കവിത:നമിക്കട്ടെ നിൻ പാദം!!! | സിസ്റ്റർ ഓമന സജി

1. സൃഷ്ടി തന്‍ വൈവിധ്യങ്ങള്‍ എത്ര ശ്രേഷ്ടം
വര്‍ണ്ണിപ്പതാരാല്‍ എളുതാകുമതിന്നാഴം
സൃഷ്ടി തന്‍ സൂക്തങ്ങള്‍ ആരായാന്‍ വെമ്പും
മനുജാ! ഹാ! നിന്‍ ബുദ്ധി ശൂന്യത എത്ര കഷ്ടം?

2. എങ്ങു നിന്നുല്പത്തി എങ്ങു നിന്‍ അന്ത്യം
ചൊന്നിടാവതോ നിന്‍ അറിവിന്‍ ഉറവില്‍ നിന്നും
കരുതുന്നു ഒരുവന്‍ ഞാനൊരു പണ്ഡിതന്‍
അറിവിന്‍ ഭണ്ഡാരമോ അതെന്നുമെന്‍ സ്വന്തം

3. സാധ്യമോ ചൊല്ലുവാന്‍ അലയാഴിയില്‍ ഉത്ഭവം
മരണം തന്‍ ഘോരമാം പടിവാതില്‍കളും
കണ്ടുവതോ അന്ധതമസ്സിന്‍ ഭണ്ഡാരം
പറയാവതോ വെളിച്ചത്തില്‍ തെളിവാം പാത

post watermark60x60

4. അമ്മ തന്‍ ഗര്‍ഭത്തില്‍ ഉരുവായ നിന്‍
അസ്ഥികള്‍ തന്‍ രൂപഭേദവും
ഹൃദയ ധമനി തന്‍ സ്പന്ദനത്തിന്‍
ഗതി വിഗതിയും ഓതുമോ നീ

5. പിറക്കുന്നിതൊരുവന്‍ അര്‍ദ്ധാംഗനായ്
മറ്റൊരുവനോ അതികാംഗനും
കണ്ണിലൊരുവനു കേള്‍വിയില്ല
ശേഷിയറ്റ കാല്‍കളുമായ് ഇനിയൊരുവന്‍

6. ആകാര വടിവുള്ളവനോ ഉരിയാടുവാനെളുതല്ല
നോക്കുകില്‍ വൈകല്യങ്ങള്‍ എത്രയെത്ര
ദുഷ്ക്കരമതേറെ ഈ ജീവിതം
കഴിപ്പതോരോ ദിനങ്ങളും ദു:ഖപാത്രരായ്

7. വര്‍ദ്ധിപ്പിക്കുമൊരുവന്‍ തന്‍ മുഖകാന്തി
വ്യര്‍ത്ഥമാം സൗന്ദര്യ വര്‍ദ്ദകങ്ങളാല്‍
കരുവാളിക്കുമവന്‍ മുഖ ചര്‍മ്മമേവം
ഒരുനാള്‍ കാലത്തിന്‍ താഴികത്തില്‍

8. ദരിദ്രനൊരുവന്‍ അന്നത്തിനു പഞ്ഞമുള്ളോന്‍
ദുര്‍വ്യയം ചെയ്യുന്നു മറ്റൊരുവന്‍ തന്‍ ധനം
വിയര്‍പ്പൊഴുക്കുന്നു അഹോരാത്രമൊരുവന്‍
എങ്കിലും ശൂന്യമതെന്നുമവന്‍ കൈകള്‍

9. അലസ ചിത്തനായ് കാലം കഴിപ്പവനും
നിശ്ചയമായ് നിത്യം പശിയടക്കുന്നു
നിറയ്ക്കുമൊരുവന്‍ തന്‍ പാണ്ഡികശാലകള്‍
ഭക്ഷിപ്പതോ വെറും കയ്പു കാരകങ്ങള്‍

10. സമയമതൊട്ടുമില്ല ഒരുവനു ചിന്തിക്കില്‍
നെട്ടോട്ടമോടുന്നു ധന സമ്പാദനത്തിനായ്
അനുഭവിക്കുന്നു തന്നദ്ധ്വാന ഫലം
ശാന്തമാനസ്സനാം മറ്റൊരുവന്‍ ദൈവപ്രസാദമുള്ളോന്‍

11. സർവ നന്മകളുമൊത്തിണങ്ങീടുമെങ്കിലും
കരുതേണ്ട നിന്നന്ത്യം മനോഹരം
സമ്പല്‍ സമൃദ്ധമെങ്കിലും നിന്‍ ജീവിതം
തട്ടിപ്പറിക്കുന്നു വിധി തന്‍ കരാളഹസ്തമതിന്‍ മദ്ധ്യേ

12. ആയുരാരോഗ്യ സൗഖ്യമാം ദൈവീകദാനം
ലഭിക്കും മനുജാ നീ എത്ര ഭാഗ്യവാന്‍
ഓര്‍ക്കുകില്‍ നിന്‍ യോഗ്യതയെത്ര ശൂന്യം
നമിക്കുക നിന്‍ സൃഷ്ടാവിന്‍ പാദത്തില്‍ കൂപ്പു കൈകളുമായ്

13. നിറയട്ടെ നിന്‍ മനതാരും നന്ദിയാല്‍
ഈറനണിയട്ടെ നിന്‍ മിഴികളും
ധരിത്രിയില്‍ ശ്രേഷ്ഠരായ് മേവുവാന്‍
ഭാഗ്യമേകും സര്‍വ്വംഭരനെ വാഴ്ത്തിടാം ഹൃദയംഗമായ്

-ADVERTISEMENT-

-ADVERTISEMENT-

You might also like