ലേഖനം:”ഉയർപ്പിന്റെ ഞായർ” | പാസ്റ്റർ ദാനിയേൽ, മുട്ടപ്പള്ളി

ലോകം ഇന്ന് യേശു ക്രിസ്തുവിന്റെ ഉയർപ്പിന്റെ ഓർമ്മയിലായിരിക്കുമ്പോൾ , ഒരിക്കലായി നമുക്കു വേണ്ടി മരിച്ചു – അടക്കപ്പെട്ടു – മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ജീവിതത്തിലും ഉയർപ്പിലേയ്ക്ക് നയിച്ച ഒരു വേദനയുടെ ‘ വെള്ളിയാഴ്ച ‘ കടന്നു വന്നു…

നിന്ദയുടെയും, അപമാനത്തിന്റെയും, വിചാരണയുടേയും ചില നാളുകൾക്ക് ശേഷം പരസ്യമായി ക്രൂശിക്കുന്ന ഒരു വേദനയുടെ വെള്ളിയാഴ്ച ഉണ്ടായി.
ആരേയും ദ്രോഹിക്കാതെ ഏവർക്കും നന്മ മാത്രം ചെയ്തു ജീവിച്ച ക്രിസ്തുവിനു ലോകം നൽകിയത് മുൾക്കിരീടവും കുരിശും…

തന്റെ ദേഹമാസകലം ചാട്ടവാറ് അടി ഏൽക്കുമ്പോഴും, വസ്ത്രം ചീട്ടിടുമ്പോഴും മുഖത്തെ രോമം പിച്ചിച്ചീന്തുമ്പോഴും യേശു കർത്താവ് പിറുപിറുക്കാതെ പിതാവിന്റെ ഇഷ്ടത്തിനു വിട്ടുകൊടുത്തു…

ഈ ക്രൂശീകരണത്തിന്റെ വെള്ളിയാഴ്ചയ്ക്ക് ശേഷം ഒരു ഉയർപ്പിന്റെ ഞായർ ഉണ്ടെന്നു ക്രിസ്തുവിനു അറിയാമായിരുന്നു…

ശരീരം മുഴുവനും തകർക്കപ്പെട്ട് അവസാന തുള്ളി രക്തവും ഒഴുക്കി നൽകി കാൽവറിയിൽ യാഗമായ ക്രിസ്തുവിന്റെ മൃതശരീരത്തിനും സംരക്ഷണം അധികമായിരുന്നു. ശക്തമായ സുരക്ഷയുള്ള കല്ലറയിൽ ആക്കിയിട്ടും മൂന്നാം നാൾ നാഥൻ ഉയർത്തെഴുന്നേറ്റു…

തന്നെ നിന്ദിച്ചവരുടെ മുൻപിൽ, താൻ തകർക്കപ്പെട്ട ഇടത്ത് തന്നെ ഒരു പുതുക്കപ്പെട്ട ശരീരത്തോടെ യേശു ഉയർത്തെഴുന്നേറ്റു. ഗവൺമെന്റിന്റെ ഭരണ സംഹിതകൾക്ക് ആ ഉയർപ്പ് തടയുവാൻ കഴിഞ്ഞില്ല…

പ്രീയരെ, നമ്മുടെ ജീവിതത്തിലും കഷ്ടതയുടെ വെള്ളിയാഴ്ച കടന്നു വരാം… ആരും സഹായമില്ലാതെ പരിഹാസ പാത്രമായി മാറുന്ന അസഹ്യ വേദനയുടെ ദിനത്തിന്റെ വാഹിയാകാം… അത്രയും നാൾ കൂടെ നിന്നവർ കഷ്ടതയിൽ മാറിപ്പോകാം, തള്ളി പറയാം പക്ഷേ ഭാരപ്പെടേണ്ട…

ഈ ദുരനുഭവങ്ങൾക്ക് ചില ദിനങ്ങളുടെ ആയുസേ ഉള്ളൂ. അതിനു ശേഷം ഒരു ഉയർപ്പിന്റെ ഞായർ ഉണ്ട്. ആർക്കും തടയാൻ പറ്റാത്ത ഉയർപ്പ്. അത്രയും കാലം പരിഹസിച്ചവർ അതിശയിക്കുന്ന നിലവാരത്തിലുള്ള ഒരു ഉയർപ്പ്.
ഇന്നലത്തെ വേദനയും കണ്ണീരും ലാഭമായെന്നു തോന്നുന്ന ഒരു ഉയർപ്പ്…

ഇന്നു അനുഭവിക്കുന്ന വേദനയും ഏകാന്തതയും ശാശ്വതമല്ല. പ്രതിസന്ധികളിൽ ക്രിസ്തുവിനെപ്പോലെ സ്വർഗത്തിലേയ്ക്ക് നോക്കി ദൈവ ഹിതത്തിനു വിട്ടു കൊടുക്കുക…

യേശു നമ്മെ ഉയർപ്പിക്കും. നമ്മെ പുച്ഛിച്ചു തള്ളിയവരുടെ മുൻപിൽ തന്നെ. നാം ഇല്ലാതായ അതേ മേഖലയിൽ കർത്താവ് നമ്മെ മാനിക്കും. അതിനായി കാത്തിരിക്കാം, പ്രാർത്ഥിക്കാം. ഒപ്പം ദൈവഹിതത്തിനായി വിട്ടുകൊടുക്കാം. ആമേൻ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.