മൃതദേഹം സംസ്കരിക്കുന്നതിന് ബി.ജെ.പി പ്രവർത്തകരുടെ വിലക്ക്; അന്നമ്മയുടെ മൃതദേഹം സംസ്കരിക്കാനാവാതെ മോർച്ചറിയിൽ

കൊല്ലത്ത് ബി.ജെ.പി പ്രവർത്തകരുടെ വിലക്കിനെ തുടർന്ന് ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നത് തടസ്സപ്പെടുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മരണമടഞ്ഞ നെടിയവിള തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
കൊല്ലം ജില്ലയിലെ പുത്തൂർ നെടിയവിള തുരുത്തിക്കര കുന്നത്തൂർ പഞ്ചായത്തിലെ 15-ആം നമ്പർ വാർഡിലാണ് സംഭവം.
തുരുത്തികര ജെറുസലേം മാർത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മ കഴിഞ്ഞ ദിവസമാണ്‌ മരിച്ചത്. 40 വർഷമായി ഇടവക അംഗങ്ങളാണ് ഈ ദളിത് ക്രൈസ്തവ കുടുംബം. അന്നമ്മയുടെ കുടുബം മൃതദേഹം സംസ്കാര ശുശ്രൂഷകള്‍ക്കായി തയാറെടുക്കുമ്പോഴാണ് പള്ളി വക സെമിത്തേരിയിൽ സംസ്കാരത്തിന് വിലക്കുമായി ബി.ജെ.പി രംഗത്ത് എത്തിയത്. ഇവിടെ മൃതദേഹ സംസ്കാരങ്ങൾ പ്രദേശത്തെ കിണറുകൾ മലിനമാക്കുന്നു എന്നാരോപിച്ച് സ്ഥലവാസിയല്ലാത്ത ബി.ജെ.പി നേതാവ് രാജേഷ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. സംസ്കാരം നടത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന ബി.ജെ.പി ഭീഷണിയെ തുടർന്ന് അന്നമ്മയുടെ ശരീരം ശാസ്താംകോട്ട മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജലസ്രോതസ്സ് മലിനമാകുന്നു എന്ന് ആരോപിച്ച് പ്രദേശത്തെ നാല് വീട്ടുകാരും ബി.ജെ.പിയും ഇടവക സെമിത്തേരിയിൽ കഴിഞ്ഞ 4 വർഷമായി സംസ്കാരം നടത്താൻ അനുവദിക്കാറില്ല. ഇതിനാൽ തുരുത്തികര ജെറുസലേം മാർത്തോമാ ഇടവക അംഗങ്ങൾ ആരെങ്കിലും മരണപ്പെട്ടാൽ മാർത്തോമ സഭയുടെ മറ്റൊരു സെമിത്തേരിയിലാണ് അടക്കിയിരുന്നത്. ഇതിനും ഇപ്പോൾ ചില തടസ്സങ്ങൾ ഉണ്ടായതോടെ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് അന്നമ്മയുടെ കുടുംബം. മൃതദേഹം സംസ്കരിക്കുന്നതിന് അനുമതി തേടി അന്നമ്മയുടെ കടുംബം ഇന്ന് ജില്ലാ കളക്ടറെ സമിപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.