ആര്‍.ഓയ്ക്ക് നഷ്ട്ടമായത്.

ലാന്‍ഡര്‍ വിക്രം, റോവര്‍ പ്രഗ്യാന്‍ എന്നിവയുമായുള്ള ബന്ധം മാത്രമാണ് നഷ്ടമായത്, ഇത് മൊത്തം ചന്ദ്രയാന്‍ പ്രോജക്ടിന്റെ 5 ശതമാനം മാത്രമാണ്. ഇനിയും 95 % പ്രവര്‍ത്തനക്ഷമമാണ്. ഇനിയും ചന്ദ്രനെ വലം വെക്കാനും വിവരങ്ങള്‍ കൈമാറാനും ചന്ദ്രയാന്‍ 2 വിന് കഴിയും. ഐ എസ് ആര്‍ ഓ യുടെ പ്രതിനിധി പറഞ്ഞു.

അമേരിക്കയുടെ അപ്പോളോ മിഷന് വേണ്ടി 100 ബില്യന്‍ ഡോളറാണ് ചെലവായത്. ഇന്ത്യ സമാന സ്വഭാവമുള്ള ചന്ദ്രയാന്‍ 2 മിഷന് വേണ്ടി ചെലവാക്കിയത് 140 മില്യണ്‍ ഡോളര്‍ മാത്രമാണ്. ചിലവില്‍ ഇത്രയധികം മിതത്വം പാലിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് കഴിയാറില്ല എന്നതും ശ്രദ്ധേയമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.