ചെറുചിന്ത:എന്നും കൂടെയിരിക്കുന്ന സ്നേഹം | ബിൻസൺ കെ ബാബു, ഡെറാഡൂൺ

ഈ ലോകത്തിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് സ്നേഹം. എല്ലാവരും എന്നെ സ്നേഹിക്കണം എവിടെയും ബഹുമാനിക്കപ്പെടണം എന്നത്. ഇന്ന് പലരും സ്നേഹത്തിന്റെ പുറകെ പോകുകയാണ്. എവിടെ കൂടുതൽ സ്നേഹവും പരിപാലനവും കിട്ടുന്നു അതും തേടിയലയുന്ന കുറെ ആളുകൾ. പല സ്നേഹവും ചതിക്കുഴിയിൽ വീഴുകയാണ്. ഇതെല്ലാം മാനുഷിക സ്നേഹം മാത്രമാണ്. ഇതൊക്കെ ഒരു പരിധി വരേയുള്ളു. ഇതെല്ലാം മാനുഷികമായ ചിന്തകളും വികാരങ്ങളും അനുസരിച്ചു മുന്നോട്ടു പോകുന്ന ലൌകിക ജീവിതമാണ്. ഒരു ദൈവപൈതൽ ക്രിസ്തീയ ജീവിതം നയിക്കുമ്പോൾ ഈ മാനുഷികമായ വികാരങ്ങൾക്കോ ചിന്തകൾക്കോ അല്ല പ്രാധാന്യം കൊടുകേണ്ടത് മറിച്ചു ദൈവസ്നേഹത്തിന്റെ വെളിപാടുകൾക്കും പരിശുദ്ധാത്മ നിയന്ത്രണത്തിനുമാണ് മുൻതൂക്കം കൊടുക്കേണ്ടത്.
     നാം ആരും നശിച്ചുപോകാതെ നമ്മെ വീണ്ടെടുത്ത ദൈവത്തിന്റെ സ്നേഹം എപ്പോഴും ഓർക്കുക. യോഹന്നാൻ 3:16 ൽ പറയുന്നു, തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ഇവിടെയാണ്‌ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുന്നത്. ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനവും ദൈവസ്നേഹം ആണ്.  നമ്മുടെ യേശു നമ്മെ സ്നേഹിക്കുന്നു, അവൻ നമ്മെ പാപത്തിൽ നിന്ന് നമ്മെ വീണ്ടെടുക്കാൻ സ്വന്തം രക്തം നമ്മുക്കായി തന്നു.നമ്മേ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മേ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നന്നേക്കും മഹത്വവും ബലവും (വെളിപ്പാട് 1:6)അവിടെയാണ് ദൈവസ്നേഹത്തിന്റെ വില നാം മനസ്സിലാക്കേണ്ടത്. അന്ധകാരത്തിൽ കിടന്നവരായ, അല്ലെങ്കിൽ അന്ധകാരത്തിൽ കിടക്കേണ്ടവരായ നമ്മെ ദൈവത്തിന്റെ സ്നേഹം നമ്മിൽ ഉദിച്ചപ്പോൾ ക്രിസ്തുവിൽ വിലയേറിയവരായി തീർന്നു. ഈ ദൈവസ്നേഹം നമ്മെ നിത്യതയോളം കൊണ്ടെത്തിക്കുന്നതാണ്. ഇത് ദൈവീക വെളിപാടുകൾ വെളിപ്പെടുന്ന സമയങ്ങളായിത്തീരും. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ കൃപ തരുന്നതാണ് ദൈവസ്നേഹം. യോഹന്നാൻ പത്മോസിൽ കിടന്നപ്പോൾ വെളിപ്പെട്ട ദൈവീക സാന്നിധ്യം പുതിയ ദൈവീക വെളിപ്പാടുകൾക്കു തുടക്കം ആയി തീർന്നു. ഒരു ദൈവപൈതലിന്റെ മേൽ ദൈവീകസാന്നിധ്യം ഇറങ്ങിയാൽ പത്മൊസ് അവനൊരു പ്രശ്നമല്ല അവിടെയും കർത്താവിനെ ആരാധിക്കും,ദർശനങ്ങളെ കാണും അത് അനേകർക്ക് അനുഗ്രഹം ആയി മാറും.
      ഇന്നത്തെ നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതികൂലങ്ങളും കടന്നുവരുമ്പോൾ പലപ്പോഴും നാം പിറുപിറക്കാറുണ്ട്. നാം മനുഷ്യരോട് വേവലാതി പെടാറുണ്ട്. മനുഷ്യരിൽ ആശ്രയിക്കാറുണ്ട്. എന്നാൽ അതല്ല ദൈവം നമ്മെകുറിച്ചു ആഗ്രഹിക്കുന്നത്. നമ്മെ സ്നേഹിക്കുന്നവനായ യേശു നമ്മുടെ ആവശ്യങ്ങളെ അറിയുന്നവനാണ്.. സകലവും നന്നായി ചെയ്യുന്നവൻ. നമ്മുടെ ദൈവം ഹൃദയം തകർന്നിരിക്കുന്നവനെ ആശ്വസിപ്പിക്കുന്നവനാണ്. കണ്ണുനീർ തൂകുമ്പോൾ തുടക്കുന്നവനാണ്. അതെ, ഇത്രവലിയ സ്നേഹം കൊണ്ട് ദൈവം നമ്മെ സ്നേഹിക്കുമ്പോൾ ഈ ലോകത്തിലെ താത്കാലിക സ്നേഹത്തിന്റെ പുറകെ പോകണ്ട. കാൽവരി ക്രൂശിൽ അവസാന തുള്ളി രക്തം വരെയും ഊറ്റിത്തന്ന യേശുവിന്റെ നിത്യതയോളം എത്തിക്കുന്ന ആ മായാത്ത സ്നേഹത്തെ പിൻപറ്റി ക്രിസ്തീയ ജീവിതം നയിക്കാം
-ADVERTISEMENT-

-ADVERTISEMENT-

You might also like