ലേഖനം:ആദരവില്ലാത്ത ആരാധന | ബിജു പി. സാമുവൽ,ബംഗാൾ

ഭയം! ആ വാക്ക് മനസ്സിൽ വരുമ്പോൾ ഒരു നിഷേധാത്മക ചിന്തയാണ് മിക്കപ്പോഴും ഉണ്ടാകുന്നത് . സാധാരണയായി നാം ഭയപ്പെടുന്നത് ഭീതിജനകമായ സംഭവങ്ങൾ നടക്കുമ്പോഴാണ് . ഭയം എന്ന വാക്ക് ബൈബിളിൽ ആദ്യമായി പരാമർശിച്ചിരിക്കുന്നത് ഉല്പത്തി 3-ലാണ് . ഏദൻതോട്ടത്തിൽ ദൈവശബ്ദം കേട്ട ആദാം ഭയപ്പെട്ടാണ് ഒളിച്ചത് . തെറ്റ് ചെയ്തതിനാൽ ശിക്ഷ ലഭിക്കുമെന്ന ഭയമാണത് .

ആദിമ നൂറ്റാണ്ടിൽ അനന്യാസ്- സഫീര ദമ്പതിമാരുടെ ദുരന്ത മരണം കേട്ടപ്പോൾ സഭക്കെല്ലാം മഹാഭയം
ഉണ്ടായി . ന്യായവിധിയിൽ നിന്നും ഉടലെടുത്ത ഭയമായിരുന്നു അത് .

എന്നാൽ ഈ ഭയത്തിൽ നിന്നും വ്യത്യസ്തമായുള്ള ഭയത്തെപ്പറ്റിയാണ് അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2: 43-ൽ പ്രതിപാദിക്കുന്നത് . ന്യായവിധി ഉണ്ടാകുമെന്ന പേടിയോ ഭീതിജനകമായ സംഭവങ്ങളോ ഇല്ലാതിരുന്നിട്ടും എല്ലാവർക്കും ഭയമായി എന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

അവർ ആരെയാണ് ഭയപ്പെട്ടത്? . ദൈവത്തെത്തന്നെയാണ്.
എന്തായിരുന്നു ആ ഭയത്തിന്റെ പ്രത്യേകത? . ആ ഭയത്തിൽ ഭീതി
ഇല്ലായിരുന്നു .
ദൈവത്തോടുള്ള ഭക്തിയും ബഹുമാനവുമാണ് അവിടെ ജനത്തിന് ഉണ്ടായത് .

ആദിമ നൂറ്റാണ്ടിലെ സഭ ദൈവഭയമുള്ള സഭയായിരുന്നു എന്നു പറഞ്ഞാൽ അവർ ദൈവത്തെ ആദരിക്കുന്ന സഭയായിരുന്നു എന്നാണർത്ഥം . കർത്തവ്യ ബോധമുള്ള ഒരു മകൻ ധർമ്മിഷ്ഠനായ പിതാവിനോട് കാണിക്കുന്ന ഭയമാണത് .
തന്റെ ജീവിതം കൊണ്ട് പിതാവിനെ അപമാനിക്കാതെയും പിതാവിന്റെ വികാരങ്ങളെ വ്രണപ്പെടുത്താതെയും പിതാവ് അംഗീകാരം നൽകാത്ത ഒരു കാര്യവും ചെയ്യാതെയും ഇരിക്കുന്നതാണ് ആ ഭക്തി .

ഭാര്യ ഭർത്താവിനെ അനുസരിക്കുന്നത് ഭർത്താവിനോടുള്ള പേടിയിൽ നിന്നോ ഭർത്താവിന്റെ
ശിക്ഷയിൽ നിന്ന് ഒഴിവാകാനോ വേണ്ടിയാണെങ്കിൽ ആ കുടുംബജീവിതം എത്ര വിരസമായിരിക്കും . ഭർത്താവ് പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നത് കടമ നിർവഹിക്കാൻ വേണ്ടി മാത്രമാണെങ്കിൽ എവിടെയാണ് ബന്ധത്തിന്റെ ഊഷ്മളത ആ കുടുംബത്തിൽ ഉള്ളത്? . ഭർത്താവിനോടുള്ള അനുസരണം സ്നേഹത്തിൽനിന്നും ബഹുമാനത്തിൽ നിന്നും ഉയരുന്നതാണെങ്കിൽ
മാത്രമേ അവിടെ ആഴമായ ബന്ധം ഉണ്ടാകുന്നുള്ളൂ .

ഇതുപോലെ ദൈവത്തോടുള്ള ആരാധന ദൈവിക ശിക്ഷയിൽ നിന്നും ഒഴിവാകാൻ വേണ്ടി മാത്രം ആണെങ്കിൽ അവിടെ ഹൃദയംഗമമായ ബന്ധം ഉണ്ടാകുന്നില്ല .

മിക്ക മതങ്ങളിലും ദൈവാരാധന ഭീതിയിൽ നിന്നും ഉയരുന്നതാണ് . ദൈവത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ രോഗം വരും, സമ്പത്ത് നഷ്ടമാകും, കൃഷി നശിക്കും എന്നൊക്കെയുള്ള ചിന്തയാണത് . ശിക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ദൈവത്തെ പ്രസാദിപ്പിക്കുവാൻ നേർച്ചകളും കാഴ്ച്ചകളും നൽകി ശിക്ഷ
ഒഴിവാക്കാൻ ശ്രമിക്കുന്നത് ജാതീയ രീതിയാണ് .

ആരാധന ദൈവത്തോടുള്ള ഭീതിയിൽ നിന്നല്ല സ്നേഹത്തിൽ നിന്നാണ് ഉയരേണ്ടത് . ഭയത്തിന് ദണ്ഡനം ഉണ്ടെന്ന് 1യോഹന്നാൻ 4: 18-ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇതിനോട് ചേർത്ത് ചിന്തിക്കുക . ഭയം ശിക്ഷയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അതിനർത്ഥം . തെറ്റ് ചെയ്യുന്നവരിലാണ് ഭീതി ഉണ്ടാകുന്നത് . എന്നാൽ തികഞ്ഞ സ്നേഹം ഭീതിയെ പുറത്താക്കുന്നു . കർത്താവിനോട് തികഞ്ഞ സ്നേഹമുള്ളവൻ പാപം
ചെയ്യില്ല . പാപം ചെയ്യാത്തവന് ശിക്ഷിക്കപ്പെടുമെന്ന ഭീതി ഉണ്ടാകുന്നില്ലല്ലോ . അതാണ് തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുമെന്ന് പറഞ്ഞിരിക്കുന്നത് . അവിടെ ഭീതിയില്ല, സ്നേഹവും ബഹുമാനവും മാത്രമാണുള്ളത് .

വിശുദ്ധിയിലും നീതിയിലും തിരുമുമ്പിൽ ഭയംകൂടാതെ ആരാധിക്കാനുള്ള കൃപയാണ് നാം പ്രാപിച്ചിരിക്കുന്നത് (ലൂക്കോസ് 1:74 ). ഇനി നാം ദൈവസന്നിധിയിൽ ഭീതിയോടെ കടന്നുവരേണ്ട കാര്യമില്ല . പക്ഷേ കടന്നുവരുമ്പോൾ ദൈവത്തോടുള്ള ഭക്തിയോടും ആദരവോടും വരിക .

ഇന്ന് ദൈവത്തോടുള്ള ആദരവ് നമുക്ക് നഷ്ടമായിരിക്കുന്നു .
സഭകളിൽ ദൈവഭക്തി അന്യമായിരിക്കുന്നു . ജാതികളുടെ ഇടയിൽ പോലും കേൾക്കാത്ത കാര്യങ്ങൾ നമ്മുടെ സഭകളിൽ ഉയരുന്നു . ആരാധനയുടെ പേരിൽ പേക്കൂത്തുകൾ ആണ് പലയിടത്തും നടമാടുന്നത് . കൈക്കൂലിക്കാരനും കരിഞ്ചന്തക്കാരനും കള്ള പ്രവാചകനും സഭകളിൽ നിർവിഘ്നം വിലസുന്നു . ഒരു ക്ലബ്ബിൽ പോകുന്ന ലാഘവത്തോടെ സഭകളിൽ എത്തുന്നവർ വർദ്ധിച്ചുവരുന്നു . വ്യക്തിജീവിതത്തിലെ വിശുദ്ധി ഇല്ലാതെ സ്റ്റേജിൽ ജനത്തെ ആരാധിപ്പിക്കാൻ ശ്രമിക്കുന്നവർ കുറവല്ല . വിവാഹ -വസ്തു ദല്ലാൾപണിയോടൊപ്പം ഒന്നായി മാത്രം സഭാശുശ്രൂഷയെ കാണുന്നവർ പെരുകുന്നു . സ്ഥാനമാനങ്ങൾക്കായി ഏതറ്റംവരെയും പോകാൻ മടിക്കാത്ത നേതൃത്വം . ദൈവമഹത്വം ഉയരേണ്ട ആലയങ്ങൾ കള്ളന്മാരുടെ ഗുഹയായി നിപതിച്ചിരിക്കുന്നു . എവിടെ ദൈവഭക്തി? എവിടെ ദൈവത്തോടുള്ള ആദരവ് ?.

മലാഖി 1:6-ൽ ഉള്ള യഹോവയുടെ നിലവിളി നമ്മോടുള്ളതാണെന്ന് മറക്കരുത് . ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ ?. ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ ?. തിരുമുൻപിൽ ജീവിക്കുക . ദൈവമുമ്പാകെ നടക്കുക . ദൈവത്തിന്റെ കൺവെട്ടത്തു തന്നെയാണ് നടക്കുന്നത് എന്ന ബോധ്യം ഉണ്ടാകുക . ദൈവത്തിന്റെ കണ്ണു വെട്ടിക്കാൻ കഴിയില്ല എന്ന ചിന്ത എപ്പോഴും ഉണ്ടെങ്കിൽ ദൈവഭക്തി ആദരവ് നമ്മിൽ നിറയും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.