‘സീയോൻ സഞ്ചാരി ഞാൻ’ എന്ന ഗാനം ട്രംപെറ്റിൽ വായിച്ച് വിസ്മയം തീർത്ത ഷാജിക്ക് ഹാർവെസ്ററ് റ്റി.വിയിൽ അവസരം ഒരുങ്ങി

തിരുവനതപുരം: കഴിഞ്ഞ ദിവസം “സീയോൻ സഞ്ചാരി ഞാൻ…” എന്ന പ്രശസ്ത ഗാനം ട്രമ്പറ്റിൽ വായിച്ചു സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയ ഷാജി കീഴൂരിനു ഹാർവെസ്ററ് റ്റി.വിയിൽ പ്രകടനത്തിന് അവസരം ഒരുങ്ങി. അനുഗ്രഹീത കലാകാരനായ ഷാജിക്ക്, ഒരു അവസരം നൽകുന്നതിന്റെ സാധ്യതകളെപ്പറ്റി ക്രൈസ്തവ എഴുത്തുപുര മീഡിയ വിഭാഗം ഹാർവെസ്ററ് റ്റി.വി. മാനേജ്‌മെന്റുമായി സംസാരിക്കുകയും, വളരെ സന്തോഷത്തോടെ തന്നെ അതിനുള്ള അവസരം അവർ ഒരുക്കുകയുമായിരുന്നു.

അധികം ആരാലും അറിയപ്പെടാതെ പോകുന്ന ഇത്തരം കലാകാരന്മാരെ, സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുവാൻ ഹാർവെസ്ററ് റ്റി.വി കാണിക്കുന്ന ഉത്സാഹം പ്രശംസനീയം തന്നെയാണ്. ഷാജിക്ക് തന്റെ താലന്ത് പ്രദർശിപ്പിക്കുവാൻ അവസരം ഒരുക്കുകയും, അതോടൊപ്പം, അനുഗ്രഹീത പ്രഭാഷകനും മിഷനറിയുമായ ഡോ. പി.ജി. വർഗീസുമൊത്തുള്ള ഒരു അഭിമുഖവും ഹാർവെസ്ററ് റ്റി.വി തരപ്പെടുത്തി. വരും ദിവസങ്ങളിൽ ഹാർവെസ്ററ് റ്റി.വി പ്രേക്ഷകർക്ക് മുൻപിൽ തന്റെ സാക്ഷ്യവും പ്രകടവും സംപ്രേക്ഷണം ചെയ്യുന്നതാണ്.

കോട്ടയത്തിനടുത്ത് കീഴൂർ താമസിച്ച്, ഇപ്പോൾ ട്രമ്പറ്റ് ക്‌ളാസ് നടത്തുകയാണ് അദ്ദേഹം. ക്രിസ്തീയ കൺവൻഷനുകളിലും, മറ്റു മീറ്റിങ്ങുകളിലും മ്യൂസിക് നൈറ്റുകളും നടത്തിവരുന്നു. തന്റെ നാട്ടുകാരും വീട്ടുകാരും, ഫ്‌ളവേഴ്‌സ് ടി വി യിൽ ഒരു പെർഫോമൻസ് നടത്തണം അതിനായി ശ്രമിക്കാം എന്നുപറഞ്ഞപ്പോൾ അദ്ദേഹം അതു നിരസിച്ചു. സിനിമ ഗാനങ്ങൾ വായിക്കാൻ അറിയാത്തതുകൊണ്ടാണ് നിരസിച്ചതെന്നു പലരും പറഞ്ഞപ്പോൾ, അവരാവശ്യപ്പെട്ട സകല ഗാനങ്ങളും വായിച്ചു കേൾപ്പിച്ചു. ക്രിസ്തുവിനുവേണ്ടി മാത്രം വായിക്കണം എന്ന ആഗ്രഹം ആണ് മറ്റു സ്റ്റേജുകളോട് താത്പര്യം ഇല്ലാത്തതിന് കാരണം എന്നദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, തന്റെ ഗാനം ക്രൈസ്തവ എഴുത്തുപുര പേജിൽ പ്രസിദ്ധീകരിക്കുകയും അത് വൈറൽ ആയതിനേത്തുടർന്ന്, ഒരു സിനിമയിൽ ട്രമ്പറ്റ് വായിക്കാനുള്ള അവസരം തന്നെ തേടിയെത്തുകയും ചെയ്തിരുന്നു. എന്നാൽ താൻ അത്, സ്നേഹത്തോടെ നിരസിക്കുകയായിരുന്നു എന്ന് അദ്ദേഹം എഴുത്തുപുരയോട് പറഞ്ഞു. എന്നാൽ, ക്രിസ്തീയ ടി.വി ചാനലുകളിൽ, തനിക്കു ഒരവസരം കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹവും അറിയിച്ചു. അതിനേത്തുടർന്നാണ് ക്രൈസ്തവ എഴുത്തുപുര ഇങ്ങനെ ഒരു ശ്രമം നടത്തിയത്.

തന്നെപ്പറ്റി ഷാജിയുടെ വാക്കുകളിൽ:
“അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ചെറിയ കുടുംബം. കുടുംബത്തിലെ ദാരിദ്ര്യം നിമിത്തം പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. വെളുത്ത യൂണിഫോം ഷർട്ടിൽ പറ്റിപിടിച്ച കറ മായ്ക്കാൻ ടൂത്ത് പേസ്റ്റ് പുരട്ടി പലവട്ടം സ്കൂളിൽ പോയിട്ടുണ്ട്. ഒരു ദിവസം സ്കൂളിലേക്ക് പോകുന്ന വഴി മഴ പെയ്തു ഷർട്ടിൽ തേച്ചു പിടിപ്പിച്ച പേസ്റ്റ് മുഴുവനും ഒലിച്ചുപോയി. അന്ന് കരഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു. പിന്നെ സ്കൂളിൽ പോയിട്ടില്ല. അങ്ങനെ ബാൻറ് മേളം പഠിച്ചു. കുറച്ചു നാളുകൾക്ക് മുമ്പ്, ഞങ്ങളുടെ നാട്ടിൽ ഒരു കൺവൻഷൻ നടന്നു. ലാസർ വി. മാത്യു എന്ന ദൈവദാസനാണ് പ്രസംഗിച്ചത്. അദ്ദേഹത്തോട് ആരോ പറഞ്ഞു, ഈ നാട്ടിൽ ഇഷ്ടം പോലെ ബാന്റ് മേളക്കാരുണ്ടെന്ന്. അതു കേട്ട ദൈവദാസൻ പറഞ്ഞു നാളെ ഞാൻ പ്രസംഗിക്കുന്നതിന് മുമ്പെ ട്രംപറ്റിലൂടെ എനിക്ക് ഒരു പാട്ട് കേൾക്കണം. അങ്ങനെ കൺവൻഷന്റെ സംഘാടകർ എന്നെ സമീപിച്ചു. എനിക്കാണെങ്കിൽ അദ്ദേഹത്തെ, ഭയങ്കര പേടി ആയിരുന്നു. എന്തായാലും പേടിച്ച് വിറച്ച് 1000ൽ അധികം വരുന്ന ജനത്തിന് മുമ്പിൽ ക്രൂശിൻമേൽ… ക്രൂശിൻമേൽ… കാണുന്നതാരിതാ… ആ പാട്ട് വായിച്ചു. അവിടെ ഉണ്ടായിരുന്ന സകലജനവും കൈയ്യടിച്ചു. ലാസർ വി. മാത്യു പാസ്റ്റർ എഴുന്നേറ്റു വന്നിട്ട് എന്നോട് പറഞ്ഞു പ്രസംഗം ഇത്തിരി കുറഞ്ഞാലും സാരമില്ല ഒരു പാട്ടും കൂടെ പാട്. അങ്ങനെ രണ്ടാമത്തെ പാട്ടും വായിച്ചു എന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ആ ദിവസം ഞാൻ ഇന്നും ഓർമിക്കുന്നു. കെ.സി. ജോൺ പാസ്റ്ററുടെ പ്രസംഗം ആണ് എനിക്കേറ്റവും ഇഷ്ടം. ഒരിക്കൽ അദ്ദേഹം പറഞ്ഞു; ദൈവം എല്ലാം നിന്റെ കൈകളിൽ തരുമെന്ന് പറഞ്ഞ് മടി പിടിച്ച് ഇരിക്കരുത്. ചില അനുഗ്രഹങ്ങൾ നീ പുറകെ ചെന്ന് പിടിച്ചെടുക്കണം. ചിലത് പോരാടി പിടിയ്ക്കണം. ഇത് എന്റെ മനസിൽ ഉള്ളതുകൊണ്ട് എനിക്കുള്ള അനുഗ്രഹം ആണോ എന്നറിയുവാൻ എന്തിനോടും ഏതിനോടും പോരാടുമായിരുന്നു. അതുപോലെ തന്നെ ഒരു പോരാട്ടമായിരുന്നു ഫെയ്സ് ബുക്കിലൂടെ ഉള്ള ഈ പാട്ടുകൾ. ഇതിലൂടെ വലിയൊരു അനുഗ്രഹം എന്നെ തേടിയെത്തും.”

തന്റെ ഈ വിശ്വാസവും അതിനായുള്ള ശ്രമവും ആണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. പ്രിയ സഹോദരനെ കൂടുതൽ അവസരങ്ങൾ വീണ്ടും തേടിയെത്തട്ടെ എന്ന് ക്രൈസ്തവ എഴുത്തുപുരയും ആശംസിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.