ചെറുചിന്ത: യേശുവിനെ വന്ദിക്കുന്നവരോ? വിൽക്കുന്നവരോ? | ഷിബു വർഗ്ഗീസ്‌, അബുദാബി

യേശുവിന്റെ കാലത്തു പ്രാർത്ഥനാലയം ആകേണ്ട ആലയം വ്യവസായവൽക്കരിച്ചതുപോലെ സ്വന്തം കാര്യങ്ങളുടെ നേട്ടങ്ങൾക്കായ് സുവിശേഷ വേദികളും, സഭാ സംഘടനകളും ദുർവിനിയോഗം ചെയ്യുന്നു എന്നത് ഈ കാലഘട്ടത്തിലും ദൃശ്യമാണ്.

അന്ന് പിതാക്കന്മാർ പാടി ലോകം വേണ്ട ലോകത്തിൻ ഇമ്പം വേണ്ട…
ഇന്ന് അവരുടെ തലമുറകൾ പ്രസംഗിക്കുന്നു വിടുതൽ എന്ന ഓമനപ്പേരിൽ ലോകത്തിലെ നേട്ടങ്ങൾ, പ്രവർത്തിക്കുന്നു സ്ഥാനമാനങ്ങൾ കീഴടക്കാനുള്ള ഉദ്ദേശ്യനിവർത്തിക്കായി. ആത്മീയതയെ ഭൗതീകതയുടെ തുലാസിൽ അളന്ന് വിറ്റ് ദൈവത്തിന്റെ പേരിൽ ചിലർ സമ്പന്നരാകുന്നു, മറ്റുചിലർ കുതന്ത്രങ്ങൾ മെനഞ്ഞു പേരും, പ്രശസ്തിയും സമ്പാദിക്കുന്നു, ഇവയൊക്കെ നിമിത്തം ആത്മീയ ലോകം മലിനപ്പെട്ടുകൊണ്ടിരിക്കുന്നു, ഫലമോ തലമുറകൾ ആത്മീയതയിൽ നിന്നും അന്യപ്പെടുന്നു.

അപ്പൊസ്‌തലനാകാൻ എണ്ണപ്പെട്ടവൻ അനീതിയുടെ കൂലി സമ്പാദിച്ചു സ്വയം നശിച്ചുപോയതിനാലാണ് ബൈബിളിൽ യൂദ ശ്രദ്ധിക്കപ്പെടുവാൻ ഇടയായത്.

“യേശുവിനോട് കൂടെ നടന്നവൻ, താൻ ചെയ്ത അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചവൻ, തന്റെ ആർദ്രത അറിഞ്ഞവൻ 30 വെള്ളികാശിന്റെ വില മാത്രം നൽകി അവഗണിച്ചപ്പോൾ, അനുയോജ്യമായ സ്ഥലം അവസരം ആയി തിരിച്ചറിഞ്ഞ മറിയ 300 വെള്ളിക്കാശിന്റെ വിലയേറിയ സുഗന്ധദ്രവ്യം കൊണ്ട് യേശുവിന്റെ പാദങ്ങൾ കഴുകി ആദരിച്ചു”

അനീതിയുടെ കൂലി കൊതിച്ചു നശിച്ചുപോയ പ്രവാചകനായിട്ടാണ് ബൈബിൾ ബിലയാമിനെ ചിത്രീകരിച്ചിരിക്കുന്നത്

“ദൈവം അനുഗ്രഹിച്ച ജനത്തെ ശപിക്കുവാൻ ബാലാക്കിനാൽ ക്ഷണിക്കപ്പെട്ട ബിലയാമിനെപ്പോലെ ദൈവീക കൃപാവരങ്ങളെ പണത്തിനായി ദുർവിനിയോഗം ചെയ്യുന്ന ശുശ്രൂഷക്കാരും ഇന്ന് കുറവല്ല.”

ദൈവത്തിനു മാത്രം അർഹിക്കുന്ന മഹത്വം സ്വയം ഏറ്റുവാങ്ങി കൃമിക്കു ഇരയായി പ്രാണനെ വിട്ട ഹെരോദാവും ബൈബിൾ പഠിതാക്കൾക്ക് അപരിചിതൻ അല്ലല്ലോ.

ഭൗതീക നന്മകൾ ലക്ഷ്യം വെച്ച് ദൈവീകപ്രമാണങ്ങളെ നിസാരവൽക്കരിക്കുന്ന പ്രവണത വര്‍ദ്ധിക്കുന്ന ഇന്നത്തെ സമൂഹത്തിൽ തേന്‍ ചേര്‍ത്ത ഉപദേശങ്ങള്‍ ചൂടപ്പംപോലെ വിറ്റഴിയുന്ന വ്യാപാരസ്ഥലം ആയി ആത്മീയഗോളം മാറികൊണ്ടിരിക്കുമ്പോൾ ആത്മീക കാഴ്ചപ്പാട് ഉള്ളവരായി ഈ ലോകത്തിലെ നശ്വരകാര്യങ്ങൾക്ക് അതീതമായി നിത്യതയെ വിശ്വാസ കണ്ണുകൾകൊണ്ട് കാണണം.

“ഈ ലോകത്തിലെ നേട്ടങ്ങൾക്ക്‌ അതീതമായി യേശു ആയിരിക്കണം സമ്പത്ത്”. ഈ നന്മ വിൽക്കുന്നവരായി തീരാതെ യേശുവിനെ വന്ദിക്കുന്നവരായി മാറാം.

_ഷിബു വർഗ്ഗീസ്‌, അബുദാബി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.