മണിപ്പൂരില്‍ മിഷ്ണറി സ്കൂള്‍ അഗ്നിക്കിരയാക്കി

ഇംഫാല്‍: മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ മിഷ്ണറി സ്കൂള്‍ അഗ്നിക്കിരയാക്കി. ആറു വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഖ്‌നുവിലെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് അഗ്നിക്കിരയായത്. സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികള്‍ ഉള്‍പ്പെടെ 10 മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു.

post watermark60x60

സ്‌കൂളിനും ക്ലാസ് ടീച്ചര്‍ക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാര്‍ഥികള്‍ക്കെതിരേ ഒരാഴ്ച മുന്പ് അധികൃതര്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍, ഇവരെ ക്ലാസുകളില്‍ ഇരിക്കാന്‍ അനുവദിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ ഫാ. ഡോമിനിക് പറഞ്ഞു. അക്രമത്തെ അപലപിച്ച സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അക്രമത്തിന് പിന്നില്‍ അച്ചടക്ക നടപടികളില്‍ രോഷംപൂണ്ട പ്രാദേശിക വിദ്യാര്‍ഥി സംഘടനയുണ്ടെന്ന സംശയം വ്യാപകമാണ്. വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ റദ്ദാക്കാന്‍ അവര്‍ സമ്മര്‍ദ്ധം ചെലുത്തി വരുകയായിരുന്നു. ആയിരത്തിഅഞ്ഞൂറിനടുത്ത് കുട്ടികളാണ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. പുനര്‍നിര്‍മ്മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like