ലേഖനം:മനുഷ്യന്റെ കണ്ണുകളിലൂടെ ദിവ്യദർശനം | സോബി ജോർജ്, ഡെറാഡൂൺ

ഞാൻ കഴിഞ്ഞ ദിവസം ദൈവത്തെ ഡെറാഡൂണിലെ തെരുവിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ പഴുത്തു തുടങ്ങിയിരുന്നു. തലമുടി വളർന്നു കണ്ണുകളിലേക്കു വീണുകിടക്കുന്നു. ഉറങ്ങിയിട്ട് കുറെ ദിവസങ്ങളായി എന്ന് തോന്നുന്നു. ചെളി നിറഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചിരുന്നു. മഴ തകർത്തു പെയ്യുന്നുണ്ട്. മഴ നനയാതിരിക്കാൻ ഒരു കടയുടെ ചായ്പ്പിൽ കയറി നിന്നതാണ്. മഴവെള്ളം ചായ്പ്പിലേക്കു അടിച്ചു കയറുന്നുണ്ട്. അവിടെ ഇരിക്കുന്ന മനുഷ്യൻ എന്നെ പലതവണ നോക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അത് അത്ര സുഖകരമായ ഒരു കാഴ്ചയായി എനിക്ക് തോന്നിയില്ല. പാതി നനഞ്ഞ അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിവുകളിലൂടെ പഴുപ്പും രക്തവും വെള്ളവും ഒരുമിച്ചു ചേർന്ന് താഴേക്ക് ഒഴികിയിറങ്ങുന്നു. തെരുവിന്റെ അനുയായികളായ ഈച്ച അതിൽ കൂട്ടമായി വന്നിരുന്നു ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ മാനസികമായി തകർന്നു പോയ ഒരു മനുഷ്യനായി തോന്നിയത് ആ കണ്ണുകളിലെ നിസ്സഹായാവസ്ഥയാണ്. സുഖമായി ഒന്ന് ഉറങ്ങണം എന്ന് അദ്ദേഹം ആഗ്രഹിക്കുണ്ടെന്നു എനിക്ക് മനസിലായി. വിശപ്പു ആ മനുഷ്യനെ തളർത്തിയിരിക്കുന്നു എന്നത് ശരീര ഭാഷ എനിക്ക് പറഞ്ഞു തന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
അദ്ദേഹത്തിന്റെ അടുക്കലേക്കു അൽപ്പം ചേർന്നു നിന്ന് ഞാൻ ചോദിച്ചു, വിശക്കുന്നുണ്ടോ? ചെറുതായി അദ്ദേഹം തലയാട്ടി. എന്നിട്ട് വലതുകരത്തിൽ വീണ്ടും തല ചായ്ച്ചു. എന്റെ കൂടെ അവിടെ നിന്നവർ പലതും പറയുന്നുണ്ട്, ചിലർ എന്നെ നോക്കി പറഞ്ഞു, “ഇതിന്റെ ആവശ്യം എന്താണ് “.അടഞ്ഞു കിടന്ന ആ കടയുടെ ചായ്പ്പു അവർക്ക് നൽകിയ സുരക്ഷിതത്വം പോലും ആരും ചിന്തിക്കുന്നില്ല. മഴ കുറയാൻ ഒരൽപ്പം സമയം കൂടെ എടുത്തു. ഞാൻ തൊട്ടടുത്ത കടയിലേക്ക് ഓടി കഴിക്കാൻ കുറച്ചു സാധനങ്ങൾ വാങ്ങി. അയാളുടെ അടുക്കൽ വച്ചു കൊടുത്തു. മെല്ലെ അയാൾ എന്നെ നോക്കി, അവിടെ നിന്നവർ ഓരോരുത്തരായി പോയി തുടങ്ങി.
ഞാൻ പിന്നെയും അയാളോട് ചോദിച്ചു, ഇനിയും ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യണം? തന്റെ മുറിവുകളിലേക്കു നോക്കി. ഒരാഴ്ച മുൻപ് ഞാൻ വേറെ ഒരു കടയുടെ ചായ്പ്പിൽ കിടന്നുറങ്ങാൻ ചെന്നപ്പോൾ തെരുവ് പട്ടികൾ എന്നെ കൂട്ടം ചേർന്നു ആക്രമിച്ചതാണ് ഈ മുറിവുകൾ. വേദന സഹിക്കാൻ വയ്യാതെ ഭക്ഷണം പോലും കഴിയുന്നില്ല എന്നെ നോക്കി പറഞ്ഞു. ഞാൻ ചോദിച്ചു, ഞാൻ ആശുപത്രിയിൽ കൊണ്ടു പോകട്ടെ? മൗനം അനുവാദമാണെന്നു മനസ്സിലാക്കി. അതുവഴി വന്ന ഓട്ടോ കൈ കാണിച്ചു നിർത്തി ഞാൻ പറഞ്ഞു, ഇയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം ഞാൻ കാശ് തരാം. പ്രേം നഗർ സർക്കാർ ആശുപത്രിയിൽ വരെ കൊണ്ടുപോയാൽ മതി എന്ന് പറഞ്ഞു. പക്ഷെ വണ്ടിക്കാരൻ സമ്മതിച്ചില്ല. പല വണ്ടിക്കാരും കാര്യം അറിഞ്ഞപ്പോൾ എന്നെ നോക്കി ചോദിച്ചു “നിങ്ങൾക്കു എന്തിന്റെ ആവശ്യമാണ്? ”
ഞാനും നിസ്സഹായനായി അയാളുടെ അടുത്തു വന്നു നിന്നു, എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ എന്നോട് ചോദിച്ചു “മനുഷ്യർ എന്താ ഇങ്ങനെ?”
എന്റെ പരിശ്രമം കണ്ട ആ മനുഷ്യൻ പറഞ്ഞു സാരമില്ല സഹോദര നിങ്ങൾ പോയ്കൊള്ളു. ഞങ്ങളെ പോലെ ഉള്ളവർക്ക് ആരും ഇല്ല. വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഒരു ഓട്ടോക്കാരൻ എന്റെ വാക്കുകൾക്ക് മുന്നിൽ ആ മനുഷ്യനെ പ്രേം നഗർ ഹോസ്പിറ്റലിൽ എത്തിച്ചു, ചീട്ട് എടുത്തു അയാളെ അവിടെ അഡ്മിറ്റ് ചെയ്തു. ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു, ഡോക്ടർ എന്റെ ഫോൺ നമ്പർ വാങ്ങി. സന്തോഷത്തോടെ യാത്ര പറഞ്ഞു ഞാൻ ഇറങ്ങുമ്പോൾ വേദനിക്കുന്നവരുടെ, തകർന്നുകിടക്കുന്നവരുടെ മാലാഖമാർ ആ മനുഷ്യനെ ശ്രുശൂഷിക്കുന്നുണ്ടായിരുന്നു. ഞാൻ വിശ്വസിക്കുന്നു ആ മനുഷ്യൻ ഒരു ദിവസമെങ്കിലും ഉറങ്ങിക്കാണും.
സ്നേഹിതരെ, നമ്മുടെ യേശു പഠിപ്പിച്ചതും അപ്രകാരമായിരുന്നു. സാധുക്കളെ ഓർത്തു അവരുടെ ആവശ്യങ്ങളിൽ ഇറങ്ങിവന്ന ഒരു യേശു. അതായിരിക്കണം ഒരു ക്രിസ്ത്യാനിയുടെ ജീവിതം. .മത്തായി 25 :42, 43 ൽ പറയുന്നു, എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല ;ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല, ;നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല ;രോഗിയും തടവിലുമായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്ന് അരുളിച്ചെയ്യും. നമുക്ക് ചുറ്റും നമ്മുടെ ശ്രുശൂഷ ആഗ്രഹിക്കുന്ന നിരവധി ആളുകൾ ഉണ്ട് . നമുക്ക് അവരുടെ അരികിലേക്ക് എത്തുവാൻ സാധിക്കുന്നുണ്ടോ?.ദൈവസന്നിധിയിൽ നിന്നും നമുക്ക് ലഭ്യമായ കരുണയുടെ ഒരംശംയെങ്കിലും മറ്റുള്ളവർക്കായി നൽകുവാൻ കഴിയുന്നുണ്ടോ?. നിരാലംബരുടെ ആശ്രയമായി നമുക്ക് മാറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ സ്വർഗീയയാത്രയിൽ നമുക്ക് ദൈവത്തെ കണ്ടെത്തുവാനായി സാധിക്കട്ടെ. ദൈവത്തോടൊപ്പം യാത്രചെയ്യുവാൻ ഏവരെയും സഹായിക്കട്ടെ. ദൈവസ്നേഹം നന്മ ചെയ്യുന്നതിലൂടെ വെളിപ്പെടട്ടെ..

-ADVERTISEMENT-

-ADVERTISEMENT-

You might also like