ലേഖനം:ഇന്ന് ക്രിസ്തുമസ് ;ക്രിസ്തു ഇല്ലാത്ത തിരുപ്പിറവി ആഘോഷങ്ങൾ വർദ്ധിക്കുന്നു | ഡോ.ജോൺസൺ വി.ഇടിക്കുള

ധനികനായ ഒരു വ്യക്തിയുടെ 90-മത് ജന്മദിനം. നവതി ആഘോഷങ്ങൾക്കായി മക്കളും കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തി.വിഭവ സമൃദ്ധമായ ഭക്ഷണക്രമികരണങ്ങൾ. ഒടുവിൽ ഗാനമേളവരെ യുണ്ടെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ്. സമ്മാനങ്ങളുമായി ഓരോരുത്തർ ആഡംബര കാറുകളിൽ വന്നിറങ്ങുന്നു. അപ്പച്ചനെ തേടി മുറികൾ പരതുന്നു. ഒരിടത്തും അപ്പച്ചനെ കാണുന്നില്ല. “സമ്മാനങ്ങൾ മേശ പുറത്ത് വെച്ചേക്ക് ” കൊച്ചു കൊച്ചമ്മ മുഖത്ത് തേച്ച് പിടിപ്പിച്ച സൗന്ദര്യ വർദ്ധക ലേപനങ്ങൾ സംരംക്ഷിച്ച് നെറ്റിയിലെ വിയർപ്പ് തുടച്ച് കൊണ്ട് പറഞ്ഞു.

എങ്കിലും വളരെ ദൂരെ നിന്ന വന്ന ബന്ധുക്കൾക്ക് അപ്പച്ചനെ കണ്ട് ഒരാശംസ അറിയിക്കണമെന്ന് നിർബന്ധം. അഡ്ജസ്റ്റ് ചെയ്യുവാൻ നടത്തിയ ശ്രമങ്ങൾ വിഫലമായപ്പോൾ ഒടുവിൽ എല്ലാവരുടെയും നിർബന്ധങ്ങൾക്ക് വഴങ്ങി ഇളയ മകൻ പോയി അപ്പച്ചനെ ‘ഔട്ട് ഹൗസിൽ ‘ നിന്നും കൊണ്ടുവന്നു.അപ്പോഴേക്കും ആഘോഷം അപ്പച്ചന്റെ അസാന്നിദ്ധ്യത്തിൽ കഴിഞ്ഞിരുന്നു. ഇതു പോലെയല്ലെ ഇന്നത്തെ ക്രിസ്തുമസ് ആഘോഷവും…?

തച്ചനായ ജോസഫ് ഗര്‍ഭിണിയായ ഭാര്യയോടൊപ്പം തന്റെ പട്ടണമായ ബേത്ലഹേമിലേക്ക് പോകുമ്പോള്‍ മറിയയ്ക്ക് പ്രസവവേദനയുണ്ടായി.അല്പം സ്ഥലത്തിനുവേണ്ടി ജോസഫ് വഴിയമ്പലങ്ങളില്‍ അന്വേഷിച്ചു. അവിടെയൊന്നും അവര്‍ക്ക് സ്ഥലം കിട്ടിയില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ യെശയ്യാ പ്രവാചകൻ പ്രവചിച്ചിരുന്നതു പോലെ “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും.അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍വിളിക്കും”.പ്രവചനം നിവൃത്തിയാകുകയും ഒടുവിൽ സ്ഥലം ഇല്ലായ്കയാൽ ശിശുവിനെ കാലിതൊഴുത്തിൽ അവർ കിടത്തുകയും ചെയ്തു.

post watermark60x60

അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്നു. ദൂതൻ അവർക്ക് പ്രത്യക്ഷനായി: ” സർവ്വജനത്തിനും ഉണ്ടാവാനുള്ളോരു മഹാ സന്തോഷം ഞാൻ അറിയിക്കുന്നു. ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” പെട്ടെന്ന് സ്വർഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് പാടി : “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം”.

ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം നമ്മള്‍ ക്രിസ്തുമസായി ആഘോഷിക്കുകയാണല്ലോ ഇന്ന്.നമ്മള്‍ ചിന്തിക്കുക, ക്രിസ്തു നമ്മോടു കൂടെ ഉണ്ടോ?? നമ്മള്‍ നടത്തുന്ന ക്രിസ്തുമസില്‍ നമ്മളോടൊപ്പം ക്രിസ്തു ഉണ്ടോ? ക്രിസ്തു നമ്മളോടൊപ്പം ഉണ്ടങ്കിലും മശിഹായെ നമ്മളില്‍ നിന്ന് അകറ്റുവാനല്ലേ നമ്മള്‍ ശ്രമിക്കുന്നത്. ക്രിസ്തുമസ് കാലയളവിലെ വിപണിയെയും മദ്യ വില്പനയെയും പറ്റി തൊട്ടടുത്ത ദിവസം മാധ്യമങ്ങൾ വാർത്തയാക്കാറുണ്ട്.ജനസംഖ്യയുടെ നല്ലൊരു ഭാഗം ജനങ്ങളും ദാരിദ്രരേഖയില്‍ താഴെ നില്‍ക്കുന്ന ഒരു രാജ്യത്താണ് ക്രിസ്തുമസ് കാലയളവിൽ റെക്കോർഡ് വില്പന നടക്കുന്നത്.ഏറ്റവും കൂടുതൽ നക്ഷത്രങ്ങൾ തെളിയുന്നതും ബാറുകൾക്ക് മുന്നിലായിരിക്കും.വിശന്നിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ക്രിസ്തുമസ് ആഘോഷം പങ്കുവെയ്ക്കലിന്റെ ദിനങ്ങൾ ആയിരിക്കണം.മറ്റുള്ളവർക്ക് പ്രത്യാശയും സമാധാനവും നല്കുന്ന ദിനങ്ങളായിരിക്കണം.എന്നാൽ ഇന്ന് എവിടെയും അശാന്തി നിറഞ്ഞ രാത്രികൾ..യേശുവിന്റെ ജീവനുവേണ്ടി സ്വന്തം ജീവന്‍ നല്‍കേണ്ടിവന്ന അനേകം കുഞ്ഞുങ്ങളുടെ നിലവിളി നാം ഇന്ന് വരെ ഓർത്തിട്ടുണ്ടോ? ‘റാമയില്‍ നിന്ന് ഉയര്‍ന്ന കരച്ചിലും നിലവിളിയും’. ഹെരോദാവ് ഉണ്ണിയേശുവിനെ നശിപ്പിക്കേണ്ടതിന്
ബേത്ലേഹിമിനും അതിരുകളിലും ഉള്ള രണ്ടുവയസിനു താഴെയുള്ള ആണ്‍കുട്ടികളെയെല്ലാം ആളയച്ച് കൊല്ലിച്ചു.എന്നാൽ യോസഫ് ശിശുവിനെയും മറിയയെയും കുട്ടി മിസ്രയിമിലേക്ക് ഓടി പോയതിനാൽ ശിശുവായ യേശുവിന്റെ ജീവൻ രക്ഷിക്കാൻ ഇടയായി.ആ ശിശുക്കളുടെ നിലവിളി നമ്മളെ എന്നെങ്കിലും പിന്‍‌തുടര്‍ന്നിട്ടുണ്ടോ?

ഇന്ന് വർദ്ധിച്ചു വരുന്ന കരോൾ സർവീസ് ധനസമാഹരണ മാർഗ്ഗമായി തെരെഞ്ഞെടുത്തിരിക്കുന്നു .ക്രിസ്തുവിന്റെ ഉയർപ്പിന്റെ ശക്തിയിൽ വിശ്വസിക്കാത്തവർ തിരുപിറവി സന്ദേശം അറിയിക്കാൻ ധൃതികൂട്ടുകയാണ്.

ഇന്ന് പുൽകൂട് വിപണിയും സജീവമാണ്.പുൽകൂട് നിർമ്മാണ മത്സരങ്ങൾ പോലും സംഘടിപ്പിക്കാറുണ്ട്.പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്; നമ്മുടെ ഉള്ളിലാണ്.നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. എത്രയോ തവണ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ?യേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക് കാണിക്കാനായി നക്ഷത്രം വഴികാട്ടിയായതുപോലെ നാം നിരാലംബ സമൂഹത്തിന്റെയും അവശത അനുഭവിക്കുന്ന ജനകോടികൾക്കും ആശ്വാസമാകുവാൻ ഒരു ദിവ്യതാരകമായി പ്രകാശിക്കാം. കഴിഞ്ഞ 15 വർഷമായി കുഷ്ട രോഗികളോടൊപ്പം ക്രിസ്മസ് ദിനം വേർതിരിച്ച് അവർക്ക് സ്വാന്ത്വനമാകുവാൻ ഞങ്ങളെ ഇടയാക്കിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നു.

“ഈ ചെറിയവരിൽ ഒരുവന് ചെയ്തതെല്ലാം എനിക്കായി ചെയ്തിരിക്കുന്നു ” എന്ന യേശു നാഥന്റെ സന്ദേശം ഇനി മുതൽ യാഥാർത്ഥ്യമാക്കുവാൻ നമ്മെ ഈ ദിനത്തിൽ സമർപ്പിക്കാം.സ്നേഹത്തിന്റെയും നന്മയുടെയും നക്ഷത്രങ്ങളായി നമുക്ക് ശോഭിക്കാം

-ADVERTISEMENT-

-ADVERTISEMENT-

You might also like