ലേഖനം:പ്രസംഗവേദികൾ കീഴടക്കാൻ | ഡഗ്ളസ് ജോസഫ്

ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രസംഗമായി അറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കൻറെ ഗെറ്റിസ്ബർഗ് പ്രഭാഷണം വെറും രണ്ടു മിനിറ്റ് മാത്രമുള്ളതായിരുന്നു. പലരും മണിക്കൂറുകൾ പ്രസംഗിച്ചിട്ടും കേൾവിക്കാരിൽ യാതൊരു സ്വാധിനവും ചെലുത്താതെ വിരസവും, സമയം കൊല്ലിയുമായി മാറുന്നു. ‘ എനിക്കൊരു സ്വപ്നമുണ്ട്’ ( I have a dream ) എന്നു തുടങ്ങുന്ന മാർട്ടിൻ ലൂതറിന്റെ വിശ്വ പ്രശസ്തമായ പ്രസംഗം അമേരിക്കയിലെ കറുത്ത വർഗക്കാരുടെ വിമോചനത്തിന് വഴിമരുന്നിടുന്നതായി മാറി. വിവിധ ഫോബിയ (Phobia)അഥവാ ഭയങ്ങളെപ്പറ്റി മനഃശാസ്ത്രജ്ഞന്മാർ പറയുന്നുണ്ട്. പക്ഷേ നമ്മെ അതിശയിപ്പിക്കുന്ന വസ്തുത പാമ്പിനെയോ, തേളിനെയോ, പട്ടിയേയോ അല്ല മനുഷ്യർ ഏറ്റവുമധികം ഭയപ്പെടുന്നത് നേരെമറിച്ചു രണ്ടുപേരുടെ മുൻപിൽ ഒരു പ്രസംഗം നടത്തുന്നതിനെയാണ്. രണ്ടു വാക്കു സംസാരിക്കാൻ പറഞ്ഞാൽ ഒഴിഞ്ഞു മാറുന്നവരാണധികവും. പലരും സ്റ്റേജിൽ കയറിയാൽ ശരീരം വിറക്കുക, വിയർക്കുക, ഹൃദയം പടപടാ മിടിക്കുക, സംസാരിക്കാൻ വാക്കു കിട്ടാതെ ഉഴലുക എന്നിങ്ങനെ ആകെ ബേജാറാവുന്നു. നന്നായി സംസാരിക്കാൻ സാധിക്കാത്തതുമൂലം തങ്ങളുടെ പ്രൊഫഷനിൽ വേണ്ടപോലെ ശോഭിക്കാൻ കഴിയാത്ത അനേകരെ ഈ ലേഖകൻ കണ്ടിട്ടുണ്ട്. നന്നായി ജോലി ചെയ്യുമെങ്കിലും, കമ്പനി മീറ്റിംങ്ങുകളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയാതെ വിഷമിക്കുന്നവരുണ്ട്.

പാടുവാനോ, വരക്കുവാനോ ഉള്ള കഴിവുകൾ പോലെ ജന്മസിദ്ധമായ ഒന്നല്ല പ്രസംഗ പാടവം. ശ്രമിച്ചാൽ ആർക്കും ഒരു അടിപൊളി പ്രസംഗകനാവാം. പ്രസംഗം ഒരു കലയാണ്. അതു നിങ്ങളെ രാഷ്ട്രത്തിന്റെ പരമോന്നത സ്ഥാനത്തു എത്തിക്കാം, ജനലക്ഷങ്ങളെ നയിക്കുന്ന നേതാവാക്കാം, ജനങ്ങൾ കാതോർക്കുന്ന ആത്മീയ സന്ദേശം നൽകുന്ന ആചാര്യനാക്കാം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സ്വാമി വിവേകാന്ദൻ, ഹിറ്റ്ലർ, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയർ ഉദാഹരങ്ങളാണ്. പ്രസംഗ കലയിൽ എങ്ങനെ ഉസ്താദാകാം എന്ന് നോക്കാം.’

* പ്രസംഗിക്കേണ്ട വിഷയത്തെപ്പറ്റി നല്ല അറിവ് നേടുക. പുസ്തകങ്ങൾ, ഇന്റർനെറ്റ്, വിദഗ്ദ്ധരായ ആളുകൾ എന്നിവയിൽ നിന്നെല്ലാം വിവരങ്ങൾ ശേഹരിക്കാം.

* നല്ല ഒരു പ്രസംഗകനാവാൻ, നല്ല വായനാശീലം വേണം. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങൾ, കവിതകൾ, നോവലുകൾ തുടങ്ങിയവ വായനയിൽ ഉൾപ്പെടുത്തണം. വായിക്കുന്ന പുസ്തകങ്ങളിലെ ആശയങ്ങൾ ഒരു നോട്ടുബുക്കിൽ കുറിച്ചു വയ്ക്കാം. ഭാവിയിൽ ഇതു റഫറൻസായി ഉപയോഗിക്കാം.

*ചിലർ പ്രസംഗം എഴുതി വായിക്കാൻ ശ്രമിക്കാറുണ്ട്. നോക്കി വായിക്കുന്നതല്ല പ്രസംഗം. പ്രധാന പോയിന്റുകൾ കുറിച്ചു വയ്ക്കാം. പോയിന്റുകൾ ഇടയ്ക്ക് നോക്കാവുന്നതാണ്

* സംസാരിക്കേണ്ട വിഷയത്തെപറ്റി ക്രമാനുഗതമായി കുറിപ്പ് തയ്യാറാക്കുക. എങ്ങനെ തുടങ്ങണം, പ്രധാനപ്പെട്ട പോയിന്റുകൾ, പ്രസംഗം എങ്ങനെ അവസാനിപ്പിക്കണം എന്നിങ്ങനെ എല്ലാ കാര്യവും കുറിച്ചുവെക്കുക.

* മഹാൻമാരുടെ വാക്കുകൾ , ഉദ്ധരണികൾ ഇവ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

* പ്രസംഗം എഴുതി തയ്യാറാക്കി കഴിഞ്ഞാൽ, നിങ്ങൾ എപ്രകാരമാണോ സ്റ്റേജിൽ സംസാരിക്കാൻ പോകുന്നത് , അതുപോലെ പ്രസംഗിച്ചു പരിശീലിക്കുക. ലോക പ്രശസ്ത ആത്മീയ പ്രഭാഷകനായ ബില്ലി ഗ്രഹാം വേദിയിൽ സംസാരിക്കാൻ പോകുന്നതിന് മുൻപായി നിരവധി തവണ പ്രസംഗിച്ചു പഠിക്കുമായിരുന്നു. നിങ്ങൾ സംസാരിക്കുന്നതിന്റെ വീഡിയോ റെക്കോർഡ് ചെയ്തു കാണുന്നത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്താൻ സഹായിക്കും.

* പ്രസംഗിക്കാൻ പോകുന്നതിന് മുൻപ് , ശ്രോതാക്കൾ ഏതുതരക്കാരാണ് എന്നു മനസിലാക്കണം. കുട്ടികൾ മാത്രമുള്ള ഒരു സദസ്സുപോലെയല്ല, മുതിർന്നവരുടേത്. ഒരു കോളേജിൽ സംസാരിക്കുന്നതുപോലെയല്ല.

കർഷകരുടെ ഒരു യോഗത്തിൽ സംസാരിക്കേണ്ടത്.
* പ്രസംഗിക്കുമ്പോൾ ഒരു പ്രതിമ പോലെ നിൽക്കരുത്. നമ്മുടെ മുഖം, കൈകൾ എന്നിവയെല്ലാം ആശയം കൈമാറാൻ ഉപയോഗപ്പെടുത്തണം.

*പ്രസംഗിക്കുമ്പോൾ കേൾവിക്കാരുടെ പ്രതികരണം നീരീക്ഷിക്കണം. അവർക്ക് പ്രസംഗം ഇഷ്ടമായോ എന്ന് മനസിലാക്കി, എന്തെങ്കിലും വിരസത കാണിക്കുന്നെങ്കിൽ, പ്രസംഗത്തിന്റെ ശൈലി മാറ്റിനോക്കണം. അൽപം ഹ്യൂമർ സെൻസ് ഉള്ളതു പ്രസംഗം രസകരമാക്കും.

* പ്രസംഗിക്കുമ്പോൾ സദസിലിരിക്കുന്നവരെ നോക്കി വേണം പ്രസംഗിക്കാൻ. ചിലർ ആളുകളെ നോക്കാതെ സ്റ്റേജിന്റെ മേൽക്കൂരയെയോ , പ്രസംഗപീഠത്തെയോ നോക്കി സംസാരിക്കുന്നത് കാണാറുണ്ട്. eye contact വളരെ പ്രധാനമാണ്.

* തുടക്കത്തിലെ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റണം. അതിനായി തമാശകൾ, ചെറിയ കഥകൾ. സമകാലിക സംഭവങ്ങൾ, അനുഭവങ്ങൾ എന്നിവ പറയാവുന്നതാണ്. കഥകൾ, തമാശകൾ ഇവ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നത് കേൾവിക്കാരെ ബോറടിപ്പിക്കാതെ രസിപ്പിക്കാൻ ഉപകരിക്കും
*നൽകപ്പെട്ടിരിക്കുന്ന സമയത്തുതന്നെ പ്രസംഗം നിർത്താൻ ശ്രമിക്കണം. സമയക്രമം (time management) പാലിക്കേണ്ടത് പ്രസംഗകന്റെ ഉത്തരവാദിത്തമാണ്.

* പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു മാഷുണ്ടായിരുന്നു. നാട്ടിലെ എല്ലാ സമ്മേളനങ്ങൾക്കും പ്രസംഗിക്കാൻ പുള്ളിയുണ്ടാവും. നാട്ടിലെ ക്ലബ് മീറ്റിംഗ് ആയാലും, സ്കൂൾ വാർഷികം ആയാലും മറ്റേതു മീറ്റിംഗ് ആയാലും,പുള്ളിക്കാരൻ നാട്ടിലെ കാര്യത്തിൽ തുടങ്ങി, ഇന്ത്യയിലെ സ്റ്റേറ്റുകളും കടന്ന്, അമേരിക്കയും, റഷ്യയും, ആൻറ്റർട്ടിക്കയും കറങ്ങി തിരിച്ചു നാട്ടിൽ എത്തും. ഒരിക്കലും വിഷയത്തിൽ ഒതുങ്ങിനിന്നു സംസാരിക്കില്ല. ഒരു നല്ല പ്രസംഗകൻ കാര്യമാത്രപ്രസക്തമായി കാര്യങ്ങൾ അവതരിപ്പിക്കണം. കാടു കയറരുത്.

*പ്രസംഗത്തിൽ പറയുന്ന പോയിന്റുകൾ സ്ഥാപിക്കാൻ ഉദാഹരണങ്ങൾ, സ്ഥിവിവര കണക്കുകൾ, സർവ്വേകൾ തുടങ്ങിയവ ഉപയോഗിക്കാം. സമീപകാലത്തു നടക്കുന്ന സംഭവങ്ങളുമായി ബന്ധിച്ചു വിഷയം അവതരിപ്പിക്കുന്നത് കേൾവിക്കാരുടെ ശ്രദ്ധപിടിച്ചുപറ്റാൻ സഹായിക്കും.

* ആയിരക്കണക്കിന് മൈൽ നീളുന്ന ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചെറിയ കാൽവെയ്പ്പിൽ നിന്നാണ്. ആരും വലിയ പ്രഭാഷകരായി ജനിക്കുന്നില്ല. ചെറിയ വേദികളിൽ സംസാരിച്ചു, തഴക്കവും പഴക്കവും വന്നിട്ടാണ്, ആയിരക്കണക്കിനു അല്ലെങ്കിൽ ലക്ഷക്കണക്കിനു ആളുകളെ പിടിച്ചിരുത്തുന്ന മാസ്മരിക വാഗ്ചാരുത കൈവരിക്കുന്നത്. നമുക്ക് ലഭിക്കുന്ന ചെറുതും വലുതുമായ അവസരങ്ങൾ ഉപയോഗപ്പെടുത്തണം.

* പ്രസംഗപരിശീലനം നൽകുന്ന ടോസ്സ്റ്റ്മാസ്റ്റേഴ്സ് പോലുള്ള ഇന്റർനാഷനൽ പരിശീലന സ്ഥാപനങ്ങളിൽ ചേർന്ന് പ്രസംങ്ങിക്കാനുള്ള കഴിവ് ശാസ്ത്രീയമായി വികസിപ്പിക്കാവുന്നതാണ്. പ്രസംഗകലയിലെ വിദഗ്ദ്ധരിൽ നിന്നും നമ്മുടെ പ്രസംഗത്തിലെ കുറവുകൾ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടുപോകാൻ സഹായകരമാണ്.

*പ്രസംഗകന്റെ വേഷം പ്രധാനപ്പെട്ടതാണ്. പങ്കെടുക്കുന്ന മീറ്റിംഗിനനുസരിച്ചു വേണം വേഷം തെരഞ്ഞെടുക്കാൻ. പ്രൊഫെഷണൽ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ ഫോർമൽ ആയ വേഷം ധരിക്കണം.

* വലിയ വേഗത്തിലോ, തീരെ പതുക്കെയോ ആയി സംസാരിക്കരുത്. നല്ല ശബ്ദത്തിൽ വേണം സംസാരിക്കാൻ. ഒരേ താളത്തിൽ പ്രസംഗിക്കരുത്. ചില വാക്കുകൾ ഊന്നൽ കൊടുത്തും, ശബ്ദമുയർത്തിയും, ചിലയിടങ്ങളിൽ ശബ്ദം കുറച്ചും സംസാരിക്കണം.

* പ്രസംഗം അവസാനിപ്പിക്കേണ്ടത് വ്യക്തമായ ഒരു സന്ദേശം അല്ലെങ്കിൽ ആഹ്വാനം നൽകികൊണ്ടാവണം .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.