ലേഖനം:നാം ആരുടെ അനുയായികൾ | ജിസൺ സാജു ജോസഫ്, ഡെറാഡൂൺ

1 കോരി 11:1ൽ പൗലോസ് അപ്പോസ്തോലൻ ഇപ്രകാരം കൊരിന്ത്യരോടു പറയുന്നു, ഞാൻ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. ആന്തരിക പ്രശ്നങ്ങളും വിഭാഗിയതും ദുർമാർഗവും എല്ലാം ഉണ്ടായിരുന്ന ഒരു സഭക്കാണ് താൻ ഈ ലേഖനം എഴുതുന്നത് എന്നു ഓർക്കുക. അവരോടു ആണ് പൗലോസ് ഇത് പറയുന്നത്.
ക്രിസ്തുവിനെ അനുകരിക്കുക എന്നു പറഞ്ഞാൽ അത് എന്താണ്? തന്നെ അനുകരിക്കാൻ പൗലോസ് പറയുന്നതിന്റെ പിറകിലെ ചേതോവികാരം എന്താണ്? യേശുക്രിസ്തുവിന്റെ ഇഹലോകത്തിലെ ജീവിതം നാം പരിശോധിക്കുകയാണെങ്കിൽ നമുക്ക് പ്രധാനമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു ഗുണവിശേഷം താൻ സ്വന്തം പേര് ഉണ്ടാക്കുന്നതിൽ തത്പരനായിരുന്നില്ല എന്നതാണ്. തന്റെ ഭൗമീക ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ശിഷ്യന്മാരും മറ്റു പലരും തന്നെ യഹൂദന്മാരുടെ രാജാവാക്കുവാൻ ശ്രമിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. വേണമെങ്കിൽ തനിക്കു വളരെ എളുപ്പത്തിൽ തനിക്കു രാജാവാകാമായിരുന്നു താനും. എന്നാൽ ഒരു ഭൗമീക രാജാവാകുവാൻ കർത്താവ് വിസമ്മതിക്കുകയാണ് ഉണ്ടായത്. കാരണം പിതാവ് തന്നെ അയച്ചതിന്റെ ഉദ്ദേശ്യം അതല്ലായിരുന്നു. താൻ അയക്കപെട്ടതിന്റെ ആത്യന്തിക ലക്ഷ്യം കർത്താവ് മറന്നില്ല.
യേശു കർത്താവിന്റെ ജീവിതം ദൈവകേന്ത്രീകൃതം (Gods control )ആയിരുന്നു. സ്വയ കേന്ദ്രികൃതമായ ഒന്നും നാം യേശുകർത്താവിൽ കാണുന്നില്ല. സത്യത്തിൽ സ്വയത്തെ ശൂന്യമാക്കിയാണ് ദൈവം മനുഷ്യവേഷമെടുത്തു ഭൂമിയിലേക്ക് യേശുക്രിസ്തുവായി അവതരിച്ചതെന്നു അപ്പോസ്തലനായ പൗലോസ് തന്നെ ഫിലിപിയർക്കു എഴുതിയ ലേഖനം ഒന്നാം അധ്യായം അഞ്ചു മുതൽ എട്ടു വരെയുള്ള വാക്യങ്ങളിൽ കാണുന്നു. അവിടെ ഇപ്രകാരം എഴുതിയിരിക്കുന്നു “ക്രിസ്തുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാധ്യർഷ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി തീർന്നു. അങ്ങനെ സ്വയം ത്യജിച്ചതു കൊണ്ടാണ് മറ്റുള്ളവർക്ക് വേണ്ടി മാനവജാതിക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാൻ താൻ സന്നദ്ധനായത്. ഇതാണ് ക്രിസ്തുയേശുവിലുള്ള ഭാവം. ഇതാണ് പൗലോസ് അനുകരിച്ച ക്രിസ്തു. ഇതാണ് നാം അനുകരിക്കേണ്ട ക്രിസ്തു. ഈ ദിവ്യസ്വഭാവത്തിനു കൂട്ടാളികൾ ആകുമ്പോഴാണ് നാം ക്രിസ്തുവിന്റെ അനുകാരികൾ ആകുന്നതു.
ക്രിസ്തുവിന്റെ അനുകാരിയായ പൗലോസിന്റെ ജീവിതത്തിലും ഇതേ സ്വഭാവം നാം കാണുന്നു. ദൈവകേന്ദ്രികൃതവും മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠരെന്നു എണ്ണുകയും ചെയ്യുന്ന ക്രിസ്തുവിന്റെ സ്വഭാവം നാം പൗലോസിന്റെ ജീവിതത്തിൽ ഉടനീളം കാണുന്നു. പ്രത്യകിച്ചു നാം വായിച്ച കൊരിന്ത്യ ലേഖനംത്തിൽ കൊരിന്ത്യ സഭയിലെ സന്ദർഭം തന്നെ ഇതിന്റെ ഒരു ഉദാഹണമായി നമുക്ക് കാണുവാൻ സാധിക്കും. 1കോരി മൂന്നാം അധ്യായത്തിൽ സഭയിലെ വിഭാഗിയത നമുക്ക് വ്യക്തമായി കാണുവാൻ സാധിക്കുന്നു. അവരിൽ ചിലർ തങ്ങൾ അപ്പല്ലോസിന്റെ പക്ഷക്കാർ എന്നും മറ്റു ചിലർ തങ്ങൾ കേഫാവിന്റെ പക്ഷക്കാർ എന്നും ചിലർ തങ്ങൾ പൗലോസിന്റെ പക്ഷക്കാർ എന്നും ചിലർ തങ്ങൾ ക്രിസ്തുവിന്റെ പക്ഷക്കാർ എന്നും പറഞ്ഞു ദൈവസഭയെ വിഭാഗീയതമാക്കി കളഞ്ഞു. പൗലോസ് ഈ സന്ദർഭത്തിൽ എന്താണ് ചെയ്യുന്നത് എന്നത് നാം ശ്രദ്ധാപൂർവം പഠിക്കേണ്ട ഒരു സംഗതിയാണ്. ഈ കാലത്തിൽ പല മനുഷ്യനേതാക്കളും വിഭാഗീയതയുടെ ലാഭം എടുക്കാൻ നോക്കുമ്പോൾ പൗലോസ് തന്റെ പക്ഷക്കാരെ ന്യായികരിക്കുന്നതിനു പകരം വിഭാഗിയത സൃഷ്ടിക്കുന്ന എല്ലാവരെയും ഒരു പോലെ വിമർശിക്കുന്നു. നടുന്നവനും നനക്കുന്നവനും ഏതുമില്ല വളരുമാറാക്കുന്ന ദൈവത്തിന് സകല മാനവും മഹത്വവും നൽകണമെന്ന് പൗലോസ് വളരെ കൃത്യമായി കൊരിന്ത്യാ വിശ്വാസികൾക്ക് പറഞ്ഞു നൽകുന്നു. സ്വയം ശൂന്യമാക്കി, ശിഷ്യന്മാരുടെ കാലുകൾ കഴുകിയ യേശുവിന്റെ സ്വഭാവം പൗലോസ് സ്വന്തം ജീവിതത്തിൽ അനുകരിക്കുന്നു. മൂന്നാം അധ്യായത്തിലെ വിമർശനത്തിന് ശേഷം നാലാം അദ്ധ്യായം ഒന്നാം വാക്യത്തിൽ പൗലോസ് പറയുന്നത് “ഞങ്ങളെ ക്രിസ്തുവിന്റെ ശ്രുശൂഷകരും ദൈവമർമങ്ങളുടെ ഗ്രഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണികൊള്ളട്ടെ. ”
ഈ വാക്യം മൂലഭാഷയായ ഗ്രീക്കിൽ വളരെയധികം അർഥപൂർണമാണ്. ശ്രുശൂഷക്കാർ എന്നുള്ള വാക്കിനു പൗലോസ് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന വാക്കു “ഹുപ്പാരറ്റസ് “എന്ന വാക്കാണ്. ഹൂപ്പേർ, ഏറേറ്റസ്, എന്നി രണ്ടു പദങ്ങൾ ചേർന്ന ഒരു പദമാണിത്. ഹൂപേർ എന്നാൽ കീഴിൽ ഏറേറ്റസ് എന്നാൽ തുഴക്കാരൻ. കീഴിൽ തുഴയുന്നവനാണ് ഹുപ്പാരറ്റസ്. പുരാതന ലോകത്ത് അടിമകളെ കപ്പലുകളുടെ അടിയിൽ തട്ടിൽ ചങ്ങലകളാൽ ബന്ധിച്ചു അവരെ തുഴയാൻ ഏർപ്പെടുത്തിയിരുന്നു. ഒരു കര മുതൽ മറുകര വരെ അവർ തുഴഞ്ഞു കപ്പൽ സഞ്ചരിക്കുകയും യാത്രക്കാരെ അതിൽ യാത്ര ചെയ്യുകയും ചെയ്തിരുന്നു. യാത്രക്കാർ ഈ ബന്ധിക്കപ്പെട്ട അടിമകളായ തുഴക്കാരെ കാണുകയില്ല. അവർക്ക് യാതൊരു അഭിനന്ദനമോ പ്രതിഫലമോ ഉണ്ടായിരുന്നില്ല. പൗലോസ് താൻ ക്രിസ്തുവിന്റെ ബന്ധനസ്ഥനായ അടിമയാണെന്നു ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. ക്രിസ്തുവിൽ മറഞ്ഞു തൻ്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ് പൗലോസ് ആഗ്രഹിച്ചത്. ഈ ബന്ധനസ്ഥരായ അടിമകൾ എപ്രകാരം ബാഹ്യലോകത്തിനു പരിചിതർ അല്ലയോ, അതുപോലെ തന്നെ സ്വന്തം പുകഴ്ചയായി ഒന്നും ചെയ്യാതെ എല്ലാം ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ് താൻ ചെയ്തത്.
സ്നാപക യോഹന്നാൻ പറഞ്ഞതുപോലെ “ഞാനോ കുറയണം, അവനോ കുറയണം “എന്ന ഭാവം നമ്മിൽ ഉണ്ടായാൽ മാത്രമേ നമ്മുക്ക് ക്രിസ്തുവിന്റെ യഥാർത്ഥ അനുകാരികൾ ആകുവാൻ കഴിയുള്ളു. ഫിലിപ്പിയർ 2:3-4ൽ നാം കാണുന്നതുപോലെ “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നേക്കാൾ ശ്രേഷ്ഠണെന്ന് എണ്ണികൊള്ളുവിൻ. ഓരോരുത്തൻ സ്വന്ത ഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കണം. ”
നമ്മുടെ ജീവിതത്തിലും നാം പലപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് സ്വന്തം സാമ്രാജ്യങ്ങൾ വളർത്തുക എന്നത്. ക്രിസ്തുവിനെ ഉയർത്തുന്നതിന് പകരം സ്വയം ഉയരാനും സ്വന്തം പേര് പ്രസിദ്ധമാക്കുവാനും ഇന്ന് പല ആളുകളും വളരെ അധികം ശ്രമിക്കുന്നത് നാം കാണുന്നു. ശുശ്രുഷകൾ ചെയ്യുമ്പോൾ പോലും നാം മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കാൻ ശ്രമിക്കുന്നു. ഗായകർ എന്ന നിലയിൽ മികച്ച പെർഫോമൻസ്, പ്രസംഗകർ എന്ന നിലയിൽ മികച്ച പെർഫോമൻസ്. സത്യം പറഞ്ഞാൽ ദൈവം നമ്മുടെ പെർഫോമൻസിൽ പ്രസാദിക്കുന്ന ദൈവം അല്ല. നമ്മുടെ ശരീരങ്ങളെ തന്നെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രിയം. അതാണ് യഥാർത്ഥ ആരാധന. പെർഫോമൻസ് ഒന്നും ആരാധന അല്ല. സ്റ്റേജിൽ കയറി എന്തെകിലും കാണിച്ചുകൂട്ടുന്നവരെ ക്രിസ്തുവിന്റെ ആനുകാരികൾ എന്നു പറയാൻ സാധിക്കുമോ? യാഗമാക്കാത്ത ശരീരങ്ങളിൽ നിന്നും സമർപ്പണമില്ലാത്ത ജീവിതങ്ങളിൽ നിന്നും പുറപ്പെടുന്ന അർത്ഥമില്ലാത്ത വാക്കുകൾ ദൈവത്തിനു പ്രസാദമല്ല വെറുപ്പാണ്.
ആളുകൾ നമ്മെ പുകഴ്ത്തുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് നാമെങ്കിൽ നാം ക്രിസ്തുവിന്റെ ആനുകാരികൾ അല്ല. നാം ചെയ്യുന്ന എല്ലാറ്റിലുടെയും ക്രിസ്തുവിനെ വെളിപ്പെടുത്തുന്നവരായി നാം തീരണം. നിങ്ങൾ ഒരു പ്രസംഗം അവസാനിപ്പിക്കുമ്പോൾ എത്ര നല്ല പ്രസംഗകൻ എന്നു പറയരുത്. പകരം എത്ര നല്ല ദൈവം എന്നു പറയണം. നിങ്ങൾ ഒരു ഗാനം ആലപിച്ചു കഴിയുമ്പോൾ ജനം നല്ല ദൈവം എന്നു പറയുവാൻ ഇടയാകണം.
മറ്റുള്ളവർ നമ്മെ കാണുമ്പോൾ നാം ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നത് കണ്ടു നമ്മുടെ അനുകാരികൾ ആയി തീരാൻ ഇടയാകണം. ശുശ്രുഷ നിങ്ങളെ ആണ് മറ്റുള്ളവർ കാണുന്നതെങ്കിൽ ആ ശുശ്രുഷ ഒരു പരാജയമാണ്. ദൈവത്തെയാണ് കാണുന്നതെങ്കിൽ അതൊരു വിജയവും.
വലിയ ഒരു സഭ സ്ഥാപിക്കുന്നതാണ് ശുശ്രുഷയിലെ വിജയമെന്ന് കരുതരുത്. സഭ സ്ഥാപിക്കുന്നത് തീർച്ചയായും നല്ലതാണ്. എന്നാൽ അതിനേക്കാൾ ഉപരി കർത്താവിനെ പോലെ ജീവിക്കുന്നവരായി നാം തീരണം. നമ്മുടെ വാക്കുകളെക്കാൾ ഉച്ചത്തിൽ നമ്മുടെ ചെയ്തികൾ സംസാരിക്കും.
ഞാൻ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നത് പോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ എന്നു പൗലോസ് പറഞ്ഞതിന് ശേഷം അപ്പോസ്തലൻ യെഹൂദ പാരമ്പര്യങ്ങൾ അനുസരിച്ചതിനു കൊരിന്ത്യരെ അഭിനന്ദിക്കുന്നു. എന്തു കൊണ്ടാണ് യെഹൂദ പാരമ്പര്യഉം കാത്തു സൂക്ഷിച്ചവരെ അഭിനന്ദിക്കുന്നത്? താഴോട്ട് വായിക്കുമ്പോൾ നമ്മുക്ക് മനസിലാകും. സ്ത്രീകൾ മൂടുപടം ഇടുന്ന യെഹൂദ പാരമ്പര്യഉം കൊരിന്ത്യ യിൽ ഉള്ള ക്രിസ്ത്യാനികളും തുടരണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. പത്താം അധ്യായത്തിൽ വിഗ്രഹാർപിതത്തിന്റെ കാര്യം പറഞ്ഞത് പോലെ മറ്റുള്ളവർക്ക് ഇടർച്ച ഉണ്ടാകാതിരിക്കാൻ യെഹൂദ പ്രമാണങ്ങളിൽ ചിലതു തുടരാൻ പൗലോസ് പറയുന്നു.
പുരാതന ലോകത്തെ വലിയ ഒരു പക്ഷെ മറ്റു പലതിന്റെയും അനുകാരികൾ ആയി സ്വന്തം പ്രമാണങ്ങളിൽ നിന്ന് വ്യെതിചലിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ പൗലോസ് പറയുന്നു മൂടുപടം ഇടുന്നത് തന്നെ ഒരു സ്ത്രീക്ക് നല്ലത്. പുരുഷന്മാർ മൂടുപടം ഇടാതിരിക്കുന്നതു നല്ലത്. പ്രമാണങ്ങൾ വിട്ടുള്ള യാതൊന്നും ശുശ്രുഷ അല്ല. ഗ്രീക്ക് നാടകങ്ങളും കലാരൂപങ്ങളും കണ്ട ചിലരെങ്കിലുംഅതിലെ നാടിനടന്മാരെ പോലെ ആയാൽ എന്താണ് എന്നു ചിന്തിച്ചിട്ടുണ്ടാകും. എന്തുകൊണ്ട് അവരെ അനുകരിച്ചുകൂടാ എന്നു ചിന്തിച്ചിട്ടുണ്ടാകും. ലോക സ്നേഹം ദൈവത്തോടുള്ള ശത്രുത്വം ആകയാൽ ലോകത്തിലെ സൗന്ദര്യങ്ങളെ അനുകരിക്കുന്നവർക്കു ഒരിക്കലും ക്രിസ്തുവിന്റെ അനുകാരികൾ ആകുവാൻ കഴിയുകയില്ല.
ക്രിസ്ത്യാനികളായ നാം എല്ലാവരും പ്രത്യകിച്ചു ശുശ്രുഷകൻ ഈ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ഈ ലോകത്തിനു അടിമയായിരിക്കുന്നവർക്കു ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ കഴിയുകയില്ല. ആകയാൽ നമ്മുടെ സ്വഭാവം, വസ്ത്രധാരണം, ഒരുക്കം എന്നിവ മറ്റുള്ളവർക്ക് ഇടർച്ചക്കു കാരണം ആകാതിരിക്കാൻ സൂക്ഷിക്കണം വസ്ത്രം ശരീരത്തെ മറക്കാനുള്ളതാണ്. ശരീരം ദൈവത്തിന്റെ മന്ദിരമാണ്. അതിനെ വികൃതമാക്കുന്ന ഒന്നും ചെയ്യുവാൻ പാടില്ല.
നിങ്ങൾ ഒരു പ്രസംഗകനാണോ? നല്ലതുതന്നെ. നിങ്ങൾ ഒരു ഗായകാനാണോ? നാളത്തെത്തന്നെ. എന്നാൽ നിങ്ങൾ പ്രസംഗിച്ചില്ലെങ്കിക്കും ഗാനം ആലപിച്ചിലെങ്കിക്കും ക്രിസ്തുവിന്റെ ആനുകാരിയായി ജീവിച്ചാൽ അതിനേക്കാൾ വലിയ ശ്രുശൂഷ ഒന്നുമില്ല. സിനിമ ലോകത്തിന്റെ അനുകാരികൾ ആവരുത്. സിനിമയും പരസ്യവും എല്ലാം മനുഷ്യനിൽ അപകർഷതാബോധം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ കെണിയിൽ വീണുപോകരുതു. വ്യത്യസ്തരാകുക. നിങ്ങൾ വ്യത്യസ്തനായിയിരിക്കുന്നത് കണ്ടു നിങ്ങളെ അനുകരിക്കാൻ മറ്റുള്ളവർ വരട്ടെ. ലോകം നിങ്ങളെ അനുകരിക്കട്ടെ. നിങ്ങൾ ലോകത്തെ അനുകരിക്കാതിരിക്കുക. നമ്മുടെ സാധാരണ സംസാരം പോലും ദൈവീക സ്വഭാവം വെളിപ്പെടുത്തുന്നതായിരിക്കട്ടെ. പൗലോസിന്റെ ലേഖനം വായിക്കുന്നവർ പൗലോസിനെ പുകയ്ത്തുന്നതിനു പകരം ദൈവത്തെ പുകഴ്ത്തിയത് പോലെ നമ്മോടു ഇടപെടുന്നവരെല്ലാം ദൈവത്തെ പുകഴ്ത്തുന്നവരാവട്ടെ. നമ്മോടു സംസാരിക്കുന്നവർക്കു അവർ യേശുവിനോടു സംസാരിച്ചത് പോലെ തോന്നട്ടെ. പൗലോസിനെ പോലെ “ഞാൻ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ “എന്നു പറയുവാൻ നമ്മുക്കും സാധിക്കട്ടെ. അതിന്നായി നമ്മെ തന്നെ സമർപ്പിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.