കവിത:പൊതു ശരീരം | വിപിൻ പുത്തൂരാൻ

കാണികളുടെ വലിയൊരു കൂട്ടം
കേൾവിക്കാരുടെയും
കസേരക്കാലുകൾ പിരിമുറുക്കത്തിലായി;
സ്ഥാനമൊഴിഞ്ഞിനി, യേതവനാണോ
പുറത്തു കയറിയിരുന്ന്
നെരങ്ങാൻ പോകുന്നത്.
ആമയുടെ സഹോദരങ്ങളായ
കുറേ ഊമകൾ കയറിവന്നു.
വർഷങ്ങളായുള്ള മൗനവൃതം
വെടിഞ്ഞൂരിയാടാൻ തുടങ്ങി.
നാവിന്റെ നീളം കണ്ടവർ പകച്ചുപോയി
അമ്പോ! നാലു വിരൽ നീളം.
ഡംഭത്തിന്റെ വിലങ്ങിനാൽ
ബന്ധിക്കപ്പെട്ടവർക്കോ
കണ്ണിൽത്തറച്ച സൂചിമുനകളെ
കാണാതെയറിയാതെ
ഞാനൊന്നും കണ്ടില്ലല്ലോയെന്ന ഭാവം.
മുമ്പിലിരുന്ന വമ്പന്മാരുടെ
വായിലെത്രയിട്ടു കുത്തിയിട്ടും
സ്രാവ് വിഴുങ്ങിയതു പോൽ
മിണ്ടാതെ മാന്യന്മാരായിരുന്നു.
ചക്കരക്കലത്തിലെ ഉറുമ്പിനെ
വെറുതെ ചൊറിഞ്ഞു മറ്റൊന്നിലും
താല്പര്യമില്ലാത്ത വേറൊരു കൂട്ടം
എരിതീയിൽ എണ്ണ
പകർന്നുകൊണ്ടേയിരുന്നു.
ഒരു റബ്ബറുമരം പോലുമില്ലാത്തവൻ
ഒട്ടുപാലിന്റെ കണക്ക്
ചോദിച്ചെഴുന്നേറ്റുനിന്നു.
സ്തോത്രകാഴ്ച്ചപാത്രമരികെ വരുമ്പോൾ
മുള്ളാനൊരുങ്ങുന്നച്ചായൻ ചോദിച്ചു:
ആകെ-മൊത്തം-ടോട്ടൽ എത്ര കിട്ടി?
വീറോടെ കയറിയവർ കൂറുമാറിയിറങ്ങി
ഒഴിയുവാൻ കഴിയാത്തവർ കുടുങ്ങിപ്പോയി
ഒന്നുമറിയാത്തവർ
അദ്‌ഭുതലോകത്തിലുമെത്തി.
അറുതിയില്ലാത്തനവധി തീരുമാനങ്ങളും
കേട്ടുകേൾവിപോലുമില്ലാത്ത-
അലിഖിത നിയമങ്ങൾക്കും നടുവിൽ
മൂകസാക്ഷിയായി നാലു ചുവരുകൾ മാത്രം.
ഒടുവിൽ കുശ്നിക്കാരന്റെ
ചട്ടുകവുമായൊരമ്മച്ചിയെത്തി
അവിയൽ റെഡി, ഉണ്ടിട്ടു പോ;
ഇതൊരു പന്തിക്കും തീരില്ല,
അമ്മച്ചിക്ക് കാര്യത്തിൻ്റെ പന്തികേട് പിടികിട്ടി.
അപ്പോഴും അപ്പുറത്തെ വീട്ടിലെ
ചങ്ങലക്കിടാത്ത അപ്പുവും കൈസറും നിർത്താതെ കുരച്ചുകൊണ്ടിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like