ലേഖനം:വളവിൽ തിരിവ് സൂക്ഷിക്കുക അപകടം പതിയിരിപ്പുണ്ട് | പാസ്റ്റർ ഷാജി ആലുവിള

“ശ്രദ്ധ മരിക്കുപോൾ അപകടം ജനിക്കുന്നു” വളവുള്ള വഴികളിലും അപകട സാധ്യതാ മേഖലകളിലും കാണുന്ന സൂചന ബോർഡ് ആണ് ഇത്. എന്നുവെച്ചാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. വളവില്ലാത്ത വഴി വിരളമാണ്. വിരളമായതിൽ പലതും ദുർഘടമായതും. അങ്ങനെ റോഡിലെ വളവും വലിയ കുഴികളും വിലയേറിയ എത്രയോ ജീവനെ വഴിയാധാരമാക്കി. നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ യാത്ര സുഖമായിരിക്കാം. വളഞ്ഞ വഴിയിലൂടെയുള്ള യാത്ര വളരെ സൂക്ഷിച്ചും വേണം ശ്രദ്ധ മരിക്കാതെ.
യാത്ര ചെയ്യുമ്പോൾ വഴി പിശകാതെ ലക്ഷ്യത്തിലെത്തുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഓരോ ലക്ഷ്യസ്ഥാനത്തേക്കും ഒന്നിലധികം വഴികൾ കണ്ടുവെന്നും വരാം. ഉത്തമമായ വഴി ഏതെന്നറിയാൻ വഴി നിശ്ചയം ഉള്ളവരോട് ചിലർ ചോദിക്കും, ചിലർ കുറുക്കു വഴി പോയെന്നും വരാം.ലോകത്തിൽ നാം ജീവിക്കുമ്പോൾ നിരവധി കാര്യങ്ങളിൽ നാം ഏർപ്പെടുകയും നിരവധി ലക്ഷ്യങ്ങൾ നേടിയെടുക്കുകയും ചെയ്യേണ്ടതായും ഉണ്ട്. ലക്ഷ്യപ്രാപ്തിയിൽ എത്തുവാൻ വളഞ്ഞ വഴി തെരെഞ്ഞെടുക്കുന്നവർ വക്രതയുള്ളവർ ആണ് എന്ന് ശലോമോൻ ഓർമിപ്പിക്കുന്നു. നീതിമാന്മാരുടെ പാത പ്രഭാതത്തിന്റെ വെളിച്ചം പോലെയെന്നും താൻ പറയുന്നു.
ചില കുറുക്കു വഴി മനുഷ്യന് ചൊവ്വയി തോന്നും അതിന്റെ അവസാനം മരണ വഴികൾ ആയെന്നും വരും. പണം ഉണ്ടാക്കാൻ വളഞ്ഞവഴി, സ്ഥാനം കിട്ടാൻ കുറുക്കു വഴി, സ്ഥാനം മാറ്റാനും സ്ഥലം മാറ്റാനും വളഞ്ഞ വഴി. കുറുക്കു വഴിയും വളഞ്ഞ വഴിയും അപകടത്തിൽ എത്തിക്കും എന്നുള്ളത് അനേകരുടെ അനുഭവം ധൃഷ്ടാന്തമായി മുന്നിൽ ഉണ്ട്. നീതിയും ന്യായമായതും അല്ലാത്ത വഴികളിലൂടെ നേട്ടങ്ങൾ കൈവരിക്കയോ ലക്ഷ്യം നേടുകയോ ചെയ്താൽ അവ ഒരിക്കലും ശാശ്വതമാകയില്ല. കൈക്കൂലി കൊടുത്തും പാരിതോഷികം കൊടുത്തും ജോലിയും സ്ഥാനവും നേടുന്നവർ അനവധിയാണ്. ജോലിയിൽ പോലും ഉയർച്ച ലഭിക്കണ്ടതിന് മദ്യവും മധുരാക്ഷിയെയും കാഴ്ച്ച വെക്കുന്നവർ പലയിടങ്ങളിലും ധാരാളം ഉണ്ട്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും തെറ്റും പാപവും ആണെന്ന് അറിഞ്ഞു കൊണ്ടും അതിനെ പാലൂട്ടി വളർത്തുന്ന ഒട്ടനവധിപ്പേർ സമൂഹത്തിൽ വർധിച്ചു കഴിഞ്ഞു. സാധാരണക്കാരന്റെ കാര്യസാധ്യ ത്തിന്റെ ഇട നിലക്കാരനായി കൈക്കൂലി എന്ന വില്ലൻ പ്രത്യക്ഷപ്പെടുകയും പലരും പിടിക്കപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടും വളഞ്ഞ വഴിയിലൂടെ യാണ് ജനത്തിന്റെ യാത്ര. അധാർമികതയുടെയും അസാന്മാർഗ്ഗികതയുടെയും അനാത്മീയതയുടെയും പ്രഭവകേന്ദ്രമാണ് സാത്താനും പ്രവർത്തന ശൈലിയും. മനുഷ്യനിൽ വ്യാജ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവ സാത്താന്റെ പ്രവർത്തന പദ്ധതികളിൽ പ്പെടുന്നു. ഉപായവും ചതിയും വളഞ്ഞ വഴിയും പൈശാചിക പദ്ധതിയും ആണന്നു മറക്കയും അരുത്. അതിൽ യാത്ര ചെയ്യുന്നവരുടെ കാൽ നാശത്തിലേക്ക് നീങ്ങുകയും വൻ വാരിക്കുഴിയിലേക്ക് കൂപ്പു കുത്തുകയും ആണ് എന്നുള്ളതും നന്നായയോർക്കണം. കാപട്യം മുഖ മുദ്രയും, ഭോഷ്‌ക്ക് ഇഷ്ട വിനോദങ്ങളും ആണ് അനേകർക്ക്.
സ്വന്തം അല്ലാത്തതും അർഹത ഇല്ലാത്തതുമായവ നേടിയെടുക്കാൻ കണ്ടുപിടിക്കുന്ന സത്യസന്ധമല്ലാത്ത ഏത് വഴിയും വളഞ്ഞ വഴികൾ ആണ്. ഗണിത ശാസ്ത്രത്തിലെ കുറുക്കുവഴികൾ സൽഫലം തരുന്നതുപോലെ നാം ഉണ്ടാക്കുന്ന വളഞ്ഞ വഴികൾ സഫലം ആയി എന്നും വരില്ല. പല മരണ വഴികളും ഇഷ്ട വഴിയായി തോന്നാം. ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമേ സത്യം മനസിലാക്കായുള്ളൂ. അപ്പോഴേയ്ക്കും രക്ഷപെടുവാനുള്ള സമയം വൈകിയിരിക്കും. സത്യത്തിന്റെയും നീതിയുടെയും മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ചാൽ ലക്ഷ്യത്തിൽ എത്താൻ പിന്നെ വളഞ്ഞ വഴി തിരഞ്ഞെടുക്കുന്നു. അതു ദൈവത്തിൽ നിന്നും നമ്മെ ഒറ്റപ്പെടുത്തും. കോളേജ് ക്യാംപസിൽ ലഹരി പ്പൊതികൾ കൈമാറിയാൽ പെട്ടന്ന് പണക്കാരൻ ആകാം എന്നുള്ള യുവ തലമുറയുടെ കുറുക്കുവഴികൾ പലരുടെയും ഭാവി തകർത്തു കളഞ്ഞു എന്നുള്ളതും ശ്രദ്ധ യിൽപ്പെട്ട വാർത്തകളാണ്. എന്നിട്ടും ഈ തലമുറ ഒന്നും പഠിക്കുന്നില്ല.
താൽക്കാലിക ഭോഗത്തിലൂടെ അല്പസമയത്തെ സുഖത്തിനായി എത്രയോ സൂത്രപ്പണികളും ചതിക്കുഴികളും മനുഷ്യർ മെനയുന്നു. അതിൽ രക്തബന്ധങ്ങൾക്ക് പോലും യാതൊരു സ്ഥാനവും കൊടുക്കാതെ ക്രൂരന്മാരായി പലരും തീരുന്നു. സ്നേഹം ചമഞ്ഞും, അനുതാപം കാട്ടിയും, സഹായം വെച്ചു നീട്ടിയും, വാഗ്ദാനങ്ങളിൽ കുളിപ്പിച്ചും, വിശ്വാസിയതയിൽ വശീകരിച്ചും എത്രയോ കശ്മ്മലൻമ്മാർ പലരെയും മൃഗീയമായി പിച്ചി ചീന്തി. അതിൽ ആത്മീയ നടത്തിപ്പുകാരും ഉൾപ്പെടുന്നതിൽ നാം ലക്ജിക്കേണ്ടിയിരിക്കുന്നു.അതൊക്കെ അവരുടെ വളഞ്ഞ വഴികളുടെ ക്രൂര വിനോദങ്ങൾ ആയിരുന്നില്ലേ. പകയും വൈരാഗ്യവും തീർക്കാൻ സ്നേഹാഭിനയത്തിൽ കൂടെ നിന്ന്‌ കായീനെ പോൽ എത്രയോ പേർ പലരെയും കൊന്നു തള്ളിയിട്ടുണ്ട്. കത്തി കൊണ്ടോ, ആയുധം കൊണ്ടോ മാത്രമല്ല മറ്റുള്ളവരെ ഇല്ലായ്യമ ചെയ്യുന്നത്. അപഖ്യാതികളാകുന്ന ക്രൂര അമ്പുകളും ആയുധങ്ങളക്കുന്നു പലരും.
പുരോഹിതന്മാരുടെയും പാസ്റ്റർമാരുടെയും സ്ഥലം മാറ്റത്തിൽ പുതിയതായി ചെല്ലുന്ന ഇടവകകളിലേക്കു അപരന്മാരായ ചില ദ്രോഹികൾ ദുർവർത്തമാനങ്ങൾ അറിയിച്ചു വഴിതടയുന്ന വളഞ്ഞ വഴികളും ക്രിസ്തീയ ലോകത്ത് കുറവല്ല. ഇരിക്കുന്നിടത്തു നിന്ന് ഇളക്കുകയും പോകുന്നടുത്തു നിർത്താതെയും ഉള്ള നീച കർമ്മങ്ങൾ നമ്മുടെ ഇടയിലുള്ള ദ്രോഹത്തിന്റെ കുറുക്കുവഴികളാണ്. ഈ പ്രവണതകൾ മാറണം ,സഭകളുടെ മേലധ്യക്ഷന്മാർ ഇത് ഗണ്യമായി പരിഗണിച്ച് ഇടവക പരിപാലകരെ സംരക്ഷിക്കണം. ഇവർക്കും ജീവിക്കണ്ടെ, സമാധാനത്തോടെ ശുശ്രൂഷിക്കണ്ടേ ? ഒന്നോർത്താൽ ഈ ദ്രോഹികൾ സ്വർഗ്ഗരാജ്യം കാരസ്ഥമാക്കുമോ ? ആകാത്തവരെയും, നല്ലവരെയും നോക്കിക്കാണുന്ന ദൈവത്തിന്റെ കണ്ണ്‌ ആശ്വാസത്തിന്റെയും ആർദ്രതയുടെയും ആണ്. ഇരുളിന്റെ ഉള്ളറകളിലേക്ക് ചൂഴ്ന്നിറ ങ്ങുന്ന തമ്പുരാന്റെ കണ്ണ് സകലവും കാണുന്നതാകയാൽ ഇരുട്ടുപോലും ദൈവത്തിന് മറവായിട്ടുള്ളതല്ല. അനീതിയെയും, ദുഷ്ടതയെയും ചുട്ടു ചാരമാക്കുന്ന ദൈവത്തിന്റെ കോപാഗ്നിയിൽ കത്തിച്ചുകളയും ദൈവത്തിനു നിരക്കാത്ത എല്ലാ വഴികളും എന്നു നാം ഓർക്കണം. ഒന്നു വെച്ചാൽ മൂന്ന്‌ അടിക്കുന്ന ചൂതാട്ട ക്കളിയല്ല ആത്മീയ ജീവിതം. നേരായ മാർഗ്ഗത്തിനു വേണ്ടി നിണം കൊടുത്തു നേടിയതാണ് ദൈവ സഭ. അതിൽ വളഞ്ഞവഴികളിലൂടെ വ്യാജം കാണിക്കുന്ന ആരും മണവാട്ടിയാം സഭയിലെ അംഗങ്ങളല്ല.
നേർ വഴിയിലൂടെ യാത്ര ചെയ്തു അക്കരെ നാട്ടിൽ എത്തണം എങ്കിൽ ഗതാഗത നിയന്ത്രണ നിയമങ്ങൾ പാലിക്കുന്ന യാത്രക്കാരെ പ്പോലെ ആത്മീയ നിയമത്തിന് കീഴ്പ്പെട്ടു പോയാൽ അപകട സാധ്യതകൾ ഒഴിവാക്കാം. അമിത വേഗവും,ഓവർ ലോഡും, ഓവർ ടയ്ക്കും, വഴിയുടെ വളവും അപകടം വിളിച്ചു വരുത്തും. കുറഞ്ഞ ഭാരം യാത്രക്ക് സുഖകരം എന്ന്‌ ഓർത്തുകൊണ്ട് ഭാരങ്ങൾ ദൈവത്തിൽ സമർപ്പിച്ചു, കുറുക്കുവഴിയും, വളഞ്ഞ (വക്ര) ബുദ്ധിയുടെ വഴിയും ഉപേക്ഷിച്ച് ദൈവ വഴി മനസിലാക്കി നീതിക്കായി നമുക്ക് നിൽക്കാം….മറു കരയിൽ ചേരും വരെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.