തൃശൂർ – എറണാകുളം റെയിൽവേ പാതയിൽ വൈദ്യുത ലൈൻ പൊട്ടി, ട്രെയിൻ ഗതാഗതം ഭാഗീകമായി സ്തംഭിച്ചു

എറണാകുളം: തൃശൂര്‍ – എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ സംഭവിച്ചതിനാല്‍ ഇരുഭാഗത്തേയ്ക്കുമുളള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അതിനാല്‍ ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്.ഇതോടെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായേക്കും. എപ്പോഴാണ് പ്രശ്‌നം പരിഹരിക്കുക എന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. എംപാനല്‍ പ്രശ്‌നമൂലം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടത്തോടെ മുടങ്ങിയതിനൊപ്പം ട്രെയിനുകള്‍ കൂടി വൈകുന്നത് യാത്ര ദുസ്സഹമാക്കുകയാണ്.

ഇന്ന് രാവിലെയാണ് തൃശൂര്‍ എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇരുഭാഗത്തേയ്ക്കുമുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്.പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം വിവിധയിടങ്ങളിലായി പിടിച്ചിട്ടുണ്ട്. കൃത്യസമയത്ത് ഓഫീസുകളില്‍ എത്തേണ്ടവര്‍ ഉള്‍പ്പെടെയുളളവരാണ് കുടുങ്ങികിടക്കുന്നത്. പ്രശ്‌നം എപ്പോള്‍ പരിഹരിക്കുമെന്ന വിവരവും റെയില്‍വേ ലഭ്യമാക്കിയിട്ടില്ല.

നിലവില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി റെയില്‍വേ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയാണ് ഓടുന്നത്. ഇരട്ടപ്പാത കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും ഏറ്റവും തിരക്കേറിയ ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചതിനെതിരെ പ്രതിഷേധം ശക്തവുമാണ്. കോട്ടയം പാതയില്‍ കൊല്ലത്തിനും ആലുവയ്ക്കുമിടയില്‍ പലയിടങ്ങളിലാണ് പണി നടക്കുന്നത്. ഒപ്പം ചങ്ങനാശേരി ചിങ്ങവനം ഇരട്ടപ്പാത 23ന് തുറക്കാനുളള ജോലികളുമുണ്ട്. ഇടപ്പളളിയിലെ ജോലികള്‍ നാളെ തീരുമെന്നാണ് പ്രതീക്ഷ. ഇന്നലെ മുംബൈ ജയന്തി, കേരള, ശബരി, പരശുറാം, നേത്രാവതി തുടങ്ങി യാത്രക്കാര്‍ മുഖ്യമായി ആശ്രയിക്കുന്ന ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടിയത്. ട്രെയിനുകള്‍ വൈകിയോടുന്നത് ശബരിമല തീര്‍ത്ഥാടകരെയും ബാധിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.