ക്രൈസ്തവ എഴുത്തുപുരയ്ക്ക് യു.പി.എഫ് – യു.എ.ഇ യുടെ ആദരവ്; പെന്തക്കോസ്ത് സുവർണ്ണ ജൂബിലി സമ്മേളനം അനുഗ്രഹീതമായി നടന്നു

ഷാർജ: യു.എ.ഇ.യിലെ പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ, സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനം ഇന്നലെ (ജനുവരി 26ന്) ഷാർജ വാർഷിപ്പ് സെന്ററിൽ, തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തിൽ നടക്കുകയുണ്ടായി. യു.എ.ഇ.യിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യു.പി.എഫ്.) ആണ് പരിപാടികൾ സംഘടിപ്പിച്ചത്. വൈകിട്ട് 7 മണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ, 65ൽ പരം ഭാഷകളിൽ ക്രൈസ്തവ ഗാനങ്ങൾ പാടുന്ന ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ്, പൂജ പ്രേം വിവിധ ഭാഷകളിൽ അനുഗ്രഹീത ഗാനങ്ങൾ ആലപിച്ചു, കൂടാതെ പാസ്റ്റർ ജോബി വർഗീസിന്റെ നേതൃത്വത്തിലുള്ള 50 അംഗ യു.പി.എഫ്. ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകി. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി.) ജനറൽ വൈസ് പ്രസിഡന്റ് റവ. ഡോ. വിൽ‌സൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ റീജിയൻ ഓവർസീർ റവ. ഡോ. കെ.ഓ. മാത്യു എന്നിവർ സമ്മേളനം നയിച്ചു.

എട്ട് വർഷം മുൻപ്, ശബ്ദം നഷ്ട്ടപെട്ട പൂജ പ്രേമിന് കർത്താവ് നൽകിയ അത്ഭുത സൗഖ്യത്തിന്റെ സാക്ഷ്യം, പൂജയുടെ പിതാവ്, പ്രേമിൽ നിന്ന് കൂടി വന്നവർക്കു കേൾക്കുവാനിടയായി. അത്, ആ കുടുംബത്തിന്റെ ജീവിതത്തിലൊരു വഴിത്തിരിവായി മാറുകയായിരുന്നു. കർത്താവു കൊടുത്ത രോഗശാന്തിയേത്തുടർന്ന്, ആ കുടുംബം, എറണാംകുളം ഫെയ്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭയോട് ചേർന്ന് സത്യ ദൈവത്തെ ആരാധിക്കുന്നു.

ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഇ.പി. ജോൺസൺ, ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഈ കാലഘട്ടത്തിൽ ഊഷ്മളമായ കുടുംബ ബന്ധങ്ങൾ ഉണ്ടായിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

post watermark60x60

സമ്മേളനത്തിനോട് അനുബന്ധിച്ച് യു.എ.ഇ.യിലെ സീനിയർ ശുശ്രൂഷകന്മാർ, യു.പി.എഫ് മുൻകാല ഭാരവാഹികൾ, ക്രിസ്ത്യൻ സംരംഭകർ, മാധ്യമ പ്രവർത്തകർ, 40 വർഷം പിന്നിട്ട വിശ്വാസികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ക്രൈസ്തവ എഴുത്തുപുരയിൽ നിന്ന് മീഡിയ വൈസ് പ്രസിഡന്റ് ഷൈജു മാത്യു, പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് ഡാർവിൻ വിൽ‌സൺ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

യു.എ.ഇയിലെ , പെന്തക്കോസ്ത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചു ക്രൈസ്തവ എഴുത്തുപുര പുറത്തിറക്കിയ പ്രത്യേക സപ്ലിമെൻറ്, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ റീജിയൻ ഓവർസീർ റവ. ഡോ. കെ.ഓ. മാത്യു, പാസ്റ്റർ ജെയിംസ് ഈപ്പന് നൽകി പ്രകാശനം ചെയ്തു.

ഡാർവിൻ വിൽ‌സൺ അവാർഡ് ഏറ്റുവാങ്ങുന്നു

അരനൂറ്റാണ്ടായി, യു.എ.ഇ. ക്രിസ്‌തീയ സഭകളുടെ ചരിത്രത്തിൽ, പെന്തക്കോസ്ത് സഭകൾ നിർണ്ണായക ഘടകമായി വളർന്ന് കഴിഞ്ഞു.
1968 മെയ് 5ന് ജോലിക്കായി എത്തിയ മൂന്നു പെന്തക്കോസ്ത് വിശ്വാസികൾ, അബുദാബിയിൽ ആരംഭിച്ച ചെറിയ കൂട്ടായ്മയാണ് യു.എ.ഇ.യിലെ പെന്തക്കോസ്തു സഭകൾക്ക് തുടക്കം കുറിച്ചത്. പ്രഥമ പെന്തക്കോസ്ത് സഭയായ, അബുദാബി ഐപിസിയുടെ ആദ്യ പാസ്റ്റർ കെ.എം. സാമുവേലും, ഭാര്യ കുഞ്ഞൂഞ്ഞമ്മയും, പത്തനാപുരം സ്വദേശി തോമസ് വർഗീസുമാണ് ആ മൂവർ സംഘം. ഇന്ന് യു.എ.ഇ.യിൽ അഞ്ഞൂറിലധികം സഭകളും അരലക്ഷത്തിലധികം വിശ്വാസികളുമുള്ള ഒരു വലിയ സമൂഹമായി പെന്തക്കോസ്ത് സമൂഹം മാറിക്കഴിഞ്ഞു.

ആരാധനാ സ്വാതന്ത്ര്യവും, അതിനായുള്ള സൗകര്യങ്ങളും അനുവദിച്ചു നൽകിയ, ഈ രാജ്യത്തിന്റെ ഭരണാധികാരികളോടുള്ള നന്ദിയും സ്നേഹവും അറിയച്ചതോടൊപ്പം ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഇന്ത്യയുടേയും യു.എ.ഇയുടെ ദേശീയ ഗാനങ്ങൾ ആലപിച്ച് ഇരു രാജ്യങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ച്, കൃത്യം രാത്രി 10.15 ന് യോഗം പര്യവസാനിച്ചു.

ഷൈജു മാത്യു അവാർഡ് ഏറ്റുവാങ്ങുന്നു

യു.പി.എഫ്. പ്രസിഡണ്ട് പാസ്റ്റർ സാം അടൂർ, സെക്രട്ടറി സന്തോഷ് ഈപ്പൻ, ജോ. സെക്രട്ടറിമാരായ ജെയിൻ വി. ജോൺ, എബ്രഹാം വർഗീസ്, ട്രഷറർ വിനോദ് എബ്രഹാം, ജോ. ട്രഷറർ ഷാജി എബ്രഹാം, ഓഡിറ്റർമാരായ യൂജിൻ കോൺസെറാ, റോബി ജോൺ, വെബ് കോർഡിനേറ്റർ തോമസ്കുട്ടി ജോൺ, ക്യാമ്പ് കോർഡിനേറ്റർമാരായ പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ, പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like