ലേഖനം:ഒരു ദൈവപൈതലിന്റെ യാത്ര | പാസ്റ്റർ റെജി തലവടി

മനുഷ്യന്റെ യാത്രകളിൽ ഉണ്ടാകുന്ന യാത്രാതടസ്സം പലപ്പോഴും പ്രയാസമാകാറുണ്ട്. ചില യാത്രകൾ അത്യാവശ്യമായതും തിടുക്കത്തിൽ ഉള്ളതും ആയിരിക്കും. നാം യാത്ര ചെയ്യുന്ന വഴികളിൽ വലിയ തിരക്കുകൾ ഒന്നും ഇല്ലായെങ്കിൽ നാം നമ്മുടെ വാഹനത്തിന്റെ വേഗത അല്പം കൂട്ടുകയും നിസ്സാരമായി വാഹനം ഓടിക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ വാഹനത്തിന്റെ വേഗത പരിധിയും കഴിഞ്ഞു പോയെന്നും വരാം. എന്നാൽ പതിവായി യാത്ര ചെയ്യുന്ന വഴിയിൽ അപ്രതീക്ഷിതമായ മാർഗ്ഗതടസ്സം ഉണ്ടായാൽ നാം എന്തു ചെയ്യും? യാത്ര മുടങ്ങാതെ മറ്റൊരു ദിശയിൽ കൂടെ അധികം സമയം എടുത്തായാലും ലക്ഷ്യസ്ഥാനത്തു എത്തിച്ചേരുന്നു. ഇതിൽ നിന്നും നാം പഠിക്കേണ്ടുന്ന ചില പാഠങ്ങൾ ഉണ്ട്.

ഒരു ക്രിസ്തീയ വിശ്വാസി ആത്മീയ യാത്രയിൽ പതിവായി സഞ്ചരിക്കുന്ന പാതയിൽ ഒരു തടസ്സം നേരിടുകയോ ദിശ മാറ്റി വിടേണ്ടി വരികയോ ചെയ്‌താൽ അത് നന്മയ്ക്കായിരിക്കും. വഴി വിശാലമായി കിടന്നാൽ അതിനൊത്തു യാത്ര ചെയ്യുന്നത് പോലെ എല്ലാം അനുകൂലമായിരിക്കുമ്പോൾ നാം ലോകത്തിന്റെ സാഹചര്യങ്ങൾക്ക് ഒത്തവണ്ണം യാത്ര ചെയ്യുവാൻ സാധ്യതയുണ്ട്. ആയതിനാൽ ജീവിതത്തിൽ പല തടസ്സങ്ങൾ ദൈവം അനുവദിക്കുന്നു. അത് നിമിത്തം വേഗത കുറച്ചു ശ്രദ്ധയോടു കൂടെ യാത്ര ചെയ്യുവാൻ കഴിയും. നമ്മുടെ പ്രാർത്ഥനാ വിഷയങ്ങൾക്കു തടസ്സം നേരിടുമ്പോൾ പ്രാർത്ഥനയുടെ സമയം വർധിക്കും. അതു നിമിത്തം പല അപകടങ്ങളും ഒഴിഞ്ഞു പോകും. യാത്രയുടെ ദിശ തിരിച്ചു വിടുന്നതിലൂടെ പുതിയ അനുഗ്രഹത്തിലേക്കു ദൈവം നമ്മെ കൊണ്ടെത്തിക്കും. നാം ആഗ്രഹിക്കുന്ന പല വഴികളും ദൈവത്താൽ തടയപ്പെടാറുണ്ട്. പലപ്പോഴും വളരെ വൈകിയാണ് നാം അത് തിരിച്ചറിയുന്നത്. നമ്മുടെ ക്രമീകരണങ്ങൾ പ്രകാരം എത്തിച്ചേരും എന്നു പ്രതീക്ഷിച്ച പല സമയങ്ങളും വൈകുകയും ദിശ മാറിപ്പോകുകയും ചെയ്യുമ്പോൾ വേദനപ്പെടുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ വലിയൊരു ആപത്തിൽ നിന്നുമുള്ള വിടുതൽ ആയിരുന്നു അതിനു പിന്നിലുള്ള ദൈവീക ഉദ്ദേശം എന്നു മനസ്സിലാക്കണം. ആ മാർഗ്ഗതടസ്സം വന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ വലിയൊരു അപകടത്തിൽ നാം ചെന്നു  വീഴുമായിരുന്നു. ആയതിനാൽ ക്രിസ്തീയ ജീവിത യാത്രയിൽ ഉണ്ടാകുന്ന തടസ്സങ്ങളിൽ വാഹനം നിർത്താതെ നന്മയ്ക്കു വേണ്ടി ദൈവം ഒരുക്കി വെച്ചിട്ടുള്ള പാതയിൽ കൂടെ മുൻപോട്ടു പോകുവാൻ ഇടയാകട്ടെ. ഒരു അനുഗ്രഹം ഉണ്ടാകും നിശ്ചയം………

-ADVERTISEMENT-

-ADVERTISEMENT-

You might also like