തമിഴ്‌നാട്ടില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ആര്‍‌.എസ്‌.എസ് ആക്രമണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ഇരുനൂറോളം ഹിന്ദുത്വവാദികളുടെ ആക്രമണം. ഫ്രാന്‍സിസ്‌കന്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി എന്ന സന്യാസ സഭ നടത്തുന്ന ചിന്നസേലത്തു പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നേരേയാണ് ആക്രമണമുണ്ടായത്. ട്രക്കുകളില്‍ എത്തിയ ഇരുനൂറോളം പേര്‍ വരുന്ന ആര്‍‌എസ്‌എസ് സംഘമാണു സ്‌കൂളില്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും അധ്യാപകരെ മര്‍ദിക്കുകയും ചെയ്തത്. സംഘത്തോടൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ കന്യാസ്ത്രീകളെ ആക്രമിക്കാനും വസ്ത്രാക്ഷേപം നടത്താനും മുതിര്‍ന്നു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന്റെ പേരിലാണ് ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്.

സ്‌കൂളിലെ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മാര്‍ച്ച് 25ന് കല്ലാകുറിശിയിലെ ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പ് ഒന്നും കണ്ടെടുത്തിരുന്നില്ല. അതേസമയം, ഫൈനല്‍ പരീക്ഷയില്‍ നന്നായി എഴുതാന്‍ കഴിഞ്ഞില്ലെന്നും ഫലം വരുമ്പോൾ മാതാപിതാക്കള്‍ വഴക്കുപറയുമോയെന്ന പേടിയുണ്ടെന്നും വിദ്യാര്‍ഥിനി കൂട്ടുകാരില്‍ ചിലരോടൊക്കെ പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സംഭവം മറയാക്കി, മരിച്ച വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളെയും കൂട്ടി അക്രമിസംഘം എത്തുകയായിരുന്നെന്നു മാനേജ്മെൻറ് അറിയിച്ചു.

പോലീസ് സ്‌റ്റേഷന്റെ സമീപത്തായിരുന്നു സ്‌കൂള്‍ എങ്കിലും ആക്രമണം തടയാന്‍ പോലീസ് കാര്യമായ നടപടികളൊന്നും എടുത്തില്ലെന്ന് ഫാ. അര്‍പുതരാജ് വെളിപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളില്‍ പോലും വാര്‍ത്ത വരുന്നത് തടയൂവാന്‍ തത്പര കക്ഷികള്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നു സന്യാസിനി സഭയുടെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പത്രസമ്മേളനം വിളിച്ചു സ്ഥിതിഗതികള്‍ വിവരിക്കുകയായിരിന്നു. മരിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കളെ ആര്‍.എസ്.എസ് തെറ്റിദ്ധരിപ്പിച്ചും പ്രകോപിപ്പിച്ചും സ്‌കൂള്‍ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് സ്‌കൂളധികൃതര്‍ ധനസഹായം നല്കിയിരുന്നു.

സംഭവത്തില്‍ തമിഴ്നാട് ബിഷപ്പ് കോണ്‍ഫറന്‍സ് (ടി‌.എന്‍‌.ബി‌.സി) പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ദേശീയ വാദികളുടെ ആക്രമണം പതിവായിരിക്കുകയാണെന്നും സംഭവത്തില്‍ പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റും മധുരൈ ആര്‍ച്ച് ബിഷപ്പുമായ ആന്റണി പപ്പുസ്വാമി പറഞ്ഞു. അതേസമയം ആക്രമണത്തെത്തുടര്‍ന്ന് നാലു കന്യാസ്ത്രീകളും രണ്ടു സ്‌കൂള്‍ ജീവനക്കാരും ആശുപത്രിയില്‍ ചികിത്സയിലാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.