വയനാട്ടില്‍ ഉരുള്‍പൊട്ടല്‍,​ കെട്ടിടങ്ങള്‍ ഒലിച്ചുപോയി,​ നിരവധി പേരെ കാണാനില്ല,​ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്താനാകുന്നില്ല

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ ഒലിച്ചുപോയി. സഹായിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. വൈത്തിരി താലൂക്കിലെ പുത്തുമലയില്‍​ വലിയ ഉരുല്‍പൊട്ടല്‍ സംഭവിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയില്‍ വലിയ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളും കാണുന്നുണ്ട്.

നിരവധി എസ്റ്റേറ്റ് തൊഴിലാളികളാണ് ഇവിടെ രണ്ട് പാടികളിലായി താമസിക്കുന്നത്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തില്‍ പറയുന്നുണ്ട്. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കോഴിക്കോട് നിന്നും കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞദിവസം തന്നെ തടസ്സപ്പെട്ടിരുന്നുവെങ്കില്‍ വ്യാഴാഴ്ച താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

താമരശ്ശേരി ചുരം വഴി രാത്രി 12 മുതല്‍ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല. വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ വലിയ വലിയ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചുരം വഴി ഗതാഗതം നിയന്ത്രിച്ചതോടെ വയനാട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.