ജിയോ ജിഗാ ഫൈബര്‍ പ്രഖ്യാപിച്ചു; എച്ച്.ഡി ടിവി സൗജന്യം

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍റ് സേവനം ജിയോ ഫൈബര്‍ പ്രഖ്യാപിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. മുംബൈയില്‍ നടന്ന റിലയന്‍സിന്‍റെ വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.  ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ആരംഭിക്കും. അന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ജിയോ അവതരിപ്പിച്ചത്.

ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്.

ഗിഗാ ഫൈബറിന്‍റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്.

100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്‍റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി തന്നെ ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്.  ജിയോ ഫൈബറിന്‍റെ സെറ്റ് ടോപ്പ് ബോക്സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.

ജിയോ ഫൈബറിന്‍റെ ഓഫറുകള്‍ 700 രൂപയില്‍ തുടങ്ങി 10000 രൂപ വരെ മാസം ചിലവ് വരുന്നതുണ്ട്. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാം. ഈ സംവിധാനം 2020 ഓടെ നടപ്പിലാക്കുമെന്ന് അംബാനി അറിയിച്ചു.

ജിയോ ഫൈബറിന്‍റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും എന്നാണ് അംബനി അറിയിക്കുന്നത്. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്സ് തീര്‍ത്തും സൗജന്യമായി നല്‍കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.