ലേഖനം:അറിയാതെ വഴി തെറ്റുമ്പോൾ | ഡോ. അജു തോമസ്, സലാല

സൈക്ലോൺ മെക്കുനു സലാലയിൽ ആഞ്ഞടിക്കും എന്ന് ഉറപ്പായ സമയം. ഹോസ്പിറ്റലുകൾ പോലും അടച്ചു കിടപ്പു രോഗികളെ ആയിരം കിലോമീറ്റർ അപ്പുറമുള്ള മസ്കറ്റിലേക്കു മാറ്റുന്നു. രണ്ടു കുഞ്ഞുങ്ങളുമായി ഞങ്ങൾ മസ്കറ്റിലേക്കു യാത്രയായി. സകല രൗദ്ര ഭാവത്തോടും കൂടി കാറ്റ് ആഞ്ഞു വീശി ശാന്തമായപ്പോൾ മസ്ക്കറ്റിലെ ബന്ധുവീട്ടിൽ നിന്ന്  രാവിലെ 3 മണിക്ക് ഞങ്ങൾ കാറിൽ  മടക്കയാത്ര ആരംഭിച്ചു. മസ്ക്കറ്റ് റോഡുകൾ പരിചിതമല്ലാത്തതിനാൽ വഴിയിലെ ദിശ ബോർഡുകൾ മാത്രമായിരുന്നു ഏക ആശ്രയം. യാത്ര ആരംഭിച്ചു 45 മിനിറ്റ് വരെയും ചീറിപ്പായുന്ന മറ്റു വാഹനങ്ങൾക്കൊപ്പം ഞങ്ങളും ദിശ ബോർഡ് നോക്കി യാത്ര തുടർന്നു . പെട്ടെന്ന്, സലാല എന്ന എഴുത്തിനടിയിൽ  വലത്തേക്ക് തിരിയുക എന്ന  ബോർഡ് കണ്ടതും കാർ അങ്ങോട്ട് തിരിച്ചു. കാർ വലത്തേക്ക് തിരിച്ചതും സ്ഥലപ്പേരുകൾ ഒന്നും പറയാതെ വലത്തേക്കും ഇടത്തേക്കും വീണ്ടും ദിശ കാണിച്ചിരിക്കുന്നു. യുക്തിസഹമായി ചിന്തിച്ചു മുൻപ് വലത്തേക്ക് തിരിഞ്ഞത് പോലെ വീണ്ടും വലത്തേക്ക് തന്നെ തിരിഞ്ഞു വിശാലമായ ഒരു പാതയിൽ എത്തിച്ചേർന്നു.

രണ്ടു മിനിറ്റ് മുൻപോട്ട് സഞ്ചരിച്ചപ്പോൾ തന്നെ  ഇങ്ങോട്ടു വന്നപ്പോൾ കാണാതിരുന്ന പലതുമാണെല്ലോ വഴിയിൽ കാണുന്നത് എന്ന് തോന്നി. അതെ , വഴി തെറ്റിപോയിരിക്കുന്നു. ബർക്ക , സോഹാർ പോകുന്ന വിശാലമായ വഴിയിലേക്ക് പ്രവേശിച്ചിരുന്നു. വൺവേ ആയതിനാൽ ഒരിക്കൽ വഴി തെറ്റിയാൽ പിന്നെ ഹൈവേയിൽ നിന്ന് തിരികെ വരുവാൻ വഴി അറിയില്ലെങ്കിൽ ബുദ്ധിമുട്ടാണ്.  റോഡ് സൈഡിൽ തന്നെ കാർ നിർത്തിയിട്ടു. രാവിലെ 3 മണിക്ക് ആര് സഹായിക്കും ?  ചീറിപോകുന്ന വണ്ടികൾ കൈ കാണിച്ചാൽ തന്നെ നിർത്തുവാൻ ബുദ്ധിമുട്ടാണ് . പെട്ടന്ന് ഒരു സുഹൃത്തിനെ   വിളിച്ചു. അദ്ദേഹം 45 കിലോമീറ്റർ സഞ്ചരിച്ചു വന്നു ഞങ്ങൾക്ക് മുൻപായി പോയി തിരിച്ചുള്ള വഴിയിൽ കൂടി സലാല പോകുന്ന  റോഡ് വരെ വന്നു മാർഗ്ഗദർശിയായി. മാത്രമല്ല , ഇതേ പോലെ നിസ്വ എത്തുമ്പോൾ ബോർഡ് നോക്കി “യുക്തിസഹമായി” ചിന്തിച്ചു   യാത്ര തുടർന്നാൽ വഴി തെറ്റാവുന്ന ഒരു സ്ഥലം കൂടി പറഞ്ഞു നേരായ വഴി ഉപദേശിച്ചു തന്നു.

എന്തിനാണ് ഈ അനുഭവം പറഞ്ഞത് എന്ന് ഒരു പക്ഷെ നാം ചിന്തിച്ചാൽ നമ്മുടെ ആത്മിക ജീവിതത്തിലും ഇതേ അനുഭവങ്ങൾ വരാറുണ്ട് എന്ന് സൂചിപ്പിക്കാനാണ്. തലക്കെട്ടിൽ “അറിയാതെ വഴി തെറ്റുമ്പോൾ ”

post watermark60x60

എന്ന് പരാമർശിച്ചിരിക്കുന്നത് മറ്റാരുടെയും  അവസ്ഥയെ കുറിച്ചല്ല , നാം ഓരോരുത്തരുടെയും അവസ്ഥയെ  കുറിച്ചാണ്. വിശ്വാസ ജീവിതത്തിൽ  ആയിരിക്കുന്ന നമ്മുടെ  ലക്ഷ്യം സ്വർഗ്ഗീയ സീയോനിൽ എത്തുക എന്നുള്ളതാണ്. എന്നാൽ വിശ്വാസ ജീവിതം ആരംഭിക്കുമ്പോൾ അങ്ങേയറ്റം തീക്ഷ്ണ സ്വഭാവം നാം കാണിക്കുമെങ്കിലും കാലങ്ങൾ മുൻപോട്ടു പോകുമ്പോൾ നമ്മിലെ തീക്ഷണത  കുറഞ്ഞു പോകുന്നു എന്ന് തിരിച്ചറിയാതെ ഇരിക്കരുത്. അപകടകരം അല്ല എന്ന് തോന്നിപ്പിക്കുന്ന, ചില ലോക സംവിധാനങ്ങളിൽ  നമ്മെ  എത്തിക്കുന്ന ബോർഡുകൾ കണ്ടു യുക്തി സഹമായി ചിന്തിച്ചു അങ്ങോട്ടേയ്ക്ക് നമ്മിൽ പലരും .തിരിയാറുണ്ട് .

സഭകൾക്ക് നേതൃത്വം ആവശ്യമെങ്കിലും പാനൽ തിരഞ്ഞു മത്സരിച്ചു നേതൃത്വത്തിലേക്ക് വരുന്നത് ഇങ്ങനെ ഉള്ള ഒരു ലോക സംവിധാനം തന്നെയാണ് .സഭയ്ക്ക് നേതൃത്വം ആവശ്യമായത് കൊണ്ട് തിരഞ്ഞെടുപ്പ് ഒരു അപകടം അല്ല എന്നും അതൊരു ആവശ്യമാണ് എന്നും നാം കരുതിയേക്കാം .എന്നാൽ അതിനു പാനൽ തിരിഞ്ഞുള്ള  മത്സരങ്ങൾ അഭിലഷണീയമല്ല എന്ന് മാത്രമല്ല നാം അറിയാതെ തന്നെ നമ്മെ വഴി തെറ്റിക്കുവാൻ പര്യാപ്തമായതുമാണ്..മറിച്ചു , നേതൃത്വത്തിലേക്ക് വരേണ്ടതിനു തിരഞ്ഞെടുപ്പിന്  മറ്റു എന്തെങ്കിലും സംവിധാനങ്ങൾ ഉണ്ടെങ്കിൽ അങ്ങേയറ്റം നല്ലതുമാണ് .

വളരെ സാവധാനം മാത്രമാണ് സഞ്ചരിക്കേണ്ടുന്ന വഴിയിൽ നിന്ന് മാറി വ്യത്യസ്ത പാതയിൽ നാം എത്തുന്നത്. ഘട്ടം ഘട്ടമായി ദൈവീക ഇഷ്ടങ്ങൾ വിട്ടു മാറി തുടങ്ങിയിട്ട് അതിൻറെ പാരമ്യത്തിൽ എത്തി നിൽക്കുമ്പോൾ വളരെ സാവധാനത്തിൽ ഉള്ള വ്യത്യാസം  ആകയാൽ വഴി വിട്ടു മാറിയത് നാം പോലും അറിയുകയില്ല. ആയതിനാൽ വിശ്വാസ ജീവിതത്തിൻറെ ഓരോ ദിവസവും സഞ്ചരിക്കുന്ന  വഴിയേ കുറിച്ച് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ് .

നമ്മുടെ ദൈനംദിന ജീവിതം പരിശോധിക്കുമ്പോൾ , കഴിഞ്ഞ കാല ജീവിതം പരിശോധിക്കുമ്പോൾ   നാം അറിയാതെ  വഴി  തെറ്റിപോയിട്ടുണ്ടോ ? വഴി തെറ്റിയെങ്കിൽ,  വഴി തെറ്റിയാണ് സഞ്ചരിക്കുന്നത് എന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ ? വിശുദ്ധ ജീവിതം തന്നെ നയിക്കണം എന്ന് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുമ്പോൾ നാം അറിയാതെ നമ്മിലെ വിശുദ്ധിക്ക് കോട്ടം സംഭവിച്ചു പോകാൻ സാധ്യത ഏറെയാണ് .  ലോകത്തോട് വേർപാട്  പാലിക്കണം എന്ന ഉപദേശം നമ്മിൽ രൂഢമൂലമെങ്കിലും നാം അറിയാതെ ലോകത്തിൽ ഉള്ള പലതിനോടും സന്ധി ചെയ്തു ജീവിക്കുവാൻ സാധ്യത ഏറെയാണ്. ദൈവം ആഗ്രഹിക്കാത്ത വാക്കുകൾ ഉപയോഗിച്ച് പൊതുമണ്ഡലങ്ങളിൽ ഇടപെടലുകൾ നടത്തുമ്പോൾ ദൈവ വഴി വിട്ടു നാം സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കണം.”സാരമില്ല ” എന്ന് ചിന്തിച്ചു നാം ഏർപ്പെടുന്ന പ്രവർത്തികൾ പലതും ദൈവത്തെ ദുഖിപ്പിക്കുന്നതാകാൻ സാധ്യത ഉണ്ട്.

ദൈവവചനത്തിലേക്കു തിരിയുക എന്നതും പരിശുദ്ധാത്മ നിയന്ത്രണത്തിന് നമ്മെ തന്നെ ഏൽപ്പിക്കുക എന്നതുമാണ് അറിയാതെ പോലും വഴി തെറ്റാതെ ഇരിക്കേണ്ടതിനു നാം ചെയ്യേണ്ടത്. അപ്പോസ്തോലനായ പത്രോസ് സഭയ്ക്ക് ലേഖനം എഴുതുമ്പോൾ വിശ്വാസികൾ തെറ്റിപോകാതെ ഇരിക്കേണ്ടതിനു നൽകുന്ന ഉപദേശം വളരെ പ്രസക്തമാണ് . “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.”(1 പത്രോസ് 5 :8 ) നമ്മുടെ യാത്ര സ്വർഗ്ഗീയ സീയോനെ ലക്ഷ്യമാക്കിയുള്ളതു ആണെങ്കിൽ  വിരുത് തെറ്റിച്ചു കളഞ്ഞു വിഴുങ്ങുവാൻ പിശാച് ചുറ്റിനടക്കുന്നു എന്നുള്ള യാഥാർഥ്യം വിസ്മരിച്ചു കൂടാ. എപ്പോഴും നിർമ്മദരായിരിപ്പാനും ഉണർന്നിരിപ്പാനും ഉള്ള ബുദ്ധി ഉപദേശം ഉൾക്കൊണ്ട് തന്നെ ജീവിക്കുവാൻ നാം തയ്യാറാകുമെങ്കിൽ അറിയാതെ പോലും വഴി തെറ്റാൻ ഇടവരികയില്ല. പലപ്പോഴും യുക്തി നമ്മെ ചതിയിൽ പെടുത്തിയേക്കാം .ബുദ്ധിയിൽ ചിന്തിക്കുമ്പോൾ അപകടകരം അല്ല എന്ന തോന്നൽ നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടാതെ പരിശുദ്ധാത്മാവിനോട് തന്നെ ആലോചന ചോദിച്ചു ആത്മാവിനു കീഴ്പ്പെട്ടു പോകുവാൻ തക്കവണ്ണം പ്രതിഷ്ഠയെ പുതുക്കുവാൻ ഉള്ള കാലഘട്ടമാണ് ഇത് .

വിശ്വാസ ജീവിതം ആരംഭിച്ച നാളുകളിലേതു പോലെയാണോ നമ്മുടെ യാത്ര മുൻപോട്ടു പോകുന്നത്?   ദൈവപൈതലേ, നമ്മെ തന്നെ നാം ശോധന ചെയ്തേ മതിയാവൂ. ഞാൻ എന്നെ തന്നെ ശോധന ചെയ്യുമ്പോൾ ഓരോരുത്തരും അവരവരെ തന്നെ ശോധന ചെയ്യണം.,മനുഷ്യർ ആകയാൽ അറിയാതെ വഴി തെറ്റി പോകാൻ സാധ്യത ഉണ്ട്. അറിയാതെ വഴി തെറ്റിയത് കൊണ്ട് ഒരു പക്ഷെ വഴി തെറ്റി എന്ന് മനസ്സിലാക്കിയെന്നും വരില്ല. ഒരു പക്ഷെ മടങ്ങി വരാൻ കഴിയാത്ത നിലയിൽ വളരെ ദൂരം വഴി തെറ്റി സഞ്ചരിച്ചു എന്നും വന്നേക്കാം. എന്നാൽ ആ അവസ്ഥയിലും നമ്മുടെ കൈ പിടിച്ചു നമ്മെ മടക്കി കൊണ്ട് വരുവാൻ യേശുവിനു കഴിയും.  നമ്മെയും പ്രതീക്ഷിച്ചു സ്വർഗ്ഗീയ സീയോൻ കവാടത്തിൽ നിൽക്കുന്ന അരുമ നാഥനായ ക്രിസ്തുവിൻറെ സന്നിധി നമുക്ക് അണയാം. യഥാർത്ഥമായി നമ്മെ തന്നെ ഒന്നുകൂടി ദൈവസന്നിധിയിൽ സമർപ്പിക്കാം . ഒരു പുതുക്കത്തിൻറെ അനുഭവത്തിലേക്ക് നാം ഓരോരുത്തർക്കും വരാം .

-ADVERTISEMENT-

-ADVERTISEMENT-

You might also like