ജസ്ലെറ്റ് ബഞ്ചമിന് യൂ.ആർ.എഫ്. ലോക റെക്കോർഡ്

കൊല്ലം: ആയിരം ദിവസങ്ങൾ കൊണ്ട് ആയിരത്തി അഞ്ഞൂറ് ക്രിസ്ത്യൻ ഡിവോഷണൽ പാട്ടുകൾ എഴുതുകയും അത് പുസ്തക രൂപത്തിൽ ആക്കുകയും ചെയ്തതിനാണ് മലയാളിയായ ജസ്ലെറ്റ് ബഞ്ചമിൻ യൂ.ആർ.എഫിന്റെ ലോക റെക്കോർഡിലേക്ക് അംഗീകാരം നേടിയത്.

കൊല്ലം പ്രസ് ക്ലബ്ബിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ. രാജു ജസ്ലെറ്റ് ബഞ്ചമിന് യൂ.ആർ.എഫിന്റെ പുരസ്‌കാരം സമ്മാനിച്ചു. കഴിവിന്റെ അംഗീകാരമാണ് ജസ്ലെറ്റ് ബഞ്ചമിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. പുരസ്‌കാര ദാന ചടങ്ങിൽ ജസ്ലെറ്റ് ബഞ്ചമിൻ എഴുതിയ പുസ്തകവും കവിതാ സമാഹാരവും പ്രകാശനം ചെയ്തു. ജസ്ലെറ്റ് എഴുതിയ ചിന്തകളുടെ പുസ്തകമായ “നൂറു മുത്തുകൾ” ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം.പി. സംവിധായകൻ അനിൽ ദാസിന് നൽകി പ്രകാശനം നിർവഹിച്ചു. കവിതാ സമാഹാരം മന്ത്രി കെ. രാജു കുവൈറ്റ് വ്യവസായി ശ്രീ. ബിനോ അബ്രഹാമിന് നൽകി പ്രകാശനം നിർവഹിച്ചു. ശ്രീ. നെയ്ത്തിൽ വിൻസെന്റ് അധ്യക്ഷത വഹിച്ചു. യൂ.ആർ.എഫ്. ഏഷ്യൻ ജൂറി അനീഷ് ശിവാനന്ദ് റെക്കോർഡ് പ്രഖ്യാപനം നടത്തി. ജോഷ്വാ ബഞ്ചമിൻ, ജസ്ലെറ്റ് ബഞ്ചമിൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ അത്ഭുതാവഹമായ മികവ് കാട്ടുന്നവർക്കാണ് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ ഇടം നേടുവാനാകുക. ഗിന്നസ് ലോക റെക്കോഡിന്റെ മാതൃകയിൽ പ്രത്യേകമായ ജൂറിയാണ് കഴിവുകൾ പരിശോധിച്ച് വില ഇരുത്തി റെക്കോർഡിന് ഉടമയായ വ്യക്തിയെ തെരഞ്ഞെടുക്കുന്നത്. അമേരിക്കയും യൂ.എ.ഇയും ആഗോളമായ ആസ്ഥാനമായുള്ള യൂ.ആർ.എഫിന്റെ ഇന്ത്യയിലെ ആസ്ഥാനം കൊൽക്കത്തയാണ്. രണ്ടു വർഷങ്ങൾ കൊണ്ട് ആയിരം ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചതിനു കഴിഞ്ഞ വർഷം ജസ്ലെറ്റ് ബഞ്ചമിൻ യൂ. ആർ.എഫിന്റെ ദേശിയ റെക്കോർഡ് നേടിയിരുന്നു. കുവൈറ്റിൽ എ.ബി.ബി.യിൽ ഉദ്യോഗസ്ഥയായ ജസ്ലെറ്റ് ബഞ്ചമിൻ അധ്യാപകനായിരുന്ന ശക്തികുളങ്ങര പുന്നിലത്തിൽ എഫ്. ബെഞ്ചമിന്റെയും എലിസബത്ത് ബെഞ്ചമിന്റെയും മകളാണ്. ജസ്ലെറ്റ് രചിച്ചു ഈണം നൽകിയ മൂന്നു ഭക്തി ഗാന സി.ഡി കളും പുറത്തിറങ്ങിയിട്ടുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like