ലേഖനം:മദേഴ്‌സ് ഡേ -അമ്മയെപ്പോലെ അമ്മ മാത്രം | ബിൻസൺ കെ ബാബു, ഡെറാഡൂൺ

“മക്കളായ്‌ നാലുപേരുണ്ടെങ്കിലും

അമ്മ ഏകയാണെകയാണി ഊഴിയിൽ

അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ

ഭാരമായ്‌ തീർന്നുവോ നാലുപേർക്കും ”

“അമ്മ “എന്ന കവിതയിൽ നിന്നുള്ള വരികളാണ് ഇത്. അച്ഛൻ മരിച്ചുപോയ ഭവനത്തിലെ അമ്മ ഏകയായി നാലുമക്കളായി ഉള്ള കുടുംബത്തിലെ മാതാവിന്റെ ദുരവസ്ഥയാണ് ഇതിലെ കവിതാംശം. കുറെ മക്കൾ ഉണ്ടായിട്ടു കാര്യമില്ല തണലായി നിന്ന സ്വന്ത ഭർത്താവ് മറഞ്ഞിട്ടും ഏകയായി ജീവിക്കുന്ന അമ്മയെ നോക്കാൻ ആരുമില്ല. അമ്മയുടെ സ്നേഹം ഒരു ഹൃദയ സ്പന്ദനം ആണ് ഒരിക്കലും അമ്മ എന്ന അനുഗ്രഹത്തെ തള്ളിക്കളയാനാവില്ല.ഒരു പക്ഷെ മാതാവ് വഴക്ക് പറഞ്ഞേക്കാം അടിച്ചേക്കാം അത് ഒരിക്കലും ദേഷ്യം കൊണ്ടല്ല അമ്മയുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ ആഴം ആണ്.

മക്കൾ എവിടെപ്പോയാലും അമ്മയുടെ സ്നേഹം കൂടെ പോകും. അവർ വിട്ട് ഇറങ്ങുമ്പോൾ മുതൽ മാതാവ് ചിന്തയിൽ മുഴുകുകയാണ് എന്തെന്നാൽ മകൻ /മകൾ വീട്ടിൽ വരുന്നത് വരെ. വെളിയിൽ പോകുന്ന മക്കൾ എന്നും വിളിക്കുന്ന സമയത്തു വിളിച്ചില്ലെങ്കിൽ പാവം അമ്മക്ക് വേവലാതി ആണ്. ഇത് മക്കൾ ഗൗരവമായി എടുക്കുന്നില്ല. അമ്മ തനിയെ കഴിക്കുമ്പോൾ ചിന്ത മക്കൾ എന്തെങ്കിലും കഴിച്ചോ എന്നാണ്. സ്കൂൾ /കോളേജ് വിട്ട് മക്കൾ വരുന്നതും നോക്കി നിൽക്കുന്ന ഒരു അമ്മയുടെ സ്നേഹം, അവർ കുറച്ചു താമസിച്ചാൽ അവരെ കാത്ത് ഇറങ്ങുന്ന മാതാവിന്റെ സ്നേഹം എത്രമാത്രം വലുതാണ്.

ഇത് എഴുതുന്ന സമയത്തു ഒരു വാർത്ത വായിച്ചു അത് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. പാമ്പ് കടിയേറ്റ മകൻ സൈക്കിളിൽ പാഞ്ഞു അമ്മയോട് വിവരം പറയാൻ പക്ഷെ ആ പതിനൊന്നു വയസു പ്രായമുള്ള മകൻ ഈ ലോകം വിട്ട് യാത്രയായി. അപ്പോഴും ആ മകൻ അമ്മയെ ഓർത്തു, അമ്മയോടുള്ള സ്നേഹം ഓർത്തു വേദന സഹിച്ചു സൈക്കിൾ ചവിട്ടി. അമ്മയോടുള്ള അവന്റെ സ്നേഹം. ഇന്നത്തെ പല സംഭവങ്ങൾ കേൾക്കുമ്പോൾ വിറക്കുകയാണ്, സ്വന്തം അമ്മയെ വെട്ടികൊലപ്പെടുത്തുന്ന മക്കൾ, കാമുകന് വേണ്ടി, സ്വത്തിനു അല്ലെങ്കിൽ പല കാരണങ്ങൾക്കു വേണ്ടി അമ്മമാരെ കൊല്ലുന്നു. നൊന്തു പ്രസവിച്ച അമ്മയെ വളർത്തി വലുതാക്കിയ ആ സ്നേഹത്തെ കേവലം കാര്യസാധ്യത്തിനുവേണ്ടി, അൽപ്പ ദേഷ്യത്തിനുവേണ്ടി കൊന്നുകളയുന്നു. ഒരു സൈഡിൽ മാതാവിനെ സ്നേഹിക്കുന്ന മക്കൾ മറു സൈഡിൽ മാതാവിനെ തള്ളിക്കളയുന്ന ബഹുമാനിക്കാത്ത മക്കൾ.

നമ്മുടെ മുൻ രാഷ്ട്രപതി ഡോ. എ. പി. ജെ അബ്‌ദുൾ കലാം പറഞ്ഞത് ഇവിടെ കുറിക്കട്ടെ “അമ്മയെ നാം ഒരു ചെറിയ വാക്കുകൾ കൊണ്ടു പോലും വേദനിപ്പിക്കരുത് കാരണം നിന്നെ സംസാരിക്കാൻ പഠിപ്പിച്ചത് അമ്മയാണ്.” എന്ത്‌ അർഥവത്തായ കാര്യമാണ്.നമ്മളെ പറയാൻ പഠിപ്പിച്ച അമ്മയോട് വാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത് അമ്മയുടെ ഹൃദയം വേദനിക്കും.തമാശക്ക് പോലും കളിയാക്കരുത് അമ്മയുടെ മനസ്സ് കരയും. ഓർക്കുക അപ്പോഴും സ്നേഹിക്കുന്ന അമ്മയുടെ ഹൃദയം നിന്നെ താലോലിക്കുന്നു. വാർത്താമാധ്യമങ്ങളിൽ കൂടി വരുന്ന പല വാർത്തകളും വായിക്കുമ്പോഴും കേൾക്കുമ്പോഴും ഹൃദയം വേദനിക്കാറുണ്ട്. മക്കളെല്ലാം വിദേശത്തു അല്ലെങ്കിൽ ഉന്നതപദവിയിൽ പക്ഷെ പാവം അമ്മ തനിയെ ഭവനത്തിൽ അല്ലെങ്കിൽ കടത്തിണ്ണയിൽ ഇതാണ് അവസ്ഥ.

യേശു ക്രൂശിൽ കിടന്ന സമയത്തുപോലും അമ്മയെ ഓർത്തു. പല ഭാഗത്തും യേശുവും അമ്മയും എന്നത് കാണാൻ കഴിയും. ക്രൂശിലെ മരണത്തോളം യേശു അനുസരണം ഉള്ളവനായിത്തീർന്നു എന്നു പറയുമ്പോൾ എത്രമാത്രം അമ്മയെയും അപ്പനെയും ബഹുമാനിച്ചു എന്നു നോക്കണം. ഒരു ദൈവപൈതൽ മാതാപിതാക്കളെ കരുതുന്നവനും സ്നേഹിക്കുന്നവരുമായിരിക്കണം.

‘മാതാവ് ‘ സ്നേഹത്തിന്റെ പര്യായം തന്നെയാണ്. ആർക്കും നിർവചിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ ആഴം മാതാവിൽ ഉണ്ട്. ആ ഹൃദയം ചലിക്കുന്നത് മകൻ /മകൾ എന്നു തന്നെ ആയിരിക്കും. ഒരുപക്ഷെ നിന്റെ കൈയിൽ ഒന്നും ഇല്ലെങ്കിലും നമ്മുടെ ‘സ്നേഹം ‘എന്ന പ്രവർത്തി മാത്രം മതി അമ്മയെ തണുപ്പിക്കൻ. സ്നേഹിതരെ നമ്മുടെ മാതാവിനെ മറക്കരുത് നീ മറക്കുമ്പോഴും ഓർക്കുക അവർ നിന്നെ മറന്നിട്ടില്ല. നമ്മുടെ സ്വന്തം മാതാവിനെ നിന്ദിക്കരുത്, തള്ളിക്കളയരുത്, കുറ്റപ്പെടുത്തരുത്,കളിയാക്കരുത്, വേദനിപ്പിക്കരുത്. അവരെ സ്നേഹിക്കുക മതിയാവുവോളം കരുതുക ഓരോ നേരത്തും…….

“അമ്മയുടെ സ്നേഹം ഉള്ളിൽ നിന്നും മായരുതെ

ആ സ്നേഹം മാഞ്ഞാൽ ഇന്നിന്റെ നീ ആവില്ല “

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.